അമേരിക്കയിൽ രണ്ടാമത്തെ അടച്ചുപൂട്ടൽ; ധനകാര്യബിൽ പാസാക്കി

Saturday Feb 10, 2018
വെബ് ഡെസ്‌ക്‌

വാഷിങ്ടൺ > അമേരിക്കയിൽ സാമ്പത്തികപ്രതിസന്ധിയെതുടർന്ന് രണ്ടാമത്തെ അടച്ചുപൂട്ടൽ. മണിക്കൂറുകൾക്കുശേഷം പുതിയ ധനകാര്യ ബിൽ പാസാക്കി പ്രശ്‌നത്തിന് പരിഹാരം കണ്ടെത്തി. ബിൽ പാസാക്കുന്നതിൽ റിപ്പബ്ലിക്കൻ സെനറ്റർ റാൻഡ് പോളിന്റെ എതിർപ്പാണ് അടച്ചുപൂട്ടലിലേക്ക് നയിച്ചത്. വ്യാഴാഴ്ച രാത്രി പതിനൊന്നോടെയാണ് പ്രതിസന്ധി ആരംഭിച്ചത്. ബില്ലിന്മേൽ റാൻഡ് പോൾ വോട്ട് ചെയ്യാതിരുന്നതാണ് കാരണം. ഇതോടെ അർധരാത്രിക്കുശേഷം സെനറ്റ് വീണ്ടും കൂടാൻ ആലോചിക്കുകയായിരുന്നു. പിന്നീട് പോളും അനുകൂലനിലപാട് എടുത്തതോടെ ബിൽ പാസായി.

അടുത്ത തൊഴിൽദിനം ആരംഭിക്കുന്നതുവരെ തുടരുമെന്ന്  പ്രതീക്ഷിച്ച പ്രതിസന്ധി ബിൽ പാസായതോടെ അവസാനിച്ചതായി വൈറ്റ്ഹൗസ് വൃത്തങ്ങൾ അറിയിച്ചു.
പ്രതിരോധം, ആഭ്യന്തരസേവനങ്ങൾ എന്നിവയിൽ ചെലവ് വർധിപ്പിക്കുന്നതാണ് രണ്ടുവർഷത്തേക്കുള്ള പുതിയ ബജറ്റ്. മൂന്നാഴ്ചമുമ്പുണ്ടായ ആദ്യത്തെ അടച്ചുപൂട്ടലിൽ മൂന്നുദിവസം സർക്കാർ പ്രവർത്തനങ്ങൾ തടസ്സപ്പെട്ടിരുന്നു. 

Tags :
അമേരിക്ക സാമ്പത്തികപ്രതിസന്ധി