
തിരുവനന്തപുരം > ഇന്ത്യയിൽ ആദ്യമായി ബിഎസ്എൻഎല്ലിന്റെ 4 ജി(നാലാം തലമുറ) സേവനത്തിന് കേരളത്തിൽ തുടക്കം. തുടക്കത്തിൽ ഇടുക്കിജില്ലയിലെ ഉടുമ്പൻചോല താലൂക്കിലാണ് 4ജി സേവനം ലഭ്യമാക്കിയത്.
പാറത്തോട്, ഉടുമ്പൻചോല ടൗൺ, ചെമ്മണ്ണാർ, കല്ലുപാലം, സേനാപതി എന്നിവിടങ്ങളിലെ അഞ്ച് ടവറുകൾവഴിയാണ് സേവനം നൽകുന്നത്. ബിഎസ്എൻഎൽ സിഎംഡി അനുപം ശ്രീവാസ്തവയെ ആദ്യ കോൾ വിളിച്ച് പദ്ധതി ഉദ്ഘാടനം ചെയ്തതായി കേരള സർക്കിൾ ചീഫ് ജനറൽ മാനേജർ പി ടി മാത്യു വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ബിഎസ്എൻഎൽ ഉപയോക്താക്കൾ കൂടുതലുള്ള സംസ്ഥാനമായതിനാലാണ് 4ജി സേവനം ഉദ്ഘാടനം ചെയ്യാനുള്ള അവസരം കേരളത്തിന് ലഭിച്ചത്. ഈ വർഷംതന്നെ സംസ്ഥാനത്ത് 4ജി വ്യാപിപ്പിക്കും. ഈ സാമ്പത്തികവർഷം 2200 കേന്ദ്രങ്ങളിൽ കേരളത്തിൽ 4ജി സേവനം നൽകുകയാണ് ലക്ഷ്യം. 4ജി സിം വിൽപ്പനയ്‌ക്കെത്തി. കേരളത്തിന് അധികമായി 4ജി സ്‌പെക്ട്രം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സിജിഎം പറഞ്ഞു.
അമേരിക്ക, നേപ്പാൾ എന്നീ രാജ്യങ്ങളിലേക്കുള്ള മൊബൈൽ പ്രീപെയ്ഡ് റോമിങ് പദ്ധതിക്കും കേരളത്തിൽ തുടക്കം കുറിച്ചു. അമേരിക്കയിൽ 'ടിമൊബൈൽ' എന്ന കമ്പനിയുമായും നേപ്പാളിൽ എൻസെൽ എന്ന കമ്പനിയുമായും സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. അതേസമയം, ഭാരത്വൺ സ്മാർട്ട്‌ഫോൺ പദ്ധതിയുടെ മേൽനോട്ടം ബിഎസ്എൻഎല്ലിനല്ലെന്നും മൈക്രോമാക്‌സ് കമ്പനിക്കാണെന്നും സിജിഎം പറഞ്ഞു. സ്മാർട്ട്‌ഫോൺ വിതരണം ബിഎസ്എൻഎൽ നേരിട്ടല്ല നടത്തുന്നത്. മൈക്രോമാക്‌സിന്റെ അംഗീകൃത വിൽപ്പനശാലകളിലൂടെ മാത്രമേ ഫോൺ ലഭിക്കൂവെന്നും അദ്ദേഹം പറഞ്ഞു.
പ്രീപെയ്ഡ് മൊബൈൽ ഹോം പ്ലാൻ67 പദ്ധതിയും അവതരിപ്പിച്ചു. സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷൻ അധ്യക്ഷ ശോഭ കോശിക്ക് സിജിഎം പി ടി മാത്യു ആദ്യ സിം കൈമാറി. പ്രിൻസിപ്പൽ ജനറൽ മാനേജർ ഡോ. പി ടി കുളന്തൈവേൽ, ജനറൽ മാനേജർമാരായ ഡോ. ജ്യോതിശങ്കർ, സത്യമൂർത്തി എന്നിവർ സംസാരിച്ചു.
മൊബൈൽ ഉപയോക്താവിന് ഒരു ലാൻഡ്‌ലൈൻ നമ്പരിലേക്ക് പരിധിയില്ലാതെ ലോക്കൽ, എസ്ടിഡി, റോമിങ് കോളുകൾ വിളിക്കാവുന്ന പദ്ധതിയാണ് ഹോം പ്ലാൻ67. 180 ദിവസമാണ് കാലാവധി. ഇന്ത്യയിൽ എവിടേക്കും ബിഎസ്എൻഎൽ കോളുകൾക്ക് സെക്കൻഡിന് ഒരു പൈസയും മറ്റ് കോളുകൾക്ക് സെക്കൻഡിന് 1.2 പൈസയുമാണ് ചാർജ്.
ആദ്യമാസം 500 എംബി ഡാറ്റ സൗജന്യമായി ലഭിക്കും. 110, 200, 500, 1000 എന്നീ ടോപ്പ് അപ്പുകൾക്ക് പൂർണ സംസാരമൂല്യവും ലഭിക്കും. ഫ്രണ്ട്‌സ് ആൻഡ് ഫാമിലി പദ്ധതി പ്രകാരം നാല് ലോക്കൽ നമ്പരുകളിലേക്ക് മിനിറ്റിന് 20 പൈസ നിരക്കിലും മറ്റു നമ്പരുകളിലേക്ക് മിനിറ്റിന് 30 പൈസ നിരക്കിലും വിളിക്കാം.