സഹകരണ കോൺഗ്രസിന് പതാക ഉയർന്നു

Saturday Feb 10, 2018
വെബ് ഡെസ്‌ക്‌

കണ്ണൂർ > മൂന്ന് ദിവസങ്ങളിലായി കണ്ണൂരിൽ നടക്കുന്ന   എട്ടാമത് സഹകരണ കോൺഗ്രസിന് പതാക ഉയർന്നു. പൊതുസമ്മേളനവേദിയായ കലക്ടറേറ്റ് മൈതാനിയിൽ സംസ്ഥാന സഹകരണ യൂണിയൻ കൺവീനർ കോലിയക്കോട് എൻ കൃഷ്ണൻ നായരാണ് നൂറുകണക്കിന് സഹകാരികളെ സാക്ഷിനിർത്തി  പതാക ഉയർത്തിയത്. സമ്മേളനത്തിന്റെ തീം സോങ്ങ് കവി കരിവെള്ളൂർ മുരളി കോലിയക്കോട് എൻ കൃഷ്ണൻ നായർക്ക് നൽകി പ്രകാശനം ചെയ്തു.

തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിൽനിന്ന് കൺസ്യൂമർ ഫെഡ് ചെയർമാൻ എം മെഹബൂബിന്റെ നേതൃത്വത്തിൽ പതാകയും മഞ്ചേശ്വരത്തുനിന്ന് സഹകരണ നിക്ഷേപ ഗ്യാരണ്ടി ബോർഡ് വൈസ് ചെയർമാൻ പി ഹരീന്ദ്രന്റെ നേതൃത്വത്തിൽ കൊടിമരവും കൊണ്ടുവന്നു. ഇരുജാഥകളും കെഎസ്ആർടിസി ജങ്ഷനിൽ സംഗമിച്ച് പൊതുസമ്മേളന നഗരിയായ കലക്ടറേറ്റ് മൈതാനിയിലേക്ക് ഘോഷയാത്രയായാണ് നീങ്ങിയത്. വാദ്യഘോഷങ്ങളും മുത്തുക്കുടകളും കരിമരുന്ന് പ്രയോഗവും ഘോഷയാത്രയെ അവിസ്മരണീയമാക്കി. പതാക സംസ്ഥാന സഹകരണയൂണിയൻ മാനേജിങ് കമ്മിറ്റി അംഗം കെ കെ നാരായണനും കൊടിമരം സംസ്ഥാന കാർഷിക വികസന ബാങ്ക് എക്‌സിക്യൂട്ടീവ് അംഗം കെ എം ജോസഫും ഏറ്റുവാങ്ങി. 

കഴിഞ്ഞ മൂന്നിന് പാളയം രക്തിസാക്ഷി മണ്ഡപത്തിൽ സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്ത പതാകജാഥ 13 ജില്ലകളിൽനിന്നുള്ള ഊഷ്മള സ്വീകരണങ്ങൾ ഏറ്റുവാങ്ങിയാണ് വെള്ളിയാഴ്ച കണ്ണൂരിലെത്തിയത്. എം നാരായണൻകുട്ടി, എ പ്രദീപൻ എന്നിവരായിരുന്നു ഡെപ്യൂട്ടി ലീഡർമാർ. പി പി സുനിലൻ ജാഥാ മനേജരുമായിരുന്നു. 

വ്യാഴാഴ്ച മഞ്ചേശ്വരത്തുനിന്ന് സി എച്ച് കുഞ്ഞമ്പു ഉദ്ഘാടനം ചെയ്ത കൊടിമര ജാഥ വെള്ളിയാഴ്ച രാവിലെ കരിവെള്ളൂരിൽനിന്നാണ് ജില്ലയിൽ പ്രവേശിച്ചത്. മുണ്ടേരി ഗംഗാധരൻ, സി വി ശശീന്ദ്രൻ എന്നിവർ ഡെപ്യൂട്ടി ലീഡർമാരും കെ ജയചന്ദ്രൻ മാനേജരുമായിരുന്നു.  അഞ്ചുവർഷത്തിലൊരിക്കലാണ് സഹകരണ കോൺഗ്രസ്. ഇതരസംസ്ഥാനങ്ങളിൽനിന്നുള്ള മന്ത്രിമാർ, സഹകാരികൾ, ജനപ്രതിനിധികൾ, സഹകരണമേഖലയിലെ വിദഗ്ധർ, ഉന്നത ഉദ്യോഗസ്ഥർ, രാഷ്ട്രീയ പ്രവർത്തകർ എന്നിവരടക്കം 3000 പ്രതിനിധികൾ പങ്കെടുക്കും.  17 ദേശീയഅന്തർദേശീയ സെമിനാറുകളും ചർച്ചകളും ഇതിന്റെ  ഭാഗമായി നടക്കും.

ഒരു ലക്ഷം പേർ പങ്കെടുക്കുന്ന വർണാഭമായ ഘോഷയാത്രയോടെയും കലക്ടറേറ്റ് മൈതാനിയിൽ നടക്കുന്ന പൊതുസമ്മേളനത്തോടെയും 12നാണ് കോൺഗ്രസ് സമാപിക്കുക.
 

Tags :
സഹകരണ കോൺഗ്രസ