കൊച്ചി > ബസ് ചാർജ് വർധിപ്പിക്കണമെന്ന ആവശ്യം അംഗീകരിച്ചില്ലെങ്കിൽ 16 മുതൽ സംസ്ഥാനത്തെ സ്വകാര്യ ബസുകൾ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കുമെന്ന് ബസുടമകളുടെ കോഓർഡിനേഷൻ കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. ചാർജ് വർധിപ്പിക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞശേഷം ചേർന്ന രണ്ടു മന്ത്രിസഭാ'യോഗത്തിലും വിഷയം ചർച്ചയ്ക്കുവന്നില്ല. ഈ അവഗണനയിൽ പ്രതിഷേധിച്ചാണ് പണിമുടക്കിലേക്ക് നീങ്ങേണ്ടിവന്നതെന്ന് പ്രസിഡന്റ് ലോറൻസ് ബാബു, സെക്രട്ടറി ടി ഗോപിനാഥ് എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
വിദ്യാർഥികളുടെ യാത്രാനിരക്കിലും ആനുപാതിക വർധനവേണം. മിനിമംചാർജ് 10 രൂപയാക്കുക, വിദ്യാർഥികളുടെ യാത്രാനിരക്ക് അഞ്ചുരൂപയാക്കുക, മിനിമംചാർജിനുശേഷമുള്ള ദൂരം സഞ്ചരിക്കുന്ന വിദ്യാർഥികളിൽനിന്ന് നിരക്കിന്റെ 50 ശതമാനം ഈടാക്കാൻ അനുവദിക്കുക, സ്വകാര്യ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർഥികളെ ഇളവിൽനിന്ന് ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഉടമകൾ മുന്നോട്ടുവയ്ക്കുന്നത്. വിദ്യാർഥികളുടെ യാത്രാനിരക്കിൽ സ്വീകാര്യമായ വർധന വരുത്തിയില്ലെങ്കിൽ സമരത്തിൽനിന്ന് പിന്മാറില്ലെന്നും നേതാക്കൾ പറഞ്ഞു.