
കൊച്ചി > കേരളത്തിന്റെ പൊതുവിദ്യാഭ്യാസമേഖലയെ ഒരുകുടക്കീഴിൽ കൊണ്ടുവരണമെന്ന് കെഎസ് ടിഎ സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. ബഹുഭൂരിപക്ഷം സ്‌കൂളിലും പ്രൈമറി, ഹൈസ്‌കൂൾ, ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി തുടങ്ങിയവ വിവിധ സ്ഥാപനങ്ങളായാണ് പ്രവർത്തിക്കുന്നത്. വെവ്വേറെ ഡയറക്ടർമാർക്കു കീഴിൽ പ്രവർത്തിക്കുന്നതിനാൽ അറിയിപ്പുകളും തീരുമാനങ്ങളും പരസ്പരപൂരകങ്ങളാകുന്നില്ല. വിദ്യാലയത്തിലെ വിഭവങ്ങൾ എല്ലാവർക്കും വിനിയോഗിക്കാനും ഉപയോഗിക്കാനും കഴിയണം. ജീവനക്കാരുടെ പദവികൾക്ക് കോട്ടംവരുത്താതെയും ജോലിഭാരം അധികരിക്കാതെയും ഒന്നുമുതൽ 12 വരെയുള്ള വിദ്യാഭ്യാസത്തെ ഒരുകുടക്കീഴിൽ കൊണ്ടുവരണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
പ്രതിനിധി സമ്മേളനം രാവിലെ റഷീദ് കണിച്ചേരി നഗറിൽ(കലൂർ എ ജെ ഹാൾ) തുടങ്ങി. രക്തസാക്ഷികൾക്ക് അഭിവാദ്യമർപ്പിച്ചാണ് സമ്മേളനത്തിന്റെ രണ്ടാംദിനം ആരംഭിച്ചത്. വൈസ് പ്രസിഡന്റ്മാരായ പി കെ സതീഷ് രക്തസാക്ഷിപ്രമേയവും, കെ ബദറുന്നീസ അനുശോചനപ്രമേയവും അവതരിപ്പിച്ചു.
കെ ജെ ഹരികുമാർ (പ്രസീഡിയം), ടി വി മദനമോഹനൻ (രജിസ്‌ട്രേഷൻ), എസ് അജയകുമാർ (മിനുട്‌സ്), പി ഡി ശ്രീദേവി (സ്വീകരണം), കെ സി അലി ഇക്ബാൽ (പ്രമേയം), ബി സുരേഷ് (ക്രഡൻഷ്യൽ), കെ കെ പ്രകാശൻ (മീഡിയ) എന്നിവർ കൺവീനർമാരായി വിവിധ സബ്കമ്മിറ്റികളെ തെരഞ്ഞെടുത്തു.
തുടർന്ന് സംസ്ഥാന പ്രസിഡന്റ് കെ ജെ ഹരികുമാർ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. സംഘടനാറിപ്പോർട്ട്, വിദ്യാഭ്യാസരേഖ എന്നിവയിലുള്ള ചർച്ചയിൽ എസ് സജീഷ്‌കുമാർ, അക്ബർഷാ (തിരുവനന്തപുരം), കെ അജിതകുമാരി (കൊല്ലം), വി അനിത (ആലപ്പുഴ), പി വിനോദ്, എൻ എസ് രാജേന്ദ്രകുമാർ (പത്തനംതിട്ട), ടി രാജേഷ് (കോട്ടയം), എം ടി ഉഷാകുമാരി (ഇടുക്കി), സി എൻ കുഞ്ഞുമോൾ (എറണാകുളം), പി സി സിജി (തൃശൂർ), പി മീര, പി ജെ ജോൺസൺ (പാലക്കാട്), പി ജി ഉമാദേവി, എൻ നരേന്ദ്രൻ (മലപ്പുറം), പി എസ് സ്മിജ, വി മധു (കോഴിക്കോട്), ഒ എ ഗിരിജ, കെ വി സിമിൽ (വയനാട്), ടി രജില (കണ്ണൂർ), കെ വി സുജാത, കെ ഹരിദാസ് (കാസർകോട്) എന്നിവർ പങ്കെടുത്തു.
വൈകിട്ട് സുനിൽ പി ഇളയിടം സാംസ്‌കാരിക പ്രഭാഷണം നടത്തി. വൈകിട്ട് ജയരാജ് വാര്യരുടെ സർഗസംഗമം കാരിക്കേച്ചർ ഷോയും ഉണ്ടായി. വെള്ളിയാഴ്ച പ്രതിനിധിസമ്മേളനം തുടരും. പകൽ 11ന് ട്രേഡ് യൂണിയൻ സമ്മേളനം സിഐടിയു അഖിലേന്ത്യാ സെക്രട്ടറി കെ ചന്ദ്രൻപിള്ള ഉദ്ഘാടനംചെയ്യും. പകൽ രണ്ടിന് വനിതാസമ്മേളനം വീണ ജോർജ് എംഎൽഎ ഉദ്ഘാടനംചെയ്യും. സുജ സൂസൻ ജോർജ് സംസാരിക്കും. നാലിന് പ്രകടനം മറൈൻ ഡ്രൈവിൽനിന്ന് ആരംഭിക്കും. രാജേന്ദ്ര മൈതാനിയിൽ ചേരുന്ന പൊതുസമ്മേളനം ഹിമാചൽപ്രദേശ് എംഎൽഎ രാഗേഷ് സിംഗ ഉദ്ഘാടനംചെയ്യും.
മതനിരപേക്ഷ‐ജനാധിപത്യ മൂല്യങ്ങളുടെ പ്രചാരകരാകുക
കൊച്ചി > വിദ്യാഭ്യാസത്തിന്റെ മതനിരപേക്ഷജനാധിപത്യ മൂല്യങ്ങൾ സ്വയം സ്വാംശീകരിക്കാനും അത് പ്രചരിപ്പിക്കാനും അതിന്റെ അടിസ്ഥാനത്തിൽ കേരളീയമാതൃക ശക്തിപ്പെടുത്താനും കെഎസ്ടിഎ സംസ്ഥാന സമ്മേളനം ആഹ്വാനംചെയ്തു.
ഇന്ത്യൻ ഭരണകൂടം അതിന്റെ വർഗീയദംഷ്ട്രകൾ സമസ്തമേഖലയിലും ആഴ്ത്തി കലാപങ്ങൾക്ക് കോപ്പുകൂട്ടുകയാണെന്ന് ഇതുസംബന്ധിച്ച പ്രമേയത്തിൽ ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസമേഖലയിൽ വർഗീയവൽക്കരണവും കോർപറേറ്റ്വൽക്കരണവും ലക്ഷ്യമിടുന്നതായി ദേശീയ വിദ്യാഭ്യാസനയം സംബന്ധിച്ച് പുറത്തുവന്ന രേഖകൾ വ്യക്തമാക്കുന്നു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പാഠ്യപദ്ധതിയും പാഠപുസ്തകങ്ങളും ഇതിനനുസരിച്ച് രൂപപ്പെടുത്തുകയാണ്. ജനാധിപത്യബോധം വളർത്തുന്ന, ഭരണഘടനാമൂല്യങ്ങൾ ഊട്ടിയുറപ്പിക്കുന്ന, യുക്തിചിന്തയും ശാസ്ത്രീയമനോഭാവവും പ്രോത്സാഹിപ്പിക്കുന്ന വിദ്യാഭ്യാസക്രമം രാജ്യത്ത് അന്യമാകുകയാണ്. ചരിത്രഗേവഷണ കൗൺസിൽ വർഗീയ ആശയങ്ങൾ വിതരണംചെയ്യുന്ന ഏജൻസിയായി മാറുന്നു. ഏകമതസംസ്‌കാരത്തിൽ വിശ്വസിക്കുന്ന ആർഎസ്എസാണ് ദേശീയ സർക്കാരിന്റെ വിദ്യാഭ്യാസ അജൻഡ നിശ്ചയിക്കുന്നത്.
അതേസമയം, കേരളമാകട്ടെ ജാതിമതഭേദമെന്യെ വിദ്യാഭ്യാസം നൽകുന്നതിൽ ലോകത്തിനുതന്നെ മാതൃകയാണ്. എന്നാൽ, ഈ മതനിരപേക്ഷതയെ തകർക്കാൻ വർഗീയശക്തികൾ വലിയ ശ്രമം തുടങ്ങിയിട്ടുണ്ട്. മതത്തിന്റെയും ജാതിയുടെയും പേരിൽ വിദ്യാലയങ്ങൾ സ്ഥാപിക്കുകയും ഓരോവിഭാഗവും അവരവരുടെ മതത്തിന്റെ ആഭിമുഖ്യത്തിലുള്ള സ്ഥാപനങ്ങളിൽ കുട്ടികളെ ചേർക്കുകയുംചെയ്യുന്ന പ്രവണത വർധിച്ചുവരുന്നു. ഈ ഘട്ടത്തിൽ വർഗീയതയെ പ്രതിരോധിച്ച് മതനിരപേക്ഷ ആശയങ്ങൾ സ്വാംശീകരിച്ചവരുടെ പടയണി തീർക്കണമെന്നും പ്രമേയം ആഹ്വാനംചെയ്യുന്നു.
കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധനയം തിരുത്തുക, വിദ്യാഭ്യാസരംഗത്തെ ഫാസിസ്റ്റ് അധിനിവേശം ചെറുക്കുക, വനിതാ സംവരണനിയമം പാസാക്കുക, കെഇആർ പരിഷ്‌കരണനടപടികൾ വേഗത്തിലാക്കുക തുടങ്ങിയ ആവശ്യങ്ങളടങ്ങിയ പ്രമേങ്ങളും സമ്മേളനം അംഗീകരിച്ചു.