എയർസെൽമാക്‌സിസ് ഇടപാട് : സിബിഐ റിപ്പോർട്ട് ചിദംബരം ചോർത്തി

Friday Feb 9, 2018
എം അഖിൽ


ന്യൂഡൽഹി > കോളിളക്കമുണ്ടാക്കിയ എയർസെൽ മാക്‌സിസ് ഇടപാടിൽ സിബിഐയുടെ അന്വേഷണറിപ്പോർട്ടുകൾ ആരോപണവിധേയനും മുൻകേന്ദ്രധനമന്ത്രിയുമായ പി ചിദംബരം ചോർത്തി. ജനുവരി 13ന് ചിദംബരത്തിന്റെ ഡൽഹി ജോർബാഗിലെ വസതിയിൽ നടത്തിയ പരിശോധനയിൽ സിബിഐയുടെ രഹസ്യറിപ്പോർട്ടുകൾ കണ്ടെത്തിയെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വൃത്തങ്ങൾ വെളിപ്പെടുത്തി.

2013 ആഗസ്ത് ഒന്നിനും 2018 ജനുവരി 23 നും മുദ്രവച്ച കവറുകളിൽ സിബിഐ സുപ്രീംകോടതിയിൽ സമർപ്പിച്ച കേസന്വേഷണത്തിന്റെ തൽസ്ഥിതി റിപ്പോർട്ടുകളുടെ കരടിന്റെ പകർപ്പുകളാണ് പിടിച്ചെടുത്തത്. സിബിഐയിലെ അടുപ്പക്കാരായ ഉദ്യോഗസ്ഥർ വഴിയാണ് ചിദംബരം റിപ്പോർട്ടുകൾ ചോർത്തിയതെന്ന് സംശയിക്കുന്നു. റിപ്പോർട്ട് ചോർന്നതായി എൻഫോഴ്‌സ്‌മെന്റിന്റെ ഔദ്യോഗിക അറിയിപ്പ് ലഭിച്ചതിനെ തുടർന്ന് കുറ്റക്കാരായ ഉദ്യോഗസ്ഥരെ കണ്ടെത്താൻ സിബിഐ ആഭ്യന്തര അന്വേഷണം തുടങ്ങി. മാധ്യമങ്ങളോട് പ്രതികരിക്കാനില്ലെന്നും അന്വേഷണഏജൻസികൾ ആവശ്യപ്പെട്ടാൽ വിശദീകരണം നൽകുമെന്നുമാണ് പി ചിദംബരത്തിന്റെ നിലപാട്. റാഫേൽ യുദ്ധവിമാന ഇടപാടിലെ അഴിമതി ചൂണ്ടിക്കാട്ടി കോൺഗ്രസ് കേന്ദ്രസർക്കാരിനെതിരെ ശക്തമായി രംഗത്തെത്തിയ വേളയിലാണ് യുപിഎ സർക്കാരിലെ പ്രമുഖനായിരുന്ന ചിദംബരത്തിനെതിരെ എൻഫോഴ്‌സ്‌മെന്റും സിബിഐയും രംഗത്തെത്തിയത്. 

കേസ് പരിഗണിക്കുന്ന ജസ്റ്റിസ് അരുൺമിശ്രയുടെ ബെഞ്ചിൽ ജനുവരി 23ന് സിബിഐ റിപ്പോർട്ട് സമർപ്പിച്ചു. ബെഞ്ചിൽ അംഗമായ ജഡ്ജി അവധിയായതിനാൽ 24ന് റിപ്പോർട്ട് കോടതി പരിഗണിച്ചില്ല. എന്നാൽ, കോടതിയുടെ പരിഗണനയ്ക്ക് എത്തുന്നതിന് മുമ്പുതന്നെ സിബിഐയുടെ നിർണായകരേഖ ചിദംബരത്തിന്റെ പക്കൽ എത്തിയെന്നാണ് എൻഫോഴ്‌സ്‌മെന്റിന്റെ വെളിപ്പെടുത്തൽ. സിബിഐ ജോയിന്റ് ഡയറക്ടറുടെയും ഹിമാചൽപ്രദേശ് കേഡറിലെ ഐപിഎസ് ഉദ്യോഗസ്ഥന്റെയും സഹായത്തോടെയാണ് കരട് റിപ്പോർട്ടിന്റെ പകർപ്പുകൾ ചോർത്തിയതെന്നാണ് സൂചന. ഐഎൻഎക്‌സ് മീഡിയയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാട് കേസിൽ ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരത്തിനെതിരെ സിബിഐ പുറപ്പെടുവിച്ച ലുക്ക് ഔട്ട് നോട്ടീസും ചോർന്നതായി നേരത്തേ ആക്ഷേപമുണ്ടായിരുന്നു.
2013 ആഗസ്ത് ഒന്നിന് ജസ്റ്റിസുമാരായ ജി എസ് സിങ്‌വിയുടെ ബെഞ്ച് മുമ്പാകെ സിബിഐ സമർപ്പിച്ച തൽസ്ഥിതി റിപ്പോർട്ടും ചിദംബരത്തിന്റെ വീട്ടിൽനിന്നു കണ്ടെത്തി. തെരച്ചിലിൽ പിടിച്ചെടുത്ത വസ്തുക്കൾ തന്റെ പക്കലുണ്ടായിരുന്നതാണെന്ന് വ്യക്തമാക്കി ചിദംബരം ഒപ്പിട്ടുനൽകിയിട്ടുണ്ട്. കോടതിയുടെ പരിഗണനയിലുള്ള കേസിലെ അന്വേഷണറിപ്പോർട്ട് ചോർത്തിയത് ഗുരുതര നിയമലംഘനമാണെന്ന് നിയമവൃത്തങ്ങൾ ചൂണ്ടിക്കാണിച്ചു. സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകൻ കൂടിയായ ചിദംബരം അന്വേഷണറിപ്പോർട്ടുകൾ ചോർത്തിയെന്ന വാർത്തകളുടെ അടിസ്ഥാനത്തിൽ അദ്ദേഹത്തിനെതിരെ കോടതിയലക്ഷ്യത്തിന് നടപടി സ്വീകരിക്കണമെന്ന ആവശ്യവും ഉയർന്നു.
 

3500 കോടിയുടെ ഇടപാട്
ന്യൂഡൽഹി > എയർസെൽമാക്‌സിസ് ഇടപാടിൽ ധനമന്ത്രിയായിരിക്കെ ചിദംബരം നടത്തിയ അനധികൃത ഇടപെടലുകൾ വ്യക്തമാക്കുന്നതാണ് 2018 ജനുവരി 23ന് സിബിഐ സുപ്രീംകോടതിയിൽ സമർപ്പിച്ച റിപ്പോർട്ട്. ഇടപാടിന് ചട്ടങ്ങൾ ലംഘിച്ച് വിദേശനിക്ഷേപ പ്രോത്സാഹനബോർഡ് (എഫ്‌ഐപിബി) അംഗീകാരം നൽകിയതുമായി ബന്ധപ്പെട്ട രേഖകളും മൊഴികളും തൽസ്ഥിതി റിപ്പോർട്ടിലുണ്ട്. 800 ദശലക്ഷം ഡോളറിന്റെ ഇടപാട്്(അന്ന് ഏകദേശം 3500 കോടി രൂപ) സാമ്പത്തികകാര്യങ്ങൾക്കുള്ള മന്ത്രിസഭാസമിതിയുടെ പരിഗണനയ്ക്കു വിടാതെ ചിദംബരം സ്വന്തംനിലയ്ക്ക് അംഗീകരിച്ചെന്നാണ് ആരോപണം. ഇടപാടുമായി ബന്ധപ്പെട്ട് മകൻ കാർത്തി ചിദംബരം, അനന്തരവൻ എ പളനിയപ്പൻ എന്നിവരുടെ പേരിലുള്ള കടലാസുകമ്പനികൾക്ക് അനധികൃത സാമ്പത്തികനേട്ടം ഉണ്ടായെന്നും ആരോപണമുണ്ട്.
 

Tags :
p chidhambaram എയർസെൽ മാക്‌സിസ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പി ചിദംബരം