ശ്രീജിത്തിന്റെ സുഹൃത്ത് ചെങ്ങന്നൂരില്‍ സ്ഥാനാര്‍ത്ഥി

തിരുവനന്തപുരം: പോലീസ് കസ്റ്റഡിയിലിരിക്കെ മരിച്ച അനിയന്‍ ശ്രീജീവിന്റെ കൊലയാളികളെ ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ചെയ്ത ശ്രീജിത്ത് ചെങ്ങന്നൂരിലേക്ക് എത്തുമെന്ന് വിവരം. ശ്രീജിത്തിന്റെ അടുത്ത സുഹൃത്ത് ആന്‍ഡേഴ്‌സണ്‍ എഡ്വേഡ് ചെങ്ങന്നൂരില്‍ മത്സരിക്കുന്നുണ്ട്.

ശ്രീജിത്തിന്റെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചെത്തിയ രമേശ് ചെന്നിത്തല, സമരപ്പന്തലില്‍ തന്നെ ചോദ്യം ചെയ്ത യുവാവിനോട് നീയാരാണ് എന്ന് ചോദിച്ചപ്പോള്‍ ‘ഞാന്‍ പൊതുജനമാണ് സാര്‍’ എന്ന ആന്‍ഡേഴ്‌സണ്‍ന്റെ വാക്കുകള്‍ സാമൂഹ്യ മാധ്യമങ്ങള്‍ ഏറ്റെടുത്തിരുന്നു.

ചെങ്ങന്നൂരില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് ഫേസ്ബുക്ക് ലൈവില്‍ എത്തിയാണ് ആന്റേഴ്‌സണ്‍ പറഞ്ഞത്. താന്‍ വിജയിച്ചില്ലെങ്കിലും രാഷ്ട്രീയക്കാരെ പാഠം പഠിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സാധാരണക്കാരനെ വിലയില്ലാത്ത രാഷ്ട്രീയ നേതാക്കളാണ് ഇന്നുള്ളത്. ഈ രാഷ്ട്രീയക്കാര്‍ക്കെതിരെ യുവാക്കളെ അണിനിരത്തും, സോഷ്യല്‍ മീഡിയയുടെ പിന്തുണയാണ് തനിക്കുള്ളത്, പൊതുജനം ആരാണെന്ന് ചില രാഷ്ട്രീയക്കാരെ അറിയിക്കേണ്ടതുണ്ടെന്നും ആന്‍ഡേഴ്‌സണ്‍ പറഞ്ഞു.