നിയമസഭാ സമുച്ചയം പൂർണ ക്യാമറാ നിരീക്ഷണത്തിലേക്ക്

Saturday Feb 10, 2018
റഷീദ് ആനപ്പുറം


തിരുവനന്തപുരം > സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി നിയമസഭാ സമുച്ചയം സമ്പൂർണമായി ക്യാമറാ നിരീക്ഷണത്തിലേക്ക്. ആദ്യഘട്ടം സഭാമന്ദിരത്തിനകത്തും വളപ്പിലും രാത്രിദൃശ്യങ്ങളടക്കം പകർത്തുന്ന സിസിടിവി ക്യാമറകൾ സ്ഥാപിക്കും. കെട്ടിടത്തിനകത്തെ പഴക്കമുള്ളവ മാറ്റിസ്ഥാപിക്കും. കൺട്രോൾ റൂം ആധുനികവൽക്കരിക്കും. രണ്ടാംഘട്ടമായി നിയമസഭാ അഡ്മിനിസ്‌ട്രേഷൻ കെട്ടിടത്തിലും പരിസരത്തും ക്യാമറ സ്ഥാപിക്കും. പൊലീസ് റിപ്പോർട്ട് പരിഗണിച്ചാണ് നടപടി.

കൺട്രോൾറൂമിൽ ആവശ്യമുള്ള വശങ്ങളിലേക്ക് തിരിക്കാനും സൂംചെയ്യാനും കഴിയുന്ന പിടിഇസെഡ് ക്യാമറയും ഫിക്‌സഡ് ക്യാമറകളുമാണ് സ്ഥപിക്കുക. രാത്രിദൃശ്യങ്ങൾ വ്യക്തതയോടെ പകർത്താൻ ഇൻഫ്രാറെഡ് ഇലുമിനേറ്ററും സ്ഥാപിക്കും. സഭാവളപ്പിനുപുറമെ സഭയിലേക്കുള്ള റോഡുകളിലും ക്യാമറയുണ്ടാകും.

നാലുകോടി രൂപ ചെലവിൽ കെൽട്രോൺവഴിയാകും പദ്ധതി നടപ്പാക്കുക. കെൽട്രോൺ അധികൃതരുമായി സ്പീക്കർ പി ശ്രീരാമകൃഷ്ണൻ പ്രാഥമികചർച്ച നടത്തി.
മന്ദിരത്തിനകത്ത് 22 നിരീക്ഷണക്യാമറയാണ് നിലവിലുള്ളത്. ഇവയിൽ 11 മാത്രമാണ് പ്രവർത്തിക്കുന്നത്. സഭാമന്ദിരത്തിൽ ആൾപ്പെരുമാറ്റം കുറവുള്ള സ്ഥലങ്ങളിൽ മോഷണം നടക്കുന്നതായി റിപ്പോർട്ടുണ്ടായിരുന്നു. ഫയർഫോഴ്‌സ് ഉപകരണങ്ങളുടെ ചെമ്പ്  കപ്ലിങ്ങുകൾ മോഷണം പോയിരുന്നു. ഇത്തരം പ്രശ്‌നങ്ങൾക്ക് പരിഹാരമായാണ് ക്യാമറാനിരീക്ഷണം വർധിപ്പിക്കാൻ പൊലീസ് റിപ്പോർട്ട് നൽകിയത്.

Tags :
സിസിടിവി നിയമസഭാ സമുച്ചയം ക്യാമറാനിരീക്ഷണം