ന്യൂഡൽഹി > എൻഡിഎ ഘടകകക്ഷികളെപ്പോലും തൃപ്തിപ്പെടുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ദീർഘപ്രസംഗങ്ങൾക്ക് കഴിയുന്നില്ലെന്ന് സിപിഐ എം ലോക്സഭാ കക്ഷി ഉപനേതാവ് മുഹമ്മദ് സലിം പറഞ്ഞു. പ്രധാനമന്ത്രിയുടെ പാർലമെന്റിലെ പ്രസംഗത്തിനുശേഷവും ഘടകകക്ഷികൾ പ്രതിഷേധം തുടരുകയാണ്. പാർലമെന്റ് ഫലപ്രദമായി ചേരാൻ കഴിയുന്നില്ല. എൻഡിഎ യോഗം വിളിച്ച് പ്രശ്നങ്ങൾ പരിഹരിക്കുകയാണ് ചെയ്യേണ്ടത്. ടിഡിപി അംഗങ്ങൾ ഉൾപ്പെടെ പാർലമെന്റിന്റെ ഇരുസഭയിലും നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുന്നതിനോട് വാർത്താസമ്മേളനത്തിൽ പ്രതികരിക്കുകയായിരുന്നു സലിം.
'പ്രധാനമന്ത്രി തന്റെ പ്രസംഗത്തിൽ ചരിത്രംമാത്രമാണ് പറഞ്ഞത്. ഈ സർക്കാരിന്റെ നേട്ടങ്ങളെക്കുറിച്ച് പറഞ്ഞില്ല, ചെയ്യാൻ ഉദ്ദേശിക്കുന്ന കാര്യങ്ങളെക്കുറിച്ചും ഒന്നും പറഞ്ഞില്ല. 2014നുമുമ്പുള്ള കാര്യങ്ങളും 2022നുശേഷമുള്ള കാര്യങ്ങളുമാണ് പ്രധാനമന്ത്രി എപ്പോഴും സംസാരിക്കുന്നത്. 2019 വരെ മാത്രമാണ് ഈ സർക്കാരിന്റെ കാലാവധിയെന്ന് പ്രധാനമന്ത്രി ഓർക്കുന്നില്ല. പാർലമെന്റ് നാടകവേദിയല്ല. നാടകീയമായി പ്രസംഗിക്കുകയല്ല ചെയ്യേണ്ടത്, പുറത്തുനടക്കുന്ന രാഷ്ട്രീയനാടകങ്ങൾ ഇവിടെ തുറന്നുകാട്ടുകയാണ് വേണ്ടത്. ഒരു പാർലമെന്റ് അംഗത്തെ പ്രധാനമന്ത്രി ശൂർപ്പണഖയോട് ഉപമിച്ചത് ദൗർഭാഗ്യകരമാണ്.
ഇത് കേവലം നാക്കുപിഴയല്ല, മനോഭാവത്തിന്റെ പ്രകടനമാണ്. വൃത്തികെട്ട ചിന്തയുടെ പ്രതിഫലനമാണ്'‐ സലിം പറഞ്ഞു. കഴിഞ്ഞദിവസം രാജ്യസഭയിൽ രേണുക ചൗധരിയെ ശൂർപ്പണഖയോട് ഉപമിച്ച് മോഡി സംസാരിച്ചത് വിവാദമായിരുന്നു.
അടിക്കടി തെരഞ്ഞെടുപ്പുകൾ നടക്കുന്നത് ഭരണത്തെ ബാധിക്കുന്നുവെന്നാണ് ബിജെപിയുടെയും സർക്കാരിന്റെയും പരാതി. എന്നാൽ, പ്രധാനമന്ത്രി എപ്പോഴും തെരഞ്ഞെടുപ്പ് മൂഡിലാണ്. ഒരുകൊച്ചുസംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടന്നാൽപ്പോലും മോഡി തിരക്കിലാകും. ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് എന്നു പറയുന്ന ബിജെപിക്ക് ഒരു രാജ്യം, ഒരു നേതാവ് എന്നതാണ് അവസ്ഥ.
റാഫേൽയുദ്ധവിമാന ഇടപാടിനെക്കുറിച്ച് കേന്ദ്രസർക്കർ ധവളപത്രം ഇറക്കണമെന്നും സലിം ആവശ്യപ്പെട്ടു.