കെ ടി ജലീലിന്റെ ചിത്രം മോർഫ്ചെ‌യ്‌ത് അപവാദ പ്രചരണം ;യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ വിമാനത്താവളത്തിൽ പിടി‌യിൽ

Saturday Feb 10, 2018
വെബ് ഡെസ്‌ക്‌

തിരൂര്‍ > മന്ത്രി കെ ടി ജലീലിന്റെ ഫോട്ടോ മോർഫ് ചെ‌യ്ത് സമൂഹമാധ്യമങ്ങളില്‍ അപവാദ പ്രചാരണം നടത്തിയ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ വിമാനത്താവളത്തിൽ പിടി‌യിൽ.  ഗള്‍ഫില്‍നിന്ന് നാട്ടിലേക്ക് വരുന്നതിനിടെ നെടുമ്പാശേരി വിമാനത്താവളത്തിലാണ് അറസ്റ്റിലായത്. കുറ്റിപ്പുറം നടുവട്ടം പറമ്പാടന്‍ ഹൈദ്രോസിന്റെ മകന്‍ സമീര്‍ ബാബു (34)വിനെയാണ് പൊലീസ് അറസ്റ്റുചെയ്തത്.

ഒരുവര്‍ഷംമുമ്പാണ് കേസിനാസ്പദമായ സംഭവം. ഫെയ്സ്ബുക്കിലൂടെ വ്യാജ ഐഡിയുണ്ടാക്കി മന്ത്രിയുടെയും ഒരു സ്ത്രീയുടെയും ഫോട്ടോ ചേര്‍ത്ത് പ്രചരിപ്പിക്കുകയായിരുന്നു. തുടര്‍ന്ന്, മന്ത്രി സൈബര്‍ സെല്ലില്‍ പരാതി നല്‍കി. പ്രതി ദുബായില്‍ ജോലിചെയ്യുകയാണെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് എല്ലാ വിമാനത്താവളങ്ങളിലും ലുക്ക് ഔട്ട് നോട്ടീസ് നല്‍കി. വ്യാഴാഴ്ച നെടുമ്പാശേരിയില്‍ ഇറങ്ങുന്നതിനിടെ  സമീര്‍ ബാബുവിനെ ക്രൈം ബ്രാഞ്ച് അറസ്റ്റുചെയ്യുകയായിരുന്നു. പ്രതിയെ സൈബര്‍ സെല്ലിന് കൈമാറി. ചോദ്യം ചെ‌യ്തശേഷം ജാമ്യത്തിൽ വിട്ടു.

Tags :
k t jaleel cyber cell കെ ടി ജലീൽ അപവാദ പ്രചരണം ‌യൂത്ത് ലീഗ് . സൈബർ സെൽ