ചില്ലറവ്യാപാരം വിദേശ കുത്തകകളിലേക്ക്

Thursday Feb 8, 2018
ഡോ. കെ എസ് പ്രദീപ് കുമാർ


സ്വദേശി മുദ്രാവാക്യം ഉയർത്തി അധികാരത്തിൽവന്ന നരേന്ദ്ര മോഡി സർക്കാർ രാജ്യത്തെ ചില്ലറ വ്യാപാരമേഖല വിദേശ കുത്തക കമ്പനികൾക്ക് തുറന്നുകൊടുത്തിരിക്കുന്നു. ചില്ലറ വ്യാപാരരംഗത്ത് നേരിട്ടുള്ള വിദേശനിക്ഷേപം അനുവദിക്കുന്നതിനായി കഴിഞ്ഞ മൂന്നുവർഷത്തിനുള്ളിൽ നിരവധി തീരുമാനങ്ങളാണ് മോഡി സർക്കാർ എടുത്തത്. ഏറ്റവുമൊടുവിൽ ഒറ്റ ബ്രാൻഡ് ചില്ലറവ്യാപാരത്തിൽ 100 ശതമാനം സ്വാഭാവികമാർഗത്തിൽ വിദേശനിക്ഷേപം അനുവദിക്കാൻ തീരുമാനിച്ചു.  ഇന്ത്യൻ പങ്കാളി വേണമെന്നതും തദ്ദേശീയമായ 30 ശതമാനം ഉൽപ്പന്നങ്ങൾ വേണമെന്നതുമായ വ്യവസ്ഥകളിൽ ഇളവ് നൽകി.  രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം ഇനി വിദേശ കുത്തക കമ്പനികളുടെ സ്റ്റോറുകൾ കീഴടക്കും.

നവ ഉദാരവൽക്കരണ സാമ്പത്തികനയങ്ങളുടെ തുടർച്ചയായി ഒന്നാം യുപിഎ സർക്കാരാണ് 2006 ജനുവരിയിൽ ഒറ്റ ബ്രാൻഡ് ചില്ലറവ്യാപാരത്തിൽ 51 ശതമാനം വിദേശനിക്ഷേപം അനുവദിച്ചത്.  2012ൽ രണ്ടാം യുപിഎ സർക്കാർ സിംഗിൾ ബ്രാൻഡ് ചില്ലറവ്യാപാരത്തിൽ 61 ശതമാനവും മൾട്ടി ബ്രാൻഡ് ചില്ലറവ്യാപാരത്തിൽ 51 ശതമാനവും മൊത്തവ്യാപാരത്തിൽ 100 ശതമാനവും നേരിട്ടുള്ള വിദേശനിക്ഷേപത്തിന് അനുമതി നൽകി.  മൾട്ടി ബ്രാൻഡ് ചില്ലറവ്യാപാരത്തിൽ വിദേശനിക്ഷേപം അനുവദിക്കാനുള്ള തീരുമാനത്തെ അന്ന് ബിജെപി ശക്തിയായി എതിർത്തു. അന്നത്തെ പ്രതിപക്ഷനേതാവായിരുന്ന സുഷ്മ സ്വരാജ് പാർലമെന്റിൽ പ്രസ്താവിച്ചത് ചില്ലറവ്യാപാര രംഗത്തെ വിദേശനിക്ഷേപം ചില്ലറവ്യാപാരത്തിന്റെ മരണമണിയാണ് എന്നാണ്. 2014ലെ ലോക്സഭാതെരഞ്ഞെടുപ്പിലെ പ്രകടനപത്രികയിൽ ബിജെപി പറഞ്ഞത് ചില്ലറവിൽപ്പനമേഖലയിൽ നേരിട്ടുള്ള വിദേശനിക്ഷേപം അനുവദിക്കുകയില്ലെന്നാണ്. എന്നാൽ, മോഡി അധികാരത്തിൽവന്നയുടൻ സിംഗിൾ ബ്രാൻഡ് ചില്ലറവ്യാപാരത്തിൽ 100 ശതമാനം വിദേശനിക്ഷേപം അനുവദിച്ചു.  സംഘപരിവാർ സംഘടനകൾ ഉയർത്തുന്ന സ്വദേശി മുദ്രാവാക്യത്തിന്റെ തട്ടിപ്പ് ഇതിലൂടെ തിരിച്ചറിയാം.

മോഡി സർക്കാർ ഇ‐കൊമേഴ്സ് രംഗത്ത് വിദേശ മൂലധന താൽപ്പര്യം സംരക്ഷിക്കുന്ന നയമാണ് നടപ്പാക്കുന്നത്.  വിദേശ കമ്പനികൾക്ക് ഒരു നിയന്ത്രണവുമില്ലാതെ വെയർഹൗസുകളും കോൾസെന്ററുകളും ഉപയോക്താക്കളുമായി നേരിട്ട് പണമിടപാടുകൾ നടത്താനുമുള്ള അനുമതി നൽകി. ഇതോടെ വിദേശ കമ്പനികൾക്ക് അവരുടെ ഉൽപ്പന്നങ്ങൾക്ക് നേരിട്ട് ഉപയോക്താക്കൾക്ക് വിൽക്കാൻകഴിയുന്ന സ്ഥിതിയുണ്ടായി. മുപ്പതിനായിരം കോടി രൂപയിലധികമാണ് ഒരുവർഷം വിദേശ കമ്പനികൾ ഇന്ത്യൻ കമ്പോളത്തിൽനിന്ന് കൊണ്ടുപോകുന്നത്.
കാർഷികമേഖലയെയും ചില്ലറ വ്യാപാരമേഖലയെയും ബന്ധിപ്പിക്കുന്ന ഭക്ഷ്യോൽപ്പന്ന സംസ്കരണ വിതരണരംഗത്തും 100 ശതമാനം വിദേശനിക്ഷേപം അനുവദിച്ചത് മോഡി സർക്കാരാണ്.  ഇതിനെതിരെ കോൺഫെഡറേഷൻ ഓഫ് ആൾ ഇന്ത്യാ ട്രേഡേഴ്സ് പ്രതികരിച്ചത് പിൻവാതിലിലൂടെ കാർഷിക‐ചില്ലറ വ്യാപാര രംഗത്ത് വിദേശ കമ്പനികളെ മോഡി സർക്കാർ കൊണ്ടുവരുകയാണ് എന്നാണ്. ഇന്ത്യയിലെ ഭക്ഷ്യോൽപ്പന്നങ്ങളുടെ സംസ്കരണത്തിൽ 42 ശതമാനം കൈകാര്യംചെയ്യുന്നത് അസംഘടിതമേഖലയാണ്. ഇവിടെയാണ് 70 ശതമാനത്തിലധികംപേർ തൊഴിലെടുക്കുന്നത്.  സംഘടിതമേഖല നൽകുന്ന തൊഴിലവസരങ്ങൾ 30 ശതമാനത്തിൽതാഴെയാണ്. വിദേശ കമ്പനികളുടെ കടന്നുവരവോടെ ഭക്ഷ്യസംസ്കരണമേഖല പൂർണമായും ഓട്ടോമേഷന് വിധേയമാകും. ഇതോടെ ലക്ഷക്കണക്കിന് തൊഴിലാളികൾ ഈ മേഖലയിൽ തൊഴിലില്ലാത്തവരായി മാറും.

രാജ്യത്തെ ഏറ്റവും വലിയ അസംഘടിത തൊഴിൽമേഖലയായ ചില്ലറവ്യാപാര രംഗത്ത് 5 കോടി ചില്ലറവിൽപ്പനശാലകളിൽ 13 കോടിയോളം പേർ തൊഴിലെടുക്കുന്നു.  ആഗോളവൽക്കരണ സാമ്പത്തികനയം നടപ്പാക്കിയശേഷമുള്ള കഴിഞ്ഞ 25 വർഷത്തെ കണക്ക് പരിശോധിച്ചാൽ ചില്ലറവ്യാപാര രംഗത്ത് 12 ശതമാനത്തിലധികം തൊഴിൽനഷ്ടം ഉണ്ടായി.  മോഡി സർക്കാർ അധികാരത്തിൽവന്നശേഷം ഓരോവർഷവും തൊഴിൽ നഷ്ടപ്പെടുന്നവരുടെ എണ്ണം ഇരട്ടിയാകുന്നു.  ചില്ലറവ്യാപാര രംഗത്തുനിന്ന് ചെറുകിടവ്യാപാരികളെ ഇല്ലായ്മചെയ്യാൻ നിരവധി തീരുമാനങ്ങളാണ് മോഡി സർക്കാർ എടുത്തത്.  നോട്ട് നിരോധനത്തിന്റെ  തിക്തഫലം കൂടുതൽ അനുഭവിച്ചത് ചെറുകിടവ്യാപാരികളാണ്.  വൻകിട കമ്പനികളുടെ സൂപ്പർ മാർക്കറ്റുകളിലൂടെ ഡെബിറ്റ്‐ ക്രെഡിറ്റ് കാർഡുകൾ, ഡിജിറ്റൽ പണം എന്നിവ ഉപയോഗിച്ച് ജനങ്ങൾക്ക് ഇടപാട് നടത്താൻ കഴിഞ്ഞു.  ഇതുമൂലം അവരുടെ  വിൽപ്പനയിൽ 40 ശതമാനം വർധന ഉണ്ടായി.  എന്നാൽ,  ചെറുകിടവ്യാപാരികളുടെ വിൽപ്പന ഈ കാലയളവിൽ  50 ശതമാനത്തിലധികം താഴ്ന്നു.  ഒരിക്കൽ തങ്ങൾക്ക് നഷ്ടപ്പെട്ടുപോകുന്ന ഉപയോക്താക്കളെ തിരിച്ച് കിട്ടാറില്ലെന്ന് വ്യാപാരികൾ പറയുന്നു. ജിഎസ്ടി കൂടി വന്നതോടെ ചെറുകിടവ്യാപാരികളുടെ വിൽപ്പന വീണ്ടും ഇടിഞ്ഞു.

ചില്ലറവ്യാപാര രംഗത്തെ നിയന്ത്രിക്കുന്ന ചെറുകിടവ്യാപാരികളും വഴിയോരക്കച്ചവടക്കാരും ഉൾക്കൊള്ളുന്ന അസംഘടിതമേഖല തകർന്നെങ്കിൽമാത്രമേ വിദേശ കുത്തക കമ്പനികൾക്ക് യഥേഷ്ടം വിപണിയിൽ കടന്നുവരാൻ കഴിയൂ.  ചില്ലറവ്യാപാര രംഗത്തെ ആഗോളഭീമനായ വാൾമാർട്ട് നാട്ടിലെങ്ങും ബ്രിക് ആൻഡ് മോർട്ടാർ സ്റ്റോറുകളും ഓൺലൈൻ വ്യാപാരകേന്ദ്രങ്ങളും ആവശ്യക്കാർക്ക് സാധനങ്ങൾ വീട്ടിൽ നേരിട്ടെത്തിക്കാനുള്ള വിപണനശൃംഖലകളും ആരംഭിച്ചു. സിംഗിൾ ബ്രാൻഡ് ചില്ലറവ്യാപാരത്തിൽ 100 ശതമാനം സ്വാഭാവികമാർഗത്തിൽ വിദേശനിക്ഷേപം അനുവദിച്ചതോടെ ഇന്ത്യയിൽ അപേക്ഷ നൽകി അനുമതി കാത്തിരുന്ന ജപ്പാനിലെ ഫാഷൻ വസ്ത്രവ്യാപാര രംഗത്തെ കുത്തക കമ്പനിയായ യൂണിക്ലോ, മൊബൈൽ ഫോൺ കമ്പനിയായ സയോമി തുടങ്ങിയ വൻകിട കമ്പനികൾക്ക് പ്രവർത്തനം ആരംഭിക്കാം. ഇന്ത്യൻ കമ്പോളം വിദേശ ഉൽപ്പന്നങ്ങൾകൊണ്ട് നിറയും.  ഉൽപ്പാദനമേഖല രംഗത്ത് പ്രവർത്തിക്കുന്ന ചെറുകിട സൂക്ഷ്മതല സംരംഭങ്ങളുടെ തകർച്ചയിലേക്ക് ഇത് വഴിവയ്ക്കും. ആ രംഗത്ത് തൊഴിലെടുക്കുന്ന ലക്ഷക്കണക്കിന് പേരുടെ തൊഴിൽ നഷ്ടമാകും.  ടെക്സ്റ്റൈൽ, ഫർണിച്ചർ, ഇലക്ട്രോണിക്സ്, തുകൽ, പാദരക്ഷകൾ, സൗന്ദര്യവർധകവസ്തുക്കൾ തുടങ്ങിയ ചെറുകിട ഉൽപ്പാദനമേഖലയിൽ പ്രവർത്തിക്കുന്ന വ്യവസായങ്ങളുടെ ശവപ്പറമ്പായി ഇന്ത്യ മാറും.  കാർഷികമേഖലയുടെ സമ്പൂർണ തകർച്ചയും മറ്റൊരു അനന്തരഫലമാണ്.

രാജ്യത്തെ സാമ്പത്തികനയങ്ങൾ തീരുമാനിക്കപ്പെടുന്നത് ആർക്കുവേണ്ടിയാണെന്ന ചോദ്യം പ്രസക്തമാണ്.  രാജ്യത്തിന്റെ സ്വത്തായ പൊതുമേഖലാസ്ഥാപനങ്ങൾ വിറ്റഴിക്കുന്നതോടൊപ്പം പ്രധാന തൊഴിൽമേഖലകളിലെല്ലാം ഒരു നിയന്ത്രണവും ഇല്ലാതെ വിദേശനിക്ഷേപം കടത്തിവിടുകയാണ്. കഴിഞ്ഞവർഷത്തെ ആസ്തി വർധനയുടെ കണക്കെടുപ്പിൽ ലോകത്ത് രണ്ടാംസ്ഥാനത്ത് എത്തിയത് നരേന്ദ്ര മോഡിയുടെ ഉറ്റ ചങ്ങാതിയായ റിലയൻസ് ഇൻഡസ്ട്രീസിന്റെ ഉടമ മുകേഷ് അംബാനിയാണ്.  77 ശതമാനമായിരുന്നു വർധന.  ഒരുവശത്ത് രാജ്യത്തെ ഏതാനും ശതകോടീശ്വരന്മാരുടെ ആസ്തികൾ വർധിക്കുമ്പോൾ മറുവശത്ത് മഹാഭൂരിപക്ഷം തൊഴിൽ നഷ്ടപ്പെട്ട് ദൈനംദിനജീവിതം തള്ളിനീക്കാൻ പ്രയാസപ്പെടുന്നു.  സ്വദേശിയും വിദേശിയുമായ കുത്തക കമ്പനികൾക്ക് രാജ്യത്തെ വിൽക്കുന്ന പ്രക്രിയ മോഡി പൂർത്തിയാക്കിവരികയാണ് •

Tags :
ചില്ലറവ്യാപാരം കുത്തക നരേന്ദ്ര മോഡി