നേതൃത്വം ഞെട്ടലിൽ; രാജസ്ഥാൻ ബൂത്തുകളിൽ ബിജെപി വോട്ട് 2, 1, 0...

Saturday Feb 10, 2018
വെബ് ഡെസ്‌ക്‌

ജയ്പുർ >  രാജസ്ഥാൻ  ഉപതെരഞ്ഞെടുപ്പിൽ ബിജെപിക്കേറ്റ കനത്തപരാജയത്തിന്റെ ആഴം കൂടുതൽ വ്യക്തമാകുന്നു.  വിവിധ ബൂത്തുകളിലെ വോട്ടുകണക്ക്  പുറത്തുവന്നത് ബിജെപി കേന്ദ്രങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്. വോട്ടിങ് ശതമാനത്തിൽ കനത്ത ഇടിവാണ് ഉണ്ടായിരിക്കുന്നത്. ബിജെപി സ്ഥാനാർത്ഥിക്ക് ഒന്നും രണ്ടും വോട്ട് കിട്ടിയ ബൂത്തുകൾ നിരവധിയാണ്. ഒരു വോട്ട്‌പോലും കിട്ടാത്ത ബൂത്തുകളുമുണ്ട്.  കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ ഭൂരിപക്ഷം നേടിയ ബൂത്തുകളാണിവ എന്നതാണ് ശ്രദ്ധേയം.



നസീർബാദ് അസംബ്ലി സീറ്റിലെ 223ാംനമ്പർ ബൂത്തിൽ ബിജെപിക്ക് ഒരു വോട്ടുമാത്രമാണ് ലഭിച്ചത്. കോൺഗ്രസ് ഇവിടെ 582 വോട്ട്് നേടി. 224ാംനമ്പർ ബൂത്തിൽ ബിജെപിക്ക് ലഭിച്ചത് രണ്ട് വോട്ടുമാത്രം. ഇവിടെ കോൺഗ്രസിന് 500 വോട്ട് ലഭിച്ചു. ദുധു അസംബ്ലി മണ്ഡലത്തിലെ 49ാംബൂത്തിൽ ബിജെപി സംപൂജ്യം. തെരഞ്ഞെടുപ്പ് ഏജന്റുമാർപോലും താമരയ്ക്ക് കുത്തിയില്ല എന്നതാണ് യാഥാർഥ്യം. 337 വോട്ടാണ് ഇവിടെ കോൺഗ്രസിന് കിട്ടിയത്.

വോട്ടുകണക്കുകൾ ഞെട്ടിപ്പിക്കുന്നതാണെന്ന് ബിജെപിയുടെ മുതിർന്ന നേതാവ് ഡൽഹിയിൽ പ്രതികരിച്ചു. അജ്മീറിലെ സിറ്റിങ് സീറ്റുകൾ നഷ്ടമായിട്ടുണ്ട്. മുമ്പ് വലിയ മാർജിനിൽ വിജയിച്ച സീറ്റുകൾ പലതും നഷ്ടപ്പെട്ടു. 1985ലും '98ലും മാത്രമാണ് ഇത്രയും വലിയ പരാജയം നേരിടേണ്ടിവന്നതെന്ന് അദ്ദേഹം പറഞ്ഞു.2014ൽ 2.5 ലക്ഷം വോട്ടിനാണ് അൽവാർ  സീറ്റ് ബിജെപി പിടിച്ചെടുത്തത്.  ഇത്തവണ രണ്ടുലക്ഷം വോട്ടിനാണ് ഇവിടെ ബിജെപി പരാജയപ്പെട്ടത്.

ബിജെപിയുടെ ജനദ്രോഹ കർഷകദ്രോഹ വർഗീയ ഭരണത്തിനെതിരായ വിധിയെഴുത്താണ് രാജസ്ഥാനിൽ നടന്ന തെരഞ്ഞെടുപ്പുകളിൽ പ്രതിഫലിച്ചതെന്ന് വ്യക്തം.

Tags :
bjp രാജസ്ഥാൻ ബിജെപി