പാറ്റൂർ കേസ് റദ്ദാക്കി: ജേക്കബ് തോമസിന് രൂക്ഷ വിമര്‍ശനം

Friday Feb 9, 2018
വെബ് ഡെസ്‌ക്‌

കൊച്ചി> വിവാദമായ പാറ്റൂര്‍ ഭൂമിയിടപാടുമായി ബന്ധപ്പെട്ടുള്ള കേസ് ഹൈക്കോടതി റദ്ദാക്കി. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മുന്‍ ചീഫ് സെക്രട്ടറി ഭരത് ഭൂഷണ്‍  അടക്കമുള്ളവര്‍ക്കെതിരെ വിജിലന്‍സ് എടുത്ത കേസ് നിലനില്‍ക്കില്ലെന്ന് കോടതി ഉത്തരവില്‍ വ്യക്തമാക്കി.  കേസിലെ എഫ് ഐആര്‍ അടക്കം കോടതി റദ്ദാക്കി. മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചു.  ജേക്കബ് തോമസിന്റെ തോന്നലുകളില്‍ നിന്ന് ഉത്ഭവിച്ചതാണ് കേസെന്ന് കോടതി ചൂണ്ടിക്കാട്ടി.

ജേക്കബ് തോമസിന്റെ നടപടികള്‍ കോടതിയലക്ഷ്യമാണെന്നും നടപടിയിലേക്ക് കടക്കാതെ വിട്ടുകളയുകയാണെന്നും ജസ്റ്റിസ് എബ്രഹാം മാത്യു ഉത്തരവില്‍ വ്യക്തമാക്കി. ലോകായുക്തയില്‍ കേസ് നിലവിലിരിക്കെ ഒന്നര വര്‍ഷം കഴിഞ്ഞ് ജേക്കബ് തോമസ് ഒരു സുപ്രഭാതത്തില്‍ കേസെടുത്തത്  എന്ത് വെളിപാടിന്റെ അടിസ്ഥാനത്തിലാണെന്ന് മനസിലാവുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.  റിപ്പോര്‍ട് നല്‍കാമെന്ന് കോടതിയില്‍ പറഞ്ഞ ജേക്കബ് തോമസ് പിന്നീട് ഒഴിഞ്ഞുമാറി, പാറ്റൂര്‍ ഭൂമിയുടെ ഭൂപതിവു രേഖ വ്യാജമാന്നെന്ന് റിപ്പോര്‍ട് നല്‍കിയ ജേക്കബ് തോമസ് അത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കിയില്ല, കോടതിയുടെ പരിഗണനയിരിക്കുന്ന കേസില്‍ സോഷ്യല്‍ മീഡിയയില്‍ അഭിപ്രായം പറഞ്ഞത് കോടതിയലക്ഷ്യമാണെങ്കിലും നടപടിയിലേക്ക് കടക്കുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് നീക്കം ചെയ്ത് പാറ്റുരിലെ 15 സെന്റ് ഭൂമി ആര്‍ ടെക് എന്ന ഫ്‌ളാറ്റ് നിര്‍മാണ കമ്പനിക്ക് കൈമാറിയതിലൂടെ സര്‍ക്കാരിന് കോടികളുടെ നഷ്ടമുണ്ടായെന്നും ഫ്‌ളാറ്റുടമക്ക് 30 കോടിയുടെ അനധികൃത സാമ്പത്തീക നേട്ടമുണ്ടായന്നുമാണ് വിജിലന്‍സ് കേസ്. ഉമ്മന്‍ ചാണ്ടിയും മുന്‍ ചീഫ് സെക്രട്ടറി ഭരത് ഭൂഷണും ഗൂഡാലോചന നടത്തിയാണ് പൈപ്പ് ലൈന്‍ മാറ്റിയിട്ടതെന്നും വിജിലന്‍സ് പ്രഥമവിവര റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.   തനിക്കെതിരായ കേസ് റദ്ദാക്കണമെന്ന ഭരത് ഭൂഷന്റെ ഹര്‍ജി അനുവദിച്ചാണ് കോടതിയുടെ ഉത്തരവ്.കേസ് നിലനില്‍ക്കില്ലെന്ന് കോടതി ചൂണ്ടികാട്ടിയിട്ടുണ്ട്. അതേസമയം പുറംമ്പോക്ക്   ഭൂമി   തിരിച്ചു പിടിക്കുന്നതിനുള്ള ലോകായുക്തയിലെ കേസ് തുടരാമെന്ന് നിര്‍ദ്ദേശിച്ചു.

കേസില്‍ നാലാമത്തെ പ്രതിയാ‍യിരുന്നു  ഉമ്മന്‍ചാണ്ടി. പാറ്റൂരിലെ സർക്കാർ ഭൂമി സ്വകാര്യ കമ്പനിക്ക് ഫ്ലാറ്റ് നിർമ്മാണത്തിന് ചട്ടങ്ങള്‍ ലംഘിച്ച് കൈമാറിയെന്നാണ് ഇവര്‍ക്കെതിരായ ആരോപണം.



 

Tags :
pattoor case oommen chandy പാറ്റൂർ കേസ് ഉമ്മൻചാണ്ടി ഭരത് ഭൂഷൻ ജേക്കബ് തോമസ്