
കൊച്ചി > ഫാസിസം കൃത്രിമമായ ഏകത്വത്തെ അടിച്ചേൽപ്പിക്കുകയാണെന്ന് ഡോ. സുനിൽ പി ഇളയിടം. ഹിന്ദുത്വവാദികൾ ഇന്ത്യയുടെ അതിബൃഹത്തായ വൈജ്ഞാനികപാരമ്പര്യത്തെ തള്ളിക്കളഞ്ഞ് ആത്മീയതയെ അവരോധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കേരള സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൃത്രിമമായ ഏകത്വത്തെ ഫാസിസ്റ്റുകൾ ദേശീയബോധമാക്കി വളർത്തുന്നു. ഭാഷ, വേഷം, ഭക്ഷണം, രാഷ്ട്രീയം എന്നിവയിലെ വൈവിധ്യങ്ങളെ അവർ അംഗീകരിക്കുന്നില്ല. ആന്തരികമായ വൈജാത്യങ്ങളെ തള്ളിക്കളയുന്നു. വിദ്യാഭ്യാസപദ്ധതികളിൽ ഏകമുഖമായ സാംസ്‌കാരികസത്തയെ അടിച്ചേൽപ്പിക്കുന്നു. രാമായണത്തിലെ ബൗദ്ധപാരമ്പര്യത്തെ തള്ളിക്കളഞ്ഞു. രാമകഥകളിൽനിന്നാണ് രാമായണം പിറവിയെടുത്തതെന്നുള്ള അറിവ് മൂടിവയ്ക്കുന്നു. ദേശീയ സ്വാതന്ത്ര്യപ്രക്ഷോഭനാളുകളിൽ ബ്രിട്ടീഷ് വിരോധമാണോ ജാതിയതയിൽനിന്നുള്ള മോചനമാണോ യഥാർഥ സ്വാതന്ത്ര്യമെന്നുള്ളതിന് കൃത്യമായ ഉത്തരമുണ്ടായിട്ടില്ല. ജാതിമർദനത്തിന്റെ ഇരകൾക്ക് ജാതിയിൽനിന്നുള്ള മോചനമാണ് പ്രധാനം. മേൽത്തട്ടുജാതിക്കാർ അത്തരം ഒരു സ്വാതന്ത്ര്യമല്ല ആഗ്രഹിച്ചത്. ഉന്നതവിദ്യാഭ്യാസം നേടിയിട്ടും ജാതിവിരുദ്ധ നിലപാട് സ്വീകരിക്കാനാകാത്തത് ജാതി ആന്തരികവൽക്കരിക്കപ്പെട്ടതുകൊണ്ടാണെന്നും സുനിൽ പി ഇളയിടം പറഞ്ഞു. കെ ജെ ഹരികുമാർ അധ്യക്ഷനായി. സിപിഐ എമ്മിന്റെ മുതിർന്ന നേതാവ് എം എം ലോറൻസും ചടങ്ങിൽ പങ്കെടുത്തു.