വ്യാപം അഴിമതി: മുൻ മന്ത്രിയടക്കം 85 പേർക്കെതിരെ കുറ്റപത്രം

Friday Feb 9, 2018
വെബ് ഡെസ്‌ക്‌


ഭോപാൽ > കോടികളുടെ വ്യാപം കുംഭകോണവുമായി ബന്ധപ്പെട്ട് മധ്യപ്രദേശ് മുൻ മന്ത്രിയടക്കം 85 പേർക്കെതിരെ സിബിഐ കുറ്റപത്രം സമർപ്പിച്ചു. 2012ലെ കരാർ അധ്യാപകനിയമനവുമായി ബന്ധപ്പെട്ട കേസിലാണ് മധ്യപ്രദേശ് മുൻ ഉന്നത വിദ്യാഭ്യാസമന്ത്രി ലക്ഷ്മികാന്ത് ശർമ അടക്കമുള്ളവർക്കെതിരെ ഭോപാൽ പ്രത്യേക കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടി ഒ പി ശുക്ല, മധ്യപ്രദേശ് പ്രൊഫഷണൽ പരീക്ഷാബോർഡ് മുൻ കൺട്രോളർ പങ്കജ് ത്രിവേദി, പ്രിൻസിപ്പൽ സിസ്റ്റം അനലിസ്റ്റ് നിതിൻ മൊഹീന്ദ്ര, മറ്റു രണ്ട് ഉദ്യോഗസ്ഥർ, 11 ഇടനിലക്കാർ,  ഉദ്യോഗാർഥികൾ എന്നിവർക്കെതിരെയാണ് കുറ്റപത്രം.വൻതുക കോഴ വാങ്ങി അനർഹർക്ക് നിയമനം നൽകിയെന്നാണ് കേസ്. 

മധ്യപ്രദേശ് വ്യവസായിക് പരീക്ഷാ മണ്ഡലിന്റെ (വ്യാപം) കീഴിൽ 2012ൽ കരാർ അധ്യാപകർ ഗ്രേഡ് 4 നിയമനത്തിലാണ് വ്യാപക തട്ടിപ്പും ക്രമക്കേടും നടത്തിയത്. ബിജെപി സർക്കാരിൽ ഉന്നത സാങ്കേതിക വിദ്യാഭ്യാസമന്ത്രിയായിരുന്ന ലക്ഷ്മികാന്ത് ശർമയുടെ നേതൃത്വത്തിലായിരുന്നു ക്രമക്കേടെന്ന് സിബിഐ കുറ്റപത്രത്തിൽ പറയുന്നു. പട്ടികയിൽ ഇല്ലാതിരുന്നിട്ടും മന്ത്രി മുൻകൈയടുത്താണ് പങ്കജ് ത്രിവേദിയെ  പരീക്ഷാ കൺട്രോളായി നിയമിച്ചത്. ത്രിവേദി ഉൾപ്പെട്ട സമിതിയാണ്  നിയമനം നടത്തിയത്. വ്യാപം ബോർഡിലെ ചില ഉദ്യോഗസ്ഥരുമായി ചേർന്ന് ഗൂഢാലോചന നടത്തി ചില ഉദ്യോഗാർഥികൾക്ക് മാർക്ക് ദാനം ചെയ്ത് നിയമനം ഉറപ്പാക്കാൻ ശർമ അടക്കമുള്ളവർ പ്രവർത്തിച്ചതായി കുറ്റപത്രത്തിൽ പറയുന്നു.
 

Tags :
cbi വ്യാപം അഴിമതി കുറ്റപത്രം സിബിഐ