സ്‌പാർക്ക് ചോർച്ചയെന്ന പ്രചാരണം അടിസ്ഥാനരഹിതം

Saturday Feb 10, 2018
വെബ് ഡെസ്‌ക്‌



തിരുവനന്തപുരം > സംസ്ഥാന സർക്കാർ ജീവനക്കാരുടെ വിവര ശേഖരമായ സ് പാർക്കിൽനിന്ന് വിവരങ്ങൾ ചോരുന്നുവെന്ന പ്രചാരണം തെറ്റാണെന്ന് ധനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

കംപ്യൂട്ടറും ഇന്റർനെറ്റ് സൗകര്യവുമില്ലാത്ത ചില ഓഫീസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ശമ്പളം പിൻവലിച്ച് വിതരണംചെയ്യാൻ ഉത്തരവാദിത്തമുള്ള ഉദ്യോഗസ്ഥരും പ്രധാന അധ്യാപകരും അക്ഷയ കേന്ദ്രങ്ങൾ അടക്കമുള്ള കംപ്യൂട്ടർ സ്ഥാപനങ്ങളെ ആശ്രയിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായി പാലക്കാട് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഈ നടപടി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കുലർ ഇറക്കി.

ഇതിന്റെ ചുവടുപിടിച്ചാണ് സ് പാർക്കിൽനിന്ന് വിവരങ്ങൾ ചോരുന്നുവെന്ന പ്രചാരണം നടക്കുന്നതെന്ന് ധനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
സ്പാർക്കിലെ പാസ്‌വേർഡ് ഏതെങ്കിലും ജീവനക്കാരൻ ഇന്റർനെറ്റ് കഫേകളിലോ മറ്റോ നൽകിയാൽ അവർക്ക് ആ ഓഫീസിലെ വിവരങ്ങൾ വേണമെങ്കിൽ ചോർത്താം. ഇങ്ങനെ പാസ്‌വേർഡ് നൽകുന്ന രീതി പലയിടത്തും പിന്തുടരുന്നുണ്ടെന്നതും അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരം ജോലികൾ ചെയ്യുന്ന കൺസൾട്ടന്റുമാരുമുണ്ട്. ഇക്കാര്യത്തിൽ വേണ്ടത്ര ജാഗ്രത വേണമെന്നാണ് ധനവകുപ്പിന്റെ നിലപാട്. എന്നാൽ, ആധാർ പദ്ധതിയിൽ ആരോപിക്കപ്പെട്ടതുപോലെ കേന്ദ്രീകൃതമായി നടത്തുന്ന വിവരചോർച്ച സ്പാർക്കിന്റെ കാര്യത്തിൽ നടത്താനാകില്ല.

സർക്കാർതലത്തിൽ വെബ്‌സൈറ്റുകൾ ഹോസ്റ്റ് ചെയ്യാനും നിലനിർത്താനും മാർഗനിർദേശങ്ങളുണ്ട്. സുരക്ഷാ മാനദണ്ഡങ്ങൾ നിഷ്‌കർഷിച്ചിട്ടുമുണ്ട്. ഏതെങ്കിലും തരത്തിലുള്ള വിവരചോർച്ച ഒഴിവാക്കാനുള്ള മുൻകരുതലിന്റെ ഭാഗമായാണ് പാലക്കാട് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഇക്കാര്യം ഓർമപ്പെടുത്തി സർക്കുലർ അയച്ചത്.

സ് പാർക്ക് ഉൾപ്പെടെയുള്ള രേഖകൾ അതത് ഓഫീസിൽതന്നെ കർശനമായി കൈകാര്യം ചെയ്യാനും പാസ്‌വേർഡ് തോന്നിയപോലെ കൈമാറാതിരിക്കാനും ജാഗ്രത കാട്ടണമെന്നാണ് ധനവകുപ്പിൽനിന്നുള്ള നിർദേശം.
 

Tags :
സ് പാർക്ക്