
ന്യൂഡൽഹി > ഓസ്‌ട്രേലിയയിൽ അദാനിഗ്രൂപ്പ് നടത്തിയ നികുതിവെട്ടിപ്പ് പുറത്തുകൊണ്ടുവന്ന മാധ്യമപ്രവർത്തകർക്ക് ഇന്ത്യ വിസ നിഷേധിച്ചു. ഇന്ത്യൻവംശജയായ അമൃത സ്ലീ അടക്കമുള്ളവർക്കാണ് ഇന്ത്യയിലേക്കുള്ള വിസ കേന്ദ്രസർക്കാർ നിഷേധിച്ചത്. അദാനിക്കെതിരായ വാർത്തകളാണ് വിസ നിഷേധിക്കാൻ കാരണമായതെന്ന് അമൃത സ്ലീ പ്രതികരിച്ചു.
ഓസ്‌ട്രേലിയൻ വിദേശവകുപ്പിന്റെ നിയന്ത്രണത്തിലുള്ള ഓസ്‌ട്രേലിയ ഇന്ത്യ കൗൺസിലിന്റെ സാമ്പത്തിക സഹായത്തോടെയാണ് അമൃത സ്ലീയും സഹപ്രവർത്തകരും ഇന്ത്യയെക്കുറിച്ച് റിപ്പോർട്ട് തയ്യാറാക്കാൻ പദ്ധതിയിട്ടത്. ഇന്ത്യയിലെ പ്രമുഖരുമായും സാധാരണക്കാരുമായി സംസാരിച്ചാണ് റിപ്പോർട്ട് തയ്യാറാക്കാനിരുന്നത്. സിഡ്‌നിയിലെ ഇന്ത്യൻ നയതന്ത്രകാര്യാലയത്തിൽ കഴിഞ്ഞ നവംബറിലാണ് വിസയ്ക്കായി അപേക്ഷിച്ചത്. ജനുവരിവരെ കാക്കേണ്ടിവരുമെന്ന് അധികൃതർ അറിയിച്ചു. ഈ സമയം കഴിഞ്ഞിട്ടും സ്ലീക്കും ഒപ്പമുള്ള മൂന്നുപേർക്കും വിസ കിട്ടിയില്ല. നിരവധി തവണ അന്വേഷിച്ചു. ഇമെയിലും അയച്ചു. ഒന്നിനും മറുപടി ലഭിച്ചില്ല. ഡൽഹിയിൽ വിളിച്ചിട്ടും കൃത്യമായ പ്രതികരണമില്ലെന്ന് അമൃത സ്ലീ പറഞ്ഞു.
അദാനിഗ്രൂപ്പിന്റെ കൽക്കരിപ്പാടങ്ങളെക്കുറിച്ച് കഴിഞ്ഞവർഷം എബിസി ന്യൂസ് പുറത്തുവിട്ട വാർത്തയാണ് വിസ നിഷേധത്തിനുള്ള കാരണമെന്ന് ഓസ്‌ട്രേലിയൻ അധികൃതർ സൂചിപ്പിച്ചതായി അമൃത സ്ലീ പറഞ്ഞു. ''മഹാന്മാരായ നേതാക്കൾ സ്വാതന്ത്ര്യം നേടിത്തന്ന ഇന്ത്യയിൽ മാധ്യമസ്വാതന്ത്ര്യം നിലനിൽക്കുന്നുണ്ടെന്ന എന്റെ പ്രതീക്ഷ തെറ്റി. എന്റെ വിശ്വാസം ശരിയല്ലെന്ന് ഇന്ത്യയിലെ സുഹൃത്തുക്കൾ കുറച്ചുകാലമായി പറയാറുണ്ടായിരുന്നു. കടുപ്പമേറിയ സത്യം എനിക്ക് ഇപ്പോൾ നേരിട്ട് ബോധ്യമായിരിക്കുന്നു'' അമൃത സ്ലീ പറഞ്ഞു. അതേസമയം, എബിസി ന്യൂസിലെ മാധ്യമപ്രവർത്തകർ ഈയിടെ വിസാ നിയമങ്ങൾ ലംഘിച്ച സാഹചര്യത്തിലാണ് അമൃത സ്ലീയുടെയും കൂട്ടരുടെയും അപേക്ഷ തള്ളിയതെന്ന് സിഡ്‌നിയിലെ ഇന്ത്യൻ നയതന്ത്രകാര്യാലയം അറിയിച്ചു.
അദാനിഗ്രൂപ്പ് ഓസ്‌ട്രേലിയയിൽ ഏറ്റെടുത്ത കൽക്കരിപ്പാടം ഉൾപ്പെടെയുള്ള സംരംഭങ്ങൾ, അദാനി കുടുബാംഗങ്ങൾ ഉൾപ്പെട്ട 'അതുല്യ റിസോഴ്‌സസ്' എന്ന കമ്പനിയുടെ പേരിലാണെന്ന് എബിസി ന്യൂസാണ് പുറത്തുകൊണ്ടുവന്നത്. എന്നാൽ, അദാനിഗ്രൂപ്പ് ഓസ്‌ട്രേലിയൻ ആദായനികുതിവകുപ്പിനു നൽകിയ റിട്ടേണിൽ അതുല്യയെക്കുറിച്ച് പരാമർശിക്കുന്നില്ല. കള്ളപ്പണം വിദേശത്തേക്ക് കടത്തിയ കേസിൽ ഇന്ത്യ അന്വേഷിക്കുന്ന വിനോദ് അദാനിയാണ് അതുല്യയുടെ ചെയർമാൻ. അദാനിഗ്രൂപ്പിന്റെ ചെയർമാൻ ഗൗതം അദാനിയുടെ ഏറ്റവും മൂത്ത സഹോദരനാണ് വിനോദ്. കള്ളപ്പണനിക്ഷേപകേന്ദ്രമായ ബ്രിട്ടീഷ് വെർജിൻ ഐലൻഡിൽ രജിസ്റ്റർ ചെയ്ത സ്ഥാപനമാണ് അതുല്യ റിസോഴ്‌സസിനു പിന്നിലെന്ന വിവരവും എബിസി പുറത്തുകൊണ്ടുവന്നിരുന്നു.
നരേന്ദ്രമോഡി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെയാണ് അദാനിഗ്രൂപ്പ് വളർന്നത്. മോഡി പ്രധാനമന്ത്രിയായശേഷം മുന്നേറ്റം പതിന്മടങ്ങായി. വിദേശയാത്രകളിൽ മോഡിയെ സ്ഥിരമായി ഗൗതം അദാനി അനുഗമിക്കാറുണ്ട്. ഇറക്കുമതി ചെയ്ത വൈദ്യുതോൽപാദന ഉപകരണങ്ങളുടെയും കൽക്കരിയുടെയും വിലയിൽ 5,500 കോടി രൂപ പെരുപ്പിച്ചുകാട്ടിയെന്ന കേസിൽ അദാനിഗ്രൂപ്പിനെതിരായ നിയമനടപടികൾ മോഡി സർക്കാർ ഉപേക്ഷിച്ചിരുന്നു.
കള്ളപ്പണം വെളുപ്പിക്കാനും ഇറക്കുമതി ചെലവ് കൂടിയെന്ന പേരിൽ വൈദ്യുതിവില വർധിപ്പിക്കാനുമായിരുന്നു ഇത്. അദാനിഗ്രൂപ്പിന്റെ ഓസ്‌ട്രേലിയയിലെ പദ്ധതികൾക്കായി എസ്ബിഐ തിരക്കിട്ട് 6,000 കോടി രൂപയുടെ വായ്പ അനുവദിച്ചതും വിവാദമായിരുന്നു. 65,000 കോടിയോളം രൂപയാണ് അദാനിഗ്രൂപ്പിന്റെ മൊത്തം ബാങ്ക് വായ്പ.