സമനില, തിരിച്ചടി

Friday Feb 9, 2018
വെബ് ഡെസ്‌ക്‌
കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യഗോൾ നേടി‍യ ഗുജോൺ ബാൽവിൻസന്റെ ആഹ്ലാദം

 

കൊൽക്കത്ത > ജയം മാത്രം ലക്ഷ്യമിട്ടിറങ്ങിയ കേരള ബ്ലാസ്റ്റേഴ്സ് എടികെയോട് സമനിലയിൽ കുരുങ്ങി (2‐2). രണ്ടുതവണ മുന്നിട്ടുനിന്നശേഷമാണ് ബ്ലാസ്റ്റേഴ്സ് സമനില വഴങ്ങിയത്. ഇതോടെ ഐഎസ്എലിൽ ബ്ലാസ്റ്റേഴ്സിന്റെ പ്ലേ ഓഫ് സാധ്യതയ്ക്ക് കനത്ത തിരിച്ചടിയേറ്റു. ബ്ലാസ്റ്റേഴ്സിനായി ഗുജോൺ ബാൽവിൻസണും ദിമിതർ ബെർബറ്റോവും ലക്ഷ്യംകണ്ടു. റ്യാൻ ടെയ്ലറും ടോം തോർപ്പുമാണ് എടികെയുടെ ഗോൾവേട്ടക്കാർ. 21 പോയിന്റുമായി അഞ്ചാമതാണ് ബ്ലാസ്റ്റേഴ്സ്. ഇനി മൂന്ന് കളി മാത്രമേ ശേഷിക്കുന്നുള്ളൂ. എടികെ 13 പോയിന്റുമായി എട്ടാമത് തുടർന്നു.

ഇയാൻ ഹ്യൂം പരിക്കുകാരണം പിന്മാറിയതിനാൽ ഗുജോൺ ബാൽവിൻസണൊപ്പം മുന്നേറ്റത്തിൽ ദിമിതർ ബെർബറ്റോവ് നിലകൊണ്ടു. തുടക്കത്തിൽ സഹകളിക്കാരുമായി ഒത്തിണക്കം തീരെ ഉണ്ടായില്ല ബെർബയ്ക്ക്. നിലവിലെ ചാമ്പ്യൻമാരായ എടികെയും മോശം കളിയാണ് ആദ്യഘട്ടത്തിൽ കളിച്ചത്. ഒത്തിണക്കമുണ്ടായില്ല കളിക്ക്. രണ്ടാം പകുതിയിൽ എടികെ മികവുകാട്ടി.

സസ്പെൻഷനിലുള്ള ക്യാപ്റ്റൻ സന്ദേശ് ജിങ്കനില്ലാതെയാണ് ബ്ലാസ്റ്റേഴ്സ് ഇറങ്ങിയത്. നെമാന്യ ലാകിച്ച് പെസിച്ചിന്റെ മികവ് ജിങ്കന്റെ അഭാവം അറിയിച്ചില്ല. ആദ്യപകുതിയിൽ മികച്ച ഇടപെടലുകൾ നടത്തിയതും പെസിച്ചായിരുന്നു. പക്ഷേ, എടികെ ആക്രമണം കനത്തതോടെ പ്രതിരോധം വിളറാൻതുടങ്ങി.

ടോം തോർപ്പും റ്യാൻ ടെയ്ലറുമാ ണ് എടികെ നിരയിൽ തിളങ്ങിയത്. കളിതുടങ്ങി അരമണിക്കൂർ തികഞ്ഞപ്പോഴാണ് ബ്ലാസ്റ്റേഴ്സ് ഗോളടിച്ചത്. ഇടതുവശത്ത് കറേജ് പെകൂസണും കെ പ്രശാന്തും നടത്തിയ നീക്കം വഴിതെളിച്ചു. പ്രശാന്തിന്റെ മിന്നുന്ന ക്രോസ് വലയുടെ വലതുമൂലയിൽ ബാൽവിൻസണെ കണ്ടു. ഈ ഐസ്ലൻഡുകാരൻ ശക്തി യോടെ കുത്തി. ജോർഡി മൊണ്ടലിന്റെ മുതുകിൽതട്ടി പന്ത് വലയിൽ ഇറങ്ങി.

അഞ്ചുമിനിറ്റിനുള്ളിൽ എടികെ തിരിച്ചടിച്ചു. മിലാൻ സിങ് ബോക്സിനുള്ളിൽനിന്ന് തട്ടിയിട്ട പന്ത് ഏറ്റുവാങ്ങുന്നതിൽ ബെർബറ്റോവ് അലസത കാട്ടി. ഇതിനിടെ റ്യാൻ ടെയ്ലർ പന്ത് റാഞ്ചി. അടിയും തൊടുത്തു. നിലംപറ്റിയുള്ള ഷോട്ട് ലാൽറുവാത്തരയുടെ കാലിൽതട്ടി വലയ്ക്കുള്ളിൽ കടന്നു. ഗോൾകീപ്പർ സുഭാശിഷ് റോയി ചൗധരിക്ക് ഒന്നുംചെയ്യാനായില്ല.

ഇടവേളയ്ക്കുശേഷം ബാൽവിൻസന്റെ മികച്ചൊരു ഹെഡർ എടികെ ഗോൾകീപ്പർ സോം പോറി പിടിച്ചെടുത്തു. പിന്നാലെ ഗോളി മാത്രം മുന്നിൽനിൽക്കെ കിട്ടിയ സുവർണാവസരം പെകൂസണും പാഴാക്കി. ഒരുമണിക്കൂർ തികയുമ്പോഴേക്കും ബെർബയിലൂടെ ബ്ലാസ്റ്റേഴ്സ് ലീഡെടുത്തു. പ്രശാന്തിനെ വീഴ്ത്തിയതിനു കിട്ടിയ ഫ്രീകിക്കിൽനിന്നായിരുന്നു തുടക്കം. ഗോൾമുഖത്തുനിന്ന് തട്ടിത്തെറിച്ച പന്ത് ബെർബറ്റോവ് കൃത്യമായി വലയുടെ ഇടതുമൂലയിലേക്കിട്ടു. അവസാനഘട്ടത്തിലെ പ്രതിരോധപ്പിഴവുകൾ ബ്ലാസ്റ്റേഴ്സിനെ തളർത്തി. റ്യാൻ ടെയ്ലർ ഒരുക്കിയ അവസരത്തിൽ തോർപ്പ് അനായാസം ലക്ഷ്യംകണ്ടു. അവസാനനിമിഷം ബാൽവിൻസണ് കിട്ടിയ അവസരം പാഴായി.

ഇന്ന് ബംഗളൂരു എഫ്സിയും എഫ്സി ഗോവയും തമ്മിൽ ഏറ്റുമുട്ടും. ബ്ലാസ്റ്റേഴ്സിന് 17ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡുമായിട്ടാണ് അടുത്ത മത്സരം.

Tags :
കേരള ബ്ലാസ്റ്റേഴ്സ് എടികെ