നൂറില്‍ നൂറടിച്ച് ധവാന്‍, ഒപ്പം റെക്കോര്‍ഡും

ജോഹന്നാസ്ബര്‍ഗ്: തന്റെ കരിയറിലെ നൂറാം ഏകദിനത്തില്‍ സെഞ്ചുറി നേടിയിരിക്കുകയാണ് ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ നാലാം ഏകദിനത്തില്‍ 99 പന്തില്‍ നിന്നാണ് ധവാന്‍ സെഞ്ചുറി നേടിയത്. 10 ബൗണ്ടറിയും രണ്ട് സിക്‌സും അടങ്ങുന്നതായിരുന്നു ധവാന്റെ ഇന്നിംഗ്‌സ്. ഇതോടെ ഒരു റെക്കോര്‍ഡും ധവാന്‍ സ്വന്തം പേരിനൊപ്പം കുറിച്ചു. മറ്റൊന്നുമല്ല 100-ാം ഏകദിനത്തില്‍ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന്‍ താരം എന്ന റെക്കോര്‍ഡാണ് ധവാന്‍ സ്വന്തമാക്കിയത്.

തന്റെ ഏകദിന കരിയറിലെ 13-ാം സെഞ്ചുറിയാണ് ദക്ഷണാഫ്രിക്കയ്ക്ക് എതിരെ ധവാന്‍ നേടിയത്. നൂറാം മത്സരത്തില്‍ 100 തികച്ച ലോക ക്രിക്കറ്റിലെ ഒമ്പതാമത്തെ താരമാണ് ധവാന്‍. ജോര്‍ഡണ്‍ ഗ്രീനിഡ്ജ്, ക്രിസ് ക്രെയ്ന്‍സ്, യൂസഫ് യൊഹാന, കുമാര്‍ സംഗക്കാര, ക്രിസ് ഗെയ്ല്‍, മാര്‍കസ് ട്രെസ്‌ക്കോത്തിക്, രാംനരേഷ് സര്‍വാന്‍, ഡേവിഡ് വാര്‍ണര്‍ എന്നിവരാണ് മുമ്പ് ഈ നേട്ടം കൈവരിച്ചിട്ടുള്ളത്.