കാവിവത്ക്കരണം അവസാനിപ്പിക്കാതെ യോഗി സര്‍ക്കാര്‍; ലക്‌നൗവിലെ പൊലീസ് സ്റ്റേഷനും കാവി പൂശി

Friday Feb 9, 2018
വെബ് ഡെസ്‌ക്‌

ലക്‌നൗ > കാവിവത്കരണം അവസാനിപ്പിക്കാതെ ഉത്തര്‍പ്രദേശിലെ ബിജെപി സര്‍ക്കാര്‍. യുപിയിലെ ഹജ്ജ് ഹൗസിനും പാര്‍ക്കുകള്‍ക്കും കാവി നിറം പൂശിയതിനു പിന്നാലെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഭരണ കേന്ദ്രമായ ലക്‌നൗവിലെ പൊലീസ് സ്റ്റേഷനും കാവി പെയിന്റടിച്ചു.  ഗോമി നഗര്‍ പൊലീസ് സ്റ്റേഷന്റെ മതിലിനാണ് കാവി പെയിന്റടിച്ചിരിക്കുന്നത്.

കാവി നിറം പൂശുന്ന രണ്ടാമത്തെ പൊലീസ് സ്റ്റേഷനാണ് ഗോമി നഗറിലേത്. ഇതിനു മുമ്പ് ഗാസിയാര്‍ ബംഗിലെ പൊലീസ് സ്റ്റേഷനും കാവി പെയിന്റടിച്ചിരുന്നു. ഒരു മാസം മുന്‍പ് ഹജ്ജ് കമ്മിറ്റി ഓഫീസിന്റെ മതിലിലും കാവി കളറിലുള്ള പെയിന്റ് അടിച്ചത് വാര്‍ത്തയായിരുന്നു.

ഉത്തര്‍പ്രദേശില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ചരിത്ര സ്മാരകങ്ങള്‍ക്കും വരെ കാവി നിറം പൂശിയിരുന്നു. യു പിയിലെ ബസുകള്‍ക്കും വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്ത സര്‍ട്ടിഫിക്കറ്റില്‍ വരെ കാവിവത്ക്കരണം നടത്തിയിരുന്നു യോഗി സര്‍ക്കാര്‍.
 

Tags :
police station ബിജെപി കാവിവത്കരണം യോഗി ആദിത്യനാഥ്