കേരളത്തിന് ബാസ് കറ്റ്ബോൾ കിരീടം

Friday Feb 9, 2018
വെബ് ഡെസ്‌ക്‌
ഖേലോ ഇന്ത്യ ദേശീയ ഗെയിംസിൽ പെൺകുട്ടികളുടെ ബാസ്കറ്റ്ബോളിൽ ചാമ്പ്യൻമാരായ കേരള ടീം പരിശീലകനോടൊപ്പം


ന്യൂഡൽഹി > ഖേലോ ഇന്ത്യ സ്കൂൾ ഗെയിംസ് ബാസ്കറ്റ്ബോളിൽ കേരളത്തിന്റെ പെൺകുട്ടികൾക്ക് സ്വർണം. ഫൈനലിൽ ഹരിയാനയെയാണ് തോൽപ്പിച്ചത് (90‐47). ഗെയിംസിൽ കേരളത്തിന് വൈൽഡ് കാർഡ് പ്രവേശമായിരുന്നു. ഗെയിംസ് ടീം ഇനത്തിൽ കേരളം നേടിയ ഏക സ്വർണവും ഇതുതന്നെ.  ആൺകുട്ടികളിൽ പഞ്ചാബിനാണ് സ്വർണം. ഡൽഹിയെ തോൽപ്പിച്ചു (78‐76).

ഫൈനലിൽ തകർപ്പൻ പ്രകടനമാണ് കേരളം പുറത്തെടുത്തത്. അണ്ടർ 17 ദേശീയ കളിക്കാരായ ആർ ശ്രീകല, ആൻമേരി സക്കറിയ എന്നിവരുൾപ്പെട്ട ടീം ഹരിയാനയ്ക്കെതിരെ ആധികാരിക ജയം നൽകി. ഗ്രൂപ്പ്ഘട്ടത്തിൽ ഇരു ടീമും ഏറ്റുമുട്ടിയപ്പോൾ 74‐65നായിരുന്നു കേരളത്തിന്റെ ജയം.

ഫൈനലിന്റെ ആദ്യ ക്വാർട്ടറിൽതന്നെ കേരളം കുതിച്ചു. 28‐8ന്റെ ലീഡ്. ആദ്യപകുതിയിൽ അത് 55‐19 ആക്കിയ ഉയർത്തി. മൂന്നാം ക്വാർട്ടറിൽ ഹരിയാന തിരിച്ചുവരാൻ ശ്രമിച്ചു. റിതിക, സുമൻ, സോണിക എന്നിവർ ലക്ഷ്യംകാണാൻ തുടങ്ങി. പക്ഷേ, കേരളത്തിന്റെ കൂറ്റൻ ലീഡ് മറികടക്കാനുള്ള കരുത്തൊന്നും ഹരിയാനയ്ക്ക് ഉണ്ടായില്ല.
33 പോയിന്റുമായി ശ്രീകല ജയത്തിൽ നിർണായക പങ്കുവഹിച്ചു. ആൻമേരി 21 പോയിന്റ് നേടി.തിരുവനന്തപുരം സെന്റ് ജോസഫ്സ് എച്ച്എസ്എസിലെ മനോജ് സേവ്യറാണ് പരിശീലകൻ. എൽഎൻസിപിഇയിലെ അപർണ മാനേജരും.

ടീം അംഗങ്ങൾ: ആർ ശ്രീകല, എസ് ജിജി, എസ് എസ് കൃഷ്ണപ്രിയ (സെന്റ് ഗൊറെട്ടിസ് സ്കൂൾ തിരുവനന്തപുരം), ആൻ മേരി സക്കറിയ, സുമറ സ്റ്റാൻലി (മൗണ്ട് കാർമൽ എച്ച്എസ്എസ് കോട്ടയം), ആൻ മരിയ ജോണി, അപർണ സദാശിവൻ (ലിറ്റിൽ ഫ്ളവർ എച്ച്എസ്എസ് കൊരട്ടി), സി എസ് അനു മരിയ (സായ് തലശേരി), സാന്ദ്ര സേവ്യർ (ശാന്ത്ലാൽ ജ്യോതി മുട്ടം), റെബേട്ട മാർട്ടിൻ (ഭവൻസ് എളമക്കര), ദേവിക പ്രജോഷ് (സെന്റ് മൈക്കിൾസ് ജിഎച്ച്എസ് കോഴിക്കോട്). 

Tags :
ബാസ്കറ്റ്ബോൾ കേരളം ഖേലോ ഇന്ത്യ സ്കൂൾ ഗെയിംസ്