ഐഎസ്‌ഐക്ക് വിവരം ചോർത്തി; വ്യോമസേനാ ഉദ്യോഗസ്ഥൻ അറസ്റ്റിൽ

Saturday Feb 10, 2018
വെബ് ഡെസ്‌ക്‌

ന്യൂഡൽഹി > ഇന്ത്യൻ വ്യോമസേനയുടെ രഹസ്യവിവരങ്ങൾ പാകിസ്ഥാൻ ചാരസംഘടനയായ ഐഎസ്‌ഐക്ക് ചോർത്തി നൽകിയ ഗ്രൂപ്പ് ക്യാപ്റ്റൻ അരുൺ മർവാഹയെ അറസ്റ്റ് ചെയ്തു. പരിശീലനത്തിന്റെയും യുദ്ധാഭ്യാസത്തിന്റെയും രഹസ്യരേഖകളാണ് ചോർത്തിയത്. ചിത്രങ്ങളെടുത്ത് വാട്‌സാപ് വഴി ഐഎസ്‌ഐ അംഗങ്ങൾക്ക് കൈമാറുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. പാട്യാലഹൗസ് കോടതിയിൽ ഹാജരാക്കിയ അരുണിനെ അഞ്ചുദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. ലോധി കോളനിയിലെ പൊലീസ് സ്‌പെഷ്യൽ സെൽ ആസ്ഥാനത്ത് ഇയാളെ ചോദ്യം ചെയ്യുകയാണ്.

പെരുമാറ്റത്തിൽ സംശയംതോന്നി ഇക്കഴിഞ്ഞ 31നാണ് വ്യോമസേനാ അധികൃതർ അരുൺ മർവാഹയെ കസ്റ്റഡിയിലെടുത്തത്. വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ടുവഴി ഐഎസ്‌ഐ നടപ്പാക്കിയ ഹണിട്രാപ്പിൽ കുടുങ്ങുകയായിരുന്നുവെന്ന് വ്യോമസേനാ വൃത്തങ്ങൾ പറഞ്ഞു. രണ്ട് വ്യാജ അക്കൗണ്ടിലൂടെ ഡിസംബറിലാണ് പാക് ചാരന്മാർ ബന്ധപ്പെട്ടത്. ഇവരുമായുള്ള ലൈംഗികസംഭാഷണത്തിനിടെ രഹസ്യരേഖകൾ കൈമാറുകയായിരുന്നു. 'ഗഗൻ ശക്തി' അഭ്യാസരേഖകളും കൈമാറിയവയിലുണ്ട്. പ്രതിഫലം കൈപ്പറ്റിയതായി കണ്ടെത്തിയിട്ടില്ല. ഔദ്യോഗിക രഹസ്യനിയമത്തിലെ മൂന്ന്, അഞ്ച് വകുപ്പ് പ്രകാരമാണ് കേസ്. ഫോൺ പൊലീസ് പിടിച്ചെടുത്തു. രേഖകൾ ചോർത്തിയെടുത്ത ഫെയ്സ്ബുക്ക് പ്രൊഫൈലിന്റെ കൂടുതൽ വിവരം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

Tags :
arrest ഐഎസ്‌ഐ ചാരസംഘടന