
തൃശൂര്‍ > സ്വന്തം ശരീരത്തെ മുന്‍നിര്‍ത്തിയുള്ള സമരംകൊണ്ടുമാത്രമേ സ്ത്രീശാക്തീകരണം പൂര്‍ണമായ അർഥത്തിൽ നേടിയെടുക്കാനാവൂവെന്ന് ഡോ. എസ് ശാരദക്കുട്ടി പറഞ്ഞു. പുരുഷന്റെ ശരീരംകൊണ്ട് തങ്ങളെ മലിനമാക്കാനാവില്ലെന്ന ചങ്കൂറ്റത്തോടെ ജീവിതത്തെ ധീരമായി നേരിടുന്ന കാലത്തിലേക്കാണ് ലോകം പ്രവേശിച്ചുകൊണ്ടിരിക്കുന്നതെന്നും അവര്‍ പറഞ്ഞു. സാഹിത്യ അക്കാദമിയുടെ ദേശീയപുസ്തകോത്സവത്തോടനുബന്ധിച്ച് 'ഐക്യകേരളത്തിലെ സ്ത്രീജീവിതവും ഇന്ത്യയും' എന്ന സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ശാരദക്കുട്ടി.
എണ്‍പതുകള്‍ക്ക് മുമ്പുള്ള സ്ത്രീആത്മകഥകള്‍ ചേട്ടന്റെ നിഴലിലും വ്യാഴവട്ടസ്മരണകളിലും നിറഞ്ഞുനിന്നു. അതിനുശേഷം വന്ന വിനയ എന്ന ?പാലീസുകാരിയുടെയും ഭാഗ്യലക്ഷ്മിയുടെയും സി. ജസ്മിയുടെയും മയിലമ്മയുടെയും ആത്മകഥകള്‍ പോരാട്ടത്തിന്റെ കഥകളാണ് പറയുന്നത്. ജീവിതത്തെ സ്വയം നിര്‍മിച്ചെടുക്കുന്ന സ്വാതന്ത്യ്രത്തിനുവേണ്ടിയുള്ള നിരന്തരമായ ജാഗ്രത പുതിയ സ്ത്രീആത്മകഥകളില്‍ തുടിക്കുന്നുണ്ടെന്നും ശാരദക്കുട്ടി പറഞ്ഞു.
മന്ത്രി വി എസ് സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. പുതിയ സാമൂഹികഘടന കെട്ടിപ്പടുക്കുന്നതില്‍ സ്ത്രീപോരാളികളുടെ വലിയ പങ്കാളിത്തമുണ്ടായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പ്രൊഫ.സാവിത്രി ലക്ഷ്മണന്‍ അധ്യക്ഷയായി. ആര്‍ പാര്‍വതീദേവി, ബിലു പത്മിനി നാരായണന്‍, ഡോ. ഡി ഷീല, ശ്രീലത, ടി എ ഫസീല എന്നിവരും സംസാരിച്ചു.