
സോൾ > ഉത്തരദക്ഷിണ കൊറിയകൾക്കിടയിലെ സമാധാനത്തിലേക്ക് വെളിച്ചംവീശിക്കൊണ്ടാണ് ദക്ഷിണകൊറിയയിലെ പ്യോങ്ചാങ്ങിൽ ശീതകാല ഒളിമ്പിക്‌സിന് തുടക്കമായത്. മാസങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിൽ ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് അന്നിന്റെ സഹോദരി കിം യോ ജോങ് ശീതകാല ഒളിമ്പിക്‌സിൽ പങ്കെടുക്കാൻ ദക്ഷിണ കൊറിയൻ തലസ്ഥാനമായ സോളിലെത്തി. ഒളിമ്പിക്‌സിന്റെ ഉദ്ഘാടനചടങ്ങിൽ ഉത്തരകൊറിയൻ പ്രതിനിധിയായി യോ ജോങും കിങ് യോങ് നാമുമാണ് പങ്കെടുക്കുന്നത്.
ഇരുകൊറിയകളും തമ്മിൽ ബന്ധം പുനഃസ്ഥാപിക്കുന്നതിലെ നിർണായക പുരോഗതിയായാണ് ശീതകാല ഒളിമ്പിക്‌സിനെ ലോകം കാണുന്നത്. കിം ജോങ് അന്നിന്റെ സഹോദരിയെ തന്നെ ഔദ്യോഗിക പ്രതിനിധിയാക്കിയതോടെ യോ ജോങ് ഉദ്ഘാടന ച്ചടങ്ങിലും ശ്രദ്ധാകേന്ദ്രമായി.
1950‐53 കൊറിയൻ യുദ്ധത്തിന് ശേഷം ആദ്യമായാണ് ഉത്തരകൊറിയൻ സർക്കാർ പ്രതിനിധി ദക്ഷിണകൊറിയയിൽ എത്തുന്നത്. ഇത്രയും വർഷങ്ങൾക്കിടെ ഇരു ഉപദ്വീപുകളും തമ്മിൽ ഒരു സമാധാനകരാർ പോലും ഉണ്ടായിട്ടില്ല.
400 പേർ ശീതകാല ഒളിമ്പിക്‌സിൽ ഉത്തരകൊറിയയെ പ്രതിനിധീകരിക്കുന്നു. മാർച്ച് പാസ്റ്റിൽ ഇരുകൊറിയകളും ഒറ്റ പതാകയ്ക്ക് കീഴിലാണ് അണിനിരന്നത്.
ശനിയാഴ്ച ദക്ഷിണ കൊറിയൻ പ്രസിഡന്റ് മൂൺജെ ഇൻ ഉത്തരകൊറിയൻ താരങ്ങളെ സന്ദർശിക്കും.