
തിരുവനന്തപുരം > സംസ്ഥാന സർക്കാരിന്റെ സ്വപ്‌നപദ്ധതിയായ ലൈഫ് മിഷൻ വഴി 5951 വീടുകളുടെ പണി പൂർത്തിയായി. ജനുവരി 31വരെയുള്ള കണക്കാണിത്.
ഗ്രാമപഞ്ചായത്തുകളിൽ 174, ബ്ലോക്ക് പഞ്ചായത്തുകളിൽ 2174, ജില്ലാ പഞ്ചായത്തുകളിൽ രണ്ട്, മുനിസിപ്പൽ കോർപറേഷനുകളിൽ 532, പട്ടികജാതി വകുപ്പിൽ 1381, പട്ടികവർഗവകുപ്പിൽ 1662, ഫിഷറീസ് വകുപ്പിൽ 16, ന്യൂനപക്ഷക്ഷേമ വകുപ്പിൽ 10 എന്നിങ്ങനെയാണ് ഇതുവരെ പണി പൂർത്തിയാക്കിയത്. ബാക്കി 60799 വീടുകളുടെ പണി പൂർത്തിയാക്കാനുള്ള തീവ്രശ്രമത്തിലാണ് ലൈഫ് മിഷൻ. എല്ലാ വാർഡിലും കർമസമിതി രൂപീകരിച്ച് ഗൃഹസന്ദർശനം അടക്കമുള്ള പ്രവർത്തനം നടന്നുവരികയാണെന്ന് മിഷൻ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.
201516 സാമ്പത്തികവർഷംവരെ വിവിധ സർക്കാർ പദ്ധതികൾപ്രകാരം ഭവനനിർമാണത്തിന് ധനസഹായം ലഭ്യമാക്കിയിട്ടും വ്യത്യസ്തകാരണങ്ങളാൽ പൂർത്തിയാക്കാൻ കഴിയാത്ത കുടുംബങ്ങൾക്ക് കിടപ്പാടം യാഥാർഥ്യമാക്കുകയെന്നതാണ് ഒന്നാംഘട്ട ദൗത്യം. മറ്റു പദ്ധതികളിൽനിന്ന് വ്യത്യസ്തമായി വീട് പൂർത്തിയാക്കാനായി ഗുണഭോക്താക്കൾക്ക് മുൻകൂട്ടി പണം നൽകാനുള്ള സൗകര്യം ലൈഫ് മിഷനിലുണ്ട്. നിർമാണസാമഗ്രികളും മറ്റും സന്നദ്ധസംഘടനകളിൽനിന്ന് ലഭ്യമാക്കാനും നടപടിയെടുത്തു. വീട് പൂർത്തീകരണത്തിന് ഇതുവരെ അനുവദിച്ച ഒന്നുമുതൽ മൂന്നുലക്ഷംവരെയെന്നത് ലൈഫ് മിഷൻ ഏകീകരിച്ച് നാലുലക്ഷം രൂപയാക്കി.
രണ്ടാംഘട്ടത്തിൽ ഭൂമിയുള്ള ഭവനരഹിതരായ ഒന്നേമുക്കാൽ ലക്ഷം പേർക്ക് ഗ്രാമങ്ങളിലും 75,000 പേർക്ക് നഗരങ്ങളിലും വീട് നൽകാനും വീടും സ്ഥലവും ഇല്ലാത്ത 3,38,380 പേർക്ക് എല്ലാ ജില്ലയിലും ഭവനസമുച്ചയങ്ങൾ നിർമിച്ചുനൽകാനും സർവേ പ്രകാരമുള്ള ഗുണഭോക്താക്കളുടെ തെരഞ്ഞെടുപ്പ് അന്തിമഘട്ടത്തിലാണ്.
201819 സാമ്പത്തികവർഷമാദ്യം ഭവനരഹിതർക്ക് വീട് നിർമിക്കാനുള്ള മുൻകൂർ തുക നൽകാനും നിർമാണപ്രവൃത്തി തുടങ്ങാനും കഴിയും. ഇതിനായി ലൈഫ് മിഷൻ പദ്ധതിക്കായി സർക്കാർ 2500 കോടി രൂപ ബജറ്റിൽ വകയിരുത്തി.
പദ്ധതിയുടെ ഗുണഭോക്തൃപട്ടിക അംഗീകരിച്ച ആദ്യജില്ല കാസർകോടാണ്. എറണാകുളം ജില്ലയിൽ ആലുവ മുനിസിപ്പാലിറ്റി ഒഴികെയുള്ള എല്ലാ തദ്ദേശസ്ഥാപനങ്ങളും ഗുണഭോക്തൃപട്ടിക അംഗീകരിച്ചു.