മാഡ്രിഡ് > സ്പാനിഷ് ലീഗിലെ അച്ചടക്കം നിയന്ത്രിക്കാൻ നിയമം കർശനമാക്കി സ്പാനിഷ് ഫുട്ബോൾ അധികൃതർ. അതിരുകടന്ന ഗോൾ ആഘോഷങ്ങളും ഫ്രീകിക്കുകൾ ലഭിക്കാൻ മനഃപൂർവം വീഴുന്നതും ശിക്ഷാർഹമായ കുറ്റമാക്കിയാണ് നിയമത്തിൽ മാറ്റംവരുത്തിയത്. നേരത്തെ ഇവയിൽ കടുത്ത ശിക്ഷകൾ ഉണ്ടായിരുന്നില്ല. പെനൽറ്റിക്കുവേണ്ടി ഗോൾ ഏരിയയിൽ മനഃപൂർവം വീഴുന്നതിനു മാത്രമാണ് മഞ്ഞക്കാർഡ് നൽകിയിരുന്നത്.
ലീഗ് മത്സരത്തിൽ എസ്പാന്യോളിനെതിരെ ബാഴ്സലോണയുടെ സമനിലഗോൾ നേടിയ ജെറാർഡ് പിക്വെയുടെ ആഘോഷം വിമർശം വിളിച്ചുവരുത്തിയതിന് തൊട്ടുപിന്നാലെയാണ് നിയമങ്ങൾ കർശനമാക്കിയത്. ഗോളടിച്ചശേഷം എസ്പാന്യോൾ ആരാധകരെ നോക്കി ചുണ്ടിൽ വിരൽചേർത്ത് നിശബ്ദരാകാൻ പിക്വെ ആവശ്യപ്പെട്ടിരുന്നു. ഇതിനെത്തുടർന്ന് കാണികൾ പിക്വെയ്ക്കെതിരെ മുദ്രാവാക്യം മുഴക്കി. സംഭവത്തിൽ പിക്വെയെ വിമർശിച്ച് സ്പാനിഷ് ലീഗ് പ്രസിഡന്റ് ഹാവിയെർ തെബാസ്തന്നെ മുന്നോട്ടുവന്നിരുന്നു.