കേന്ദ്രമന്ത്രിക്കെതിരെ രേണുക ചൗധരി നോട്ടീസ് നൽകി

Saturday Feb 10, 2018
വെബ് ഡെസ്‌ക്‌


ന്യൂഡൽഹി > സാമൂഹ്യമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്ന് ആരോപിച്ച് ആഭ്യന്തര സഹമന്ത്രി കിരൺ റിജിജുവിനെതിരായി കോൺഗ്രസ് എംപി രേണുക ചൗധരി രാജ്യസഭയിൽ അവകാശലംഘനത്തിന് നോട്ടീസ് നൽകി. രാഷ്ട്രപതിയുടെ നന്ദിപ്രമേയചർച്ചയ്ക്കുള്ള മറുപടിക്കിടെ രേണുക ചൗധരി ചിരിച്ചപ്പോൾ രാമായണം സീരിയലിന് ശേഷം ഇത്തരത്തിലൊരു ചിരി ആദ്യം കേൾക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പരിഹസിച്ചിരുന്നു. എന്തെങ്കിലും അസുഖമുണ്ടെങ്കിൽ ഡോക്ടറെ കാണണമെന്ന് സഭാധ്യക്ഷൻ വെങ്കയ്യ നായിഡുവും പരാമർശം നടത്തി. മോഡി പരിഹസിക്കുന്ന വീഡിയോ ട്വിറ്ററിലൂടെ പ്രചരിപ്പിച്ചെന്ന് ആരോപിച്ചാണ് രേണുക അവകാശലംഘനത്തിന് നോട്ടീസ് നൽകിയത്.

കോൺഗ്രസിൽനിന്നുള്ള വനിതാ എംപിമാർ സഭാധ്യക്ഷൻ വെങ്കയ്യ നായിഡുവിനെ കണ്ട് പ്രധാനമന്ത്രിക്കെതിരായി പരാതിപ്പെടുകയുംചെയ്തു. പ്രധാനമന്ത്രിക്കെതിരായി അവകാശലംഘനത്തിന് നോട്ടീസ് നൽകുന്ന കാര്യവും ആലോചനയിലുണ്ടെന്ന് രേണുക മാധ്യമങ്ങളോട് പറഞ്ഞു.    
   
 

Tags :
രേണുക ചൗധരി കിരൺ റിജിജു നരേന്ദ്ര മോഡി