കെഎസ്ആർടിസി പെൻഷൻകാരുടെ മരണം സർക്കാരിനെ പ്രതിക്കൂട്ടിലാക്കാൻ നുണപ്രചാരണം

Friday Feb 9, 2018
വെബ് ഡെസ്‌ക്‌


തിരുവനന്തപുരം > കെഎസ്ആർടിസി മുൻ ജീവനക്കാരുടെ അസ്വാഭാവികമരണവും സർക്കാരിനെതിരെ ആയുധമാക്കാൻ വലതുപക്ഷമാധ്യമങ്ങളുടെ സംഘടിത ഗൂഢാലോചന. കെഎസ്ആർടിസി പെൻഷൻ ലഭിക്കാത്തതിനെത്തുടർന്നുള്ള സാമ്പത്തികപ്രതിസന്ധിയാണ് മരണകാരണമെന്ന് വരുത്തിയാണ് ചില ദൃശ്യമാധ്യമങ്ങൾ വ്യാഴാഴ്ച രാവിലെമുതൽ വാർത്ത നൽകിയത്.

നേമം സ്വദേശി കെ കരുണാകരൻ, തലശേരി പൊന്ന്യം സ്വദേശി നടേശ് ബാബു എന്നിവരാണ് മരിച്ചത്. ഏതാനും ദിവസം മുമ്പ് ആത്മഹത്യക്ക് ശ്രമിച്ച കരുണാകരൻ ബുധനാഴ്ച രാത്രിയാണ് മരിച്ചത്. തലശേരി സ്വദേശിയായ നടേശ് ബാബു വയനാട് ജില്ലയിലെ ഒരുഹോട്ടലിൽ ഏതാനും ദിവസമായി മുറിയെടുത്ത് താമസിക്കുകയുമായിരുന്നു. ഒരു സാമ്പത്തികപ്രതിസന്ധിയുമില്ലെന്ന് മരിച്ച രണ്ടുപേരുടെയും ബന്ധുക്കൾ വ്യക്തമാക്കിയിട്ടും മുഖവിലയ്‌ക്കെടുക്കാതെയാണ് ദൃശ്യമാധ്യമങ്ങൾ വ്യാജവാർത്ത നൽകിയത്. കരുണാകരന്റെ മൃതദേഹവുമായി സെക്രട്ടറിയറ്റിനുമുന്നിൽ പ്രതിഷേധം സംഘടിപ്പിക്കാൻ പ്രതിപക്ഷവും ചില ചാനലുകാരും ഗൂഢാലോചന നടത്തിയെങ്കിലും ബന്ധുക്കൾ സമ്മതിച്ചില്ല. ഫെബ്രുവരി രണ്ടിനാണ് നേമം പൊലീസ് ക്വാട്ടേഴ്‌സിനു സമീപം കരുണാകരൻ (75) അണുനാശിനി കഴിച്ചത്. മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ഇദ്ദേഹം ബുധനാഴ്ച മരിച്ചു. വ്യാഴാഴ്ചയാണ് ചാനലുകാർ വിവരമറിഞ്ഞത്. കരുണാകരനെ വാർധക്യസഹജമായ നിരവധി അസുഖങ്ങൾ അലട്ടിയിരുന്നു. മരുന്നുകളും കഴിക്കുന്നുണ്ടായിരുന്നു. സ്വന്തം പറമ്പിലെ കൃഷി നോക്കാൻ പോകാൻപോലും കഴിയാതെ അവശനായതോടെ മാനസികമായി തളർന്നതായി മക്കൾ പറഞ്ഞു. ഇതാകാം ആത്മഹത്യക്ക് കാരണമെന്ന് മകൻ അനീഷ് നേമം പൊലീസിൽ മൊഴി നൽകിയിട്ടുമുണ്ട്.
കരുണാകരന്റെ മൂന്ന് പെൺമക്കളും വിവാഹിതരാണ്. ഇളയ മകൻ അനീഷ് ഗൾഫിൽനിന്ന് തിരിച്ചെത്തി സ്വന്തമായി ബിസിനസ് നടത്തുന്നു. നേമത്ത് സ്വന്തമായി രണ്ടായിരം ചതുരശ്ര അടിയിലേറെ വിസ്തീർണമുള്ള വീടും 50 സെന്റോളം ഭൂമിയും കരുണാകരനുണ്ട്. നിർദിഷ്ട കരമനകളിയിക്കാവിള ദേശീയപാതയിൽനിന്ന് ഒരു കിലോമീറ്ററിനുള്ളിലാണ് വീടും വസ്തുവും.

നടേശ് ബാബു അടുത്തിടെയാണ് പൊന്ന്യം നാലാംമൈലിൽ പത്തുസെന്റ് ഭൂമി വാങ്ങി ഇരുനില വീട് പണിതത്. ഇദ്ദേഹത്തിന്റെ രണ്ട് ആൺമക്കൾ ഗൾഫിലാണ്. മൂന്നാമത്തെയാൾ ഗൾഫിൽനിന്ന് മടങ്ങിയെത്തി ബിസിനസ് ചെയ്യുന്നു. സാമ്പത്തികമായി ഒരു പ്രതിസന്ധിയും ഈ കുടുംബത്തിനില്ല. ആത്മഹത്യ ചെയ്യാനുള്ള കാരണങ്ങളൊന്നും ഉണ്ടായിരുന്നതായി അറിയില്ലെന്ന് നാട്ടുകാർ പറയുന്നു.
 

Tags :
ksrtc കെഎസ്ആർടിസി