ഗര്‍ഭിണികള്‍ രാവിലെ യോഗ ചെയ്യുമ്പോള്‍ നിര്‍ബന്ധമായും ഇക്കാര്യം ശ്രദ്ധിക്കുക

സ്ത്രീകളുടെ ശരീരത്തില്‍ ധാരാളം മാറ്റങ്ങള്‍ ഉണ്ടാകുന്ന സമയമാണ് ഗര്‍ഭകാലം. ഹോര്‍മോണുകളുടെ വ്യതിയാനത്തിനും, അസ്ഥികളുടെയും നാഡികളുടെയും വളര്‍ച്ചയെയും സ്വാധീനിക്കാന്‍ യോഗയ്ക്ക് കഴിയും. ഇതിനുമുപരിയായി മാനസികമായ കരുത്തും നല്‍കും എന്നതിനാല്‍ യോഗ ഗര്‍ഭകാലത്ത് സ്ത്രീകള്‍ക്ക് വളരെ ഏറെ ഗുണം ചെയ്യും.

ഗര്‍ഭിണികള്‍ മൂന്ന് മാസത്തിനുശേഷം ലഘുവായ യോഗാഭ്യാസം ആരംഭിക്കാം. ഗര്‍ഭിണികളുടെ ശാരീരിക പ്രക്രിയകള്‍ക്ക് കൂടുതല്‍ ഉണര്‍വേകാന്‍ യോഗയ്ക്ക് സാധിക്കും. രക്തചംക്രമണം കൂടുതല്‍ വേഗത്തിലാക്കുകയും സന്ധികളുടെ ചലനം കൂടുതല്‍ അനായാസമാക്കുകയും ചെയ്യും.
ശാരീരികമായ കരുത്ത് നല്‍കുന്നതിനൊപ്പം വൈകാരികമായി കൂടുതല്‍ നിയന്ത്രണം നേടാനും അതുവഴി സാധിക്കും.പ്രസവം കൂടുതല്‍ അനായാസമാക്കാനും യോഗയ്ക്ക് സാധിക്കും.

Also Read: സുഖപ്രസവത്തിന് ഗര്‍ഭിണികള്‍ യോഗ നിര്‍ബന്ധമാക്കുക

ഇത് ശരീരത്തെ കൂടുതല്‍ വഴങ്ങുന്നതാക്കും എന്നതിനാല്‍ സ്വാഭാവിക പ്രസവത്തെ കൂടുതല്‍ ബുദ്ധിമുട്ടുകളില്ലാതെ നിര്‍വഹിക്കാന്‍ സാധിക്കും. അരക്കെട്ട്, പുറം, കൈകാലുകള്‍, തോളുകള്‍ തുടങ്ങിയവയ്ക്ക് കരുത്തു നേടാന്‍ യോഗ സഹായിക്കും.

യോഗ പരിശീലിക്കുമ്പോള്‍

1. യോഗാഭ്യാസം ആരംഭിക്കുന്നതും അവസാനിപ്പിക്കുന്നതും ധ്യാനത്തോടെയായിരിക്കണം.
2. ആന്തരിക,ബാഹ്യശുദ്ധി യോഗാഭ്യാസത്തിനു പ്രധാനമാണ്. വൃത്തിയുള്ളതും ശുദ്ധ വായു സഞ്ചാരമുള്ളതുമായ തുറന്ന സ്ഥലമാവണം
യോഗാഭ്യാസത്തിനായി തിരഞ്ഞെടുക്കേണ്ടത്.

3. യോഗപരിശീലനം ആരംഭിക്കുന്നതിനു മുന്നോടിയായി ഡോക്ടറുടെ ഉപദേശം തേടി, വിദഗ്ധനായ ഗുരുവിന്റെ മേല്‍നോട്ടത്തില്‍ യോഗ പരിശീലിക്കുക.

4. പ്രഭാത കര്‍മ്മങ്ങള്‍ക്ക് ശേഷമാണ് യോഗ അഭ്യസിക്കേണ്ടത്. മിക്കവാറും ഒഴിഞ്ഞ വയറോടെയാണ് യോഗ പരിശീലിക്കേണ്ടത്. രാവിലെ കാപ്പിയോ ചായയോ നിര്‍ബന്ധമാണെങ്കില്‍ അത് ഉപയോഗിക്കുന്നതില്‍ തെറ്റില്ല.

5. ശുദ്ധവായു കിട്ടുന്ന സ്ഥലത്ത് യോഗ അഭ്യസിക്കാവുന്നതാണ്.

6. ഒരു പായ വിരിച്ച് അതില്‍ യോഗ അഭ്യസിക്കുക.
7. യോഗ ചെയ്യുമ്പോള്‍ കഴിവതും ഫാന്‍ ഒഴിവാക്കണം.

8. കമിഴ്ന്ന് കിടന്നുള്ള ആസന പരിശീലനങ്ങള്‍ ഒഴിവാക്കുക.
9. ഓരോ ആസനങ്ങള്‍ക്കുശേഷവും ശവാസനം(വിശ്രമം) പരീക്ഷിക്കുക.

10. പനിയുള്ള സമയത്ത് വിശ്രമമാണാവശ്യം. പനി വിട്ടുമാറും വരെ യോഗപരിശീലനം ഒഴിവാക്കുക.
11. യോഗ പരിശീലനം കഴിഞ്ഞ് 10 മിനിറ്റ് വിശ്രമിച്ച ശേഷമേ മറ്റ് കാര്യങ്ങളില്‍ ഏര്‍പ്പെടാവു.