
കൊച്ചി > മൈക്രോസോഫ്റ്റിന്റെ അമേരിക്കൻ പങ്കാളിയായ ഡിജിറ്റൽക്ലൗഡ്സൊല്യൂഷൻസ് കമ്പനിയായ വലോറം, കൊച്ചി സ്മാർട്ട്‌സിറ്റിയിൽ പ്രവർത്തനമാരംഭിച്ചു. വലോറമിന്റെ ഇന്ത്യയിലെ ഒരേയൊരു സെന്റർ സംസ്ഥാന ഐടി സെക്രട്ടറി എം ശിവശങ്കർ ഉദ്ഘാടനംചെയ്തു. മനുഷ്യവിഭവങ്ങളുടെ ശരിയായ സംഘാടനമാണ് ഏതൊരു കമ്പനിയുടെയും വിജയമെന്ന് അദ്ദേഹം പറഞ്ഞു. വിജയപരാജയങ്ങൾ കണക്കാക്കാതെ ഏതൊരു പരീക്ഷണത്തെയും നൂറു ശതമാനം പ്രതിബദ്ധതയോടെ നേരിടുകയെന്നത് കേരളീയരുടെ പ്രത്യേകതയാണെന്നും അതു മുതലാക്കാൻ വലോറമിന് സാധിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു. മാനേജ്‌മെന്റ്തലത്തിൽ ഈയിടെയുണ്ടായ മാറ്റങ്ങളെത്തുടർന്ന് സ്മാർട്ട്‌സിറ്റി വമ്പിച്ച വികസനത്തിന് സാക്ഷ്യംവഹിക്കുകയാണെന്നും ശിവശങ്കർ കൂട്ടിച്ചേർത്തു.
അന്താരാഷ്ട്ര കമ്പനികൾ ഇന്ത്യയിലെ ബിസിനസ്‌വ്യാപനത്തിൽ ആദ്യപരിഗണന കേരളത്തിന്, പ്രത്യേകിച്ച് കൊച്ചിക്കു നൽകാൻ തുടങ്ങിയതായി സ്മാർട്ട്‌സിറ്റി സിഇഒ മനോജ്നായർ പറഞ്ഞു. മികച്ച അടിസ്ഥാനസൗകര്യങ്ങളുടെയും പ്രതിബദ്ധതയും കഴിവുമുള്ള ആളുകളുടെയും ലഭ്യതയാണ് ഇതിനു പ്രധാന കാരണമെന്നും അദ്ദേഹം പറഞ്ഞു. വലോറം ഇന്ത്യയിലെ തങ്ങളുടെ ആദ്യകേന്ദ്രം സ്മാർട്ട്സിറ്റിയിൽ ആരംഭിച്ചത് ഏറെ പ്രോത്സാഹനജനകമാണെന്നും മനോജ്‌നായർ പറഞ്ഞു.
സ്മാർട്ട്‌സിറ്റിയിലെ ആദ്യ ഐടി മന്ദിരത്തിൽ 28,000 ചതുരശ്രയടി സ്ഥലമാണ് കമ്പനി ഏറ്റെടുത്തിരിക്കുന്നത്. ഈ ഓഫീസിൽ ഒരുസമയം 280ഓളം പേർക്ക് ജോലിചെയ്യാൻ സൗകര്യമുണ്ടെന്ന്‌വലോറം ഇന്ത്യൻ ഓപ്പറേഷൻസ് വൈസ്പ്രസിഡന്റ് കുര്യൻ ജോർജ് പറഞ്ഞു. പുതിയ ഓഫീസ്, കമ്പനിയെ നിരവധി ഫോർച്ച്യൂൺ 500 കമ്പനികൾക്കൊപ്പം സ്മാർട്ട്‌സിറ്റിയുടെ ആഗോള ശൃംഖലയുമായി ബന്ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ തങ്ങളുടെ ഇടപാടുകാർക്ക് ക്ലൗഡ് ടെക്നോളജി സൊല്യൂഷൻ ലഭ്യമാക്കാൻ സ്മാർട്ട്‌സിറ്റി ഓഫീസിൽ പ്രദേശത്തെ ഏറ്റവും മികച്ച പ്രൊഫഷണലുകളെ ഉൾപ്പെടുത്തി വികസനപദ്ധതിക്ക് രൂപംനൽകിയതായും കുര്യൻ ജോർജ് കൂട്ടിച്ചേർത്തു. വലോറം പ്രസിഡന്റ്ജസ്റ്റിൻ ജാക്‌സൺ, ഗ്ലോബൽ ഓപ്പറേഷൻസ് സീനിയർ വൈസ്പ്രസിഡന്റ് ബാംബി ജോർജ്, ഗ്ലോബൽ ഡെലിവറി വൈസ് പ്രസിഡന്റ് ജോബി ജോയ് തുടങ്ങിയവർ സംസാരിച്ചു.