
സമൂഹത്തിലെ അനീതിക്കും അരക്ഷിതാവസ്ഥക്കുമെതിരെ കലാകാരന്മാര് അല്ലെങ്കില്‍ ലൈംലൈറ്റില്‍ നില്‍ക്കുന്നവര്‍ പറഞ്ഞാല്‍ അത് കേള്‍ക്കാന്‍ ഫോളോവേഴ്സ് ഉണ്ടാവും. അത് ചെയ്യുക എന്നുള്ളത് നമ്മുടെ റെസ്പോണ്‍സിബിലിറ്റി ആണ്. പക്ഷേ, അപ്പോഴും അത് വേറൊരു തരത്തില്‍ വ്യക്തിപരവുമാണ്. അതുകൊണ്ടു തന്നെ ആരെയും നിര്‍ബന്ധിക്കാനും പറ്റില്ല. അതൊരു ബോധ്യത്തിന്റെയും ഉത്ത രവാദിത്തത്തിന്റെയും പ്രശ്നമാണ്. അതേ സമയം നമ്മള്‍ ഒരു വിഷയം ഉന്നയിക്കുമ്പോള്‍ അതിനൊരു വെല്ലുവിളിയുടെയോ പരിഹാസത്തിന്റേയോ ടോണ്‍ ഉണ്ടാകുന്നതിലും നല്ലത്, ആള്‍ക്കൂട്ടത്തില്‍ ഒരാളുടെ ശബ്ദമായി അതിനെ അട യാളപ്പെടുത്താന്‍ കഴിഞ്ഞാല്‍, കൂടുതല്‍ സ്വീകാര്യത കിട്ടു മെന്ന് തന്നെയാണ് എന്റെ വിശ്വാസം- ഗായികയും അഭിനേ ത്രിയുമായ രശ‌്മി സതീഷ് നിലപാടുകള്‍ പങ്കുവയ്ക്കുന്നു...
സംഗീതത്തിലൂടെ രശ്‌മി സതീഷ് അന്വേഷിക്കുന്നത് മാനവികതയോട് അതിനെ എത്രത്തോളം ഉള്‍ച്ചേര്‍ക്കാം എന്നാണ്... നാവ് ചങ്ങലക്കിടുന്ന പുതിയ കാലത്തിന്റെ ഉമ്മറത്തിരുന്ന് അലസമായി അനുഭവിക്കാനുള്ളതല്ല സംഗീതം, മറിച്ച് അശാന്തിയുടെ കറുപ്പ് വീണ തെരുവുകളില്‍ ജ്വലിക്കാനുള്ള വലിയ ഒച്ചയാണത് എന്ന് ഈ കലാകാരി ഉറച്ച് വിശ്വസിക്കുന്നു. മണ്ണിലെ എല്ലാ നിലവിളികള്‍ക്കും മേല്‍ പെയ്തിറങ്ങാനുള്ള മേഘമായി, ഭരണകൂട ഭയപ്പെടുത്തലുകള്‍ക്ക് നേരെയുള്ള ആയുധമായി, പ്രകൃതിചൂഷണത്തിനെതിരെയുള്ള കൂകലായി പാട്ടുകാരനും പാട്ടുകാരിയും മാറിയേ തീരൂ എന്ന കണിശത രശ്മിയെ സംഗീതലോകത്ത് വ്യത്യസ്തയാക്കുന്നു. അസഹിഷ്ണുതയുടെ വേനലില്‍ കലാകാരന്റെ മൌനം തിരുത്താന്‍ കഴിയാത്ത കുറ്റമാണെന്ന് ഇവര്‍ വിശ്വസിക്കുന്നു. പാടി ഉറക്കാനല്ല, കൊട്ടി ഉണര്‍ത്താനാണ് നമ്മുടെ കാലത്ത് കലാകാരന്‍/കലാകാരി ജാഗ്രത പുലര്‍ത്തേണ്ടതെന്നും രശ്‌മി ഓര്‍മപ്പെടുത്തുന്നു.
സൌണ്ട് റെക്കോര്‍ഡിസ്റ്റ്, ഗായിക, നടി, എന്നീ നിലകളിലെല്ലാം കുറഞ്ഞകാലം കൊണ്ട് പ്രതിഭ തെളിയിച്ച രശ്മി, സമകാലികരായ പല ഗായികാ-ഗായകന്മാരില്‍നിന്നും വേറിട്ടുനില്‍ക്കുന്നത് സ്വന്തം നിലപാടുകളിലെ വ്യക്തതകൊണ്ടാണ്. വയനാട്ടിലെ ആദിവാസി ഊരുകളിലും കൊല്‍ക്കത്തയിലെ ബാവുള്‍ ഗ്രാമങ്ങളിലും മാത്രമല്ല മനുഷ്യനുള്ളിടത്തൊക്കെ സംഗീതാന്വേഷണം നടത്താനുള്ള മനസ്സാണ് രശ്‌മിയെ ഈ രംഗത്ത് മുന്നോട്ടുനയിക്കുന്നത്. രശ്മിയുടെ 'രസ മ്യൂസിക് ബാന്‍ഡ്' ഇത്തരം അന്വേഷണത്തിന്റെ ഭാഗമാണ്. 2011-ല്‍ മികച്ച ഗായികയ്ക്കുള്ള ജേസി ഫൌണ്ടേഷന്‍ അവാര്‍ഡ് (ഉറുമി), 2017-ല്‍ ഞെരളത്ത് കലാശ്രമം സമരഗായികാ പുരസ്കാരം എന്നിവ നേടിയ രശ്മി സതീഷ് സംഗീത ജീവിതത്തെക്കുറിച്ചും രാഷ്‌ട്രീയ ത്തെക്കുറിച്ചും സംസാരിക്കുന്നു.
പാട്ടപ്പൂപ്പനും കുട്ടിക്കാലവും
പറയത്തക്ക സംഗീതപാരമ്പര്യമൊന്നും എനിക്കില്ല. പക്ഷേ അമ്മൂമ്മയുടെ വളര്‍ത്തമ്മയുണ്ട്. രാമ ലക്ഷ്മി അമ്മ. അച്ഛനും അമ്മയും മരിച്ചശേഷം അമ്മൂമ്മയെ അകന്ന കുടുംബത്തിലുള്ള അവരാണ് എടുത്ത് വളര്‍ത്തിയത്. അവരന്ന് സംഗീത അധ്യാപികയായിരുന്നു എന്ന് കേട്ടിട്ടുണ്ട്. പറയാന്‍ അത് മാത്രമാണ് റൂട്ട് ആയിട്ടുള്ളത്. അവരുടെ ഹാര്‍മോണിയം ഇപ്പോഴും എന്റെ കൈയിലുണ്ട്. നൂറ് വര്‍ഷത്തിനുമേലെ പഴക്കമുള്ളതാണത്. ഇപ്പോഴും നന്നായി വര്‍ക്ക് ചെയ്യും. എന്റെ അച്ഛനും അമ്മയും നന്നായി പാട്ടുകേള്‍ക്കുമായിരുന്നു. അച്ഛന്‍ പാടുകയുംചെയ്യും. ചെറുപ്പം മുതലേ കച്ചേരികളും സിനിമാപാട്ടുകളുമൊക്കെ കേള്‍ക്കാന്‍ എന്നെയും കൊണ്ടുപോകുമായിരുന്നു. വീട്ടില്‍ ഷാര്‍പിന്റെ പഴയ ടേപ്പ് റെക്കോര്‍ഡര്‍ ഉണ്ടായിരുന്നു. ഇഷ്ടംപോലെ ഓഡിയോ കാസറ്റുകളും. പുതിയ കാസറ്റ് ഇറങ്ങിയാല്‍ അപ്പോള്‍തന്നെ വാങ്ങും. അച്ഛന്‍ നല്ല സംഗീതാസ്വാദകനായിരുന്നു. എവിടെയിരുന്നാലും അവിടെ താളംപിടിച്ചുകൊണ്ടിരിക്കും. ഒട്ടും ദൈവവിശ്വാസിയായിരുന്നില്ല. പക്ഷേ, ഉത്സവകാലങ്ങളില്‍ അമ്പലത്തിലൊക്കെ സുഹൃത്തുകളുടെ കൂടെ പരിപാടികള്‍ കാണാനും മേളം കേള്‍ക്കാനുമൊക്കെ പോകും.
ഞാന്‍ കൊച്ചിലേ പാടിക്കൊണ്ട് നടക്കുന്നത് കണ്ടിട്ടാണ് സംഗീതം പഠിപ്പിക്കാന്‍ വിട്ടത്. പാറശാല ആശുപത്രി ജങ്ഷനില്‍ ഞങ്ങള്‍ക്ക് ഒരു കണ്ണടക്കടയുണ്ടായിരുന്നു- രശ്മി ഒപ്ടിക്കല്‍സ്. അച്ഛനും അമ്മയും ഒപ്ടോമെട്രിസ്റ്റ് ആയിരുന്നു. കടയുടെ പുറകിലാണ് അതിന്റെ ഓണര്‍ താമസിച്ചിരുന്നത്. അവര്‍ക്കവിടെ കൊച്ചുകൊച്ചു വാടകമുറികള്‍ വേറെയും ഉണ്ടായിരുന്നു. അതിലൊന്നില്‍ മുത്തയ്യ ഭാഗവതര്‍ എന്ന തമിഴ്നാട്ടുകാരനായ സംഗീതജ്ഞന്‍ സംഗീതം പഠിപ്പിക്കാന്‍ വരുമായിരുന്നു. അദ്ദേഹത്തിനടുത്താണ് ആദ്യമായി സംഗീതം പഠിക്കാന്‍ എന്നെ കൊണ്ടുചെന്നാക്കുന്നത്. അദ്ദേഹം തബലയും ഹാര്‍മോണിയവും മൃദംഗവും ഉടുക്കുമൊക്കെ ഉണ്ടാക്കും. മികച്ച ആശാരി കൂടിയായിരുന്നു. അന്നേ നല്ല പ്രായമുണ്ട്. പാട്ടപ്പൂപ്പന്‍ എന്നാണ് ഞാന്‍ വിളിച്ചിരുന്നത്. നരച്ചമുടിയും കണ്ണാടിയുമൊക്കെ വച്ച പാട്ടപ്പൂപ്പന് എന്നെ വലിയ കാര്യമായിരുന്നു. അദ്ദേഹം ആദ്യം മുതലേ വളരെ അഡ്വാന്‍സ്ഡ് ആയ പാഠങ്ങളൊക്കെ എന്നെ പഠിപ്പിച്ചിരുന്നു. ആദ്യം മുതല്‍ തന്നെ ചെറിയ ചെറിയ കീര്‍ത്തനങ്ങളൊക്കെ പഠിപ്പിച്ചു. ഞാന്‍ രണ്ടിലോ മൂന്നിലോ ഒക്കെ പഠിക്കുമ്പോഴായിരുന്നു അത്.

ഏതാണ്ട് യുപി സ്കൂള്‍ വരെ അദ്ദേഹത്തിന് കീഴിലാണ് സംഗീതം അഭ്യസിച്ചത്. അതുകഴിഞ്ഞ് ഒരുപാട് അധ്യാപകര്‍ക്ക് കീഴില്‍ പഠനം തുടര്‍ന്നു. സ്വാമിനാഥന്‍, സരോജിനി എന്നിങ്ങനെ... ഹൈസ്കൂളില്‍ പഠിക്കുമ്പോള്‍ തിരുവട്ടാറില്‍ നിന്നുവരുന്ന നീലമ്മ ടീച്ചറായിരുന്നു ഗുരു. അമ്മൂമ്മയുടെ സുഹൃത്തുമായിരുന്നു അവര്‍. ഞാന്‍ താമസിക്കുന്ന ഏരിയയിലെ ഒരു വീട്ടിലാണ് അവര്‍ പഠിപ്പിക്കാന്‍ വന്നിരുന്നത്. അവിടെ കുറച്ചധികംനാള്‍ പഠിച്ചു. അറുപത് വയസ്സിനുമേല്‍ പ്രായമുണ്ടായിരുന്ന അവര്‍ പത്തുമുപ്പത് കിലോമീറ്റര്‍ അകലെ തിരുവട്ടാറില്‍ നിന്നായിരുന്നു വന്നിരുന്നത്. കരമന എന്‍എസ്എസ് കോളേജില്‍ പ്രീ-ഡിഗ്രി പഠിച്ചിരുന്ന കാലത്ത് കാലടി കൃഷ്ണന്‍കോവില്‍ തെരുവിലെ ഒരധ്യാപികയുടെ കീഴിലും സംഗീതം പഠിച്ചു. പിന്നീട് തിരുവനന്തപുരത്ത് ജോലിചെയ്ത സമയത്ത് ആലപ്പി ശ്രീകുമാറിനുകീഴിലാണ് ഒടുവിലായി കര്‍ണാടക സംഗീതം അഭ്യസിച്ചത്.
ഡിഗ്രി കഴിഞ്ഞ് വയനാട്ടില്‍ എംഎസ്ഡബ്ള്യുവിന് പഠിക്കുമ്പോഴാണ് ഹെല്‍ത്ത് സര്‍വീസില്‍ ജോലികിട്ടുന്നത്. ഒരുമാസം ജോലിചെയ്ത് ലീവെടുത്ത ശേഷമാണ് പഠനം പൂര്‍ത്തിയാക്കിയത്. തിരിച്ചുവന്ന് ജനറല്‍ ആശുപത്രിയില്‍ വീണ്ടും ഏതാണ്ട് രണ്ടു വര്‍ഷത്തോളം ജോലിചെയ്തു. അവിടെ നിന്ന് ഡിപാര്‍ട്ട്മെന്റല്‍ ചേഞ്ച് വാങ്ങി മെഡിക്കല്‍ എഡ്യുക്കേഷന്‍ ഡയറക്ടറേറ്റില്‍ ജോയിന്‍ ചെയ്തു. അവിടുന്ന് ഒന്നരക്കൊല്ലം കഴിഞ്ഞപ്പോഴാണ് കൊല്‍ക്കത്ത സത്യജിത് റായ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഓഡിയോഗ്രഫിയില്‍ സെലക്ഷന്‍ കിട്ടി പോയത്.
വയനാടും ചാത്തിയും പിന്നെ മേധാപട്‌കറും
ക്ളാസിക്കല്‍ പാട്ടിനും സിനിമാപാട്ടിനുമപ്പുറം മറ്റൊരുതരം സംഗീതശാഖകളെക്കുറിച്ചും ഡിഗ്രി കാലംവരെ എനിക്ക് ഒരറിവുമില്ലായിരുന്നു. നാട്ടിന്‍പുറത്തെ അമ്പലത്തിലും മറ്റുമൊക്കെ കാണുന്ന കഥകളിയുടെയും തെയ്യത്തിന്റെയും ഓട്ടന്‍തുള്ളലിന്റെയുമൊക്കെ സംഗീതരൂപങ്ങള്‍ മാത്രമായിരുന്നു എന്റെ ലോകം. കുടുംബത്തോടും ബന്ധുക്കളോടുമൊപ്പമുള്ള യാത്രകളല്ലാതെ അന്ന് മറ്റ് യാത്രകളൊന്നും ചെയ്ത് തുടങ്ങിയിട്ടില്ല. ഇന്റര്‍നെറ്റും അത്ര പോപ്പുലറായിരുന്നില്ല. വയനാട്ടില്‍ പഠിക്കുന്ന കാലത്താണ് തെരുവ് നാടകമുള്‍പ്പെടെയുള്ള കലാരൂപങ്ങളും ഫോക് മ്യൂസിക്കുമൊക്കെ പരിചയപ്പെടുന്നത്. അന്ന് ഞാന്‍ ചൂസ് ചെയ്തത് റൂറല്‍ ആന്‍ഡ് അര്‍ബന്‍ കമ്യൂണിറ്റി ഡവലപ്മെന്റാണ്. പഠനത്തിന്റെ ഭാഗമായി ട്രൈബല്‍ വില്ലേജുകളില്‍ പലതരം മനുഷ്യരുടെ ഇടയില്‍ വര്‍ക്ക് ചെയ്തു. ഇത് അവരുടെ സംഗീതത്തെയും ജീവിതത്തെയും അടുത്തുനിന്ന് മനസ്സിലാക്കാന്‍ ഏറെ സഹായിച്ചു. ഫോക് സോങ്ങില്‍ ഒരു വിഭാഗം മാത്രമാണ് ആദിവാസികളുടെ പാട്ട്. ഒരുപാട് പരന്നുകിടക്കുന്ന മേഖലയാണത്. ഒത്തിരി സാധ്യതകളുമുണ്ടെന്ന് മനസ്സിലായി. പഠനകാലത്ത് പ്രധാനമായും കൂട്ടുകാര്‍ക്കിടയിലെ ഗായികയായിരുന്നു ഞാന്‍. കൂട്ടുകൂടുമ്പോഴാണ് ഞാന്‍ പാട്ടുകള്‍ പാടിയിരുന്നത്. പല കൂട്ടുകാരും എന്റെ ശബ്ദത്തിനനുസരിച്ചുള്ള പാട്ടുകള്‍ സജസ്റ്റ് ചെയ്യും. അത് പഠിച്ചൂടേ ഇത് പഠിച്ചൂടേ എന്നൊക്കെ ചോദിക്കും.
അതേ കാലഘട്ടത്തില്‍ തന്നെയാണ് സംഗീതം പ്രതിരോധത്തിന്റെ ശബ്ദമായി മാറുന്നത് മനസ്സിലാക്കിയത്. പ്ളാച്ചിമട സമരത്തിലൊക്കെ അങ്ങനെയാണ് വരുന്നത്. കോഴ്സിന്റെ ഭാഗമായി വയനാട്ടിലെ 'കനവ്' സ്കൂളില്‍ പോയപ്പോഴാണ് ചാത്തിയെന്ന ആദിവാസി പയ്യനെ കാണുന്നത്. കാട് കാണിക്കുന്നതിനിടയില്‍ അവനാണ് ആദ്യമായി എനിക്ക് 'ഇനി വരുന്നൊരു തലമുറയ്ക്ക്' എന്ന കവിത പാടിത്തന്നത.് 2003-2004 കാലഘട്ടത്തിലായിരുന്നു അത്. ആ പാട്ട് എന്റെ മനസ്സില്‍ വല്ലാതെ കിടന്നു. അത് എഴുതിയത് ആരാണെന്നൊന്നും അന്നറിയില്ല. പിന്നീട് പല സ്ഥലങ്ങളില്‍ ഞാനാ പാട്ട് പാടിത്തുടങ്ങി. പിന്നീടെപ്പോഴോ ചാത്തിയെ അന്വേഷിച്ച് ചെന്നപ്പോള്‍ അവന്‍ ആത്മഹത്യ ചെയ്തതായി അവന്റെ കൂട്ടുകാര്‍ പറഞ്ഞറിഞ്ഞു. അന്ന് എംഎസ‌്ഡബ്ള്യുവിന്റെ ഭാഗമായിട്ടുതന്നെ പല സോഷ്യല്‍ ഇഷ്യൂസുകളും അഡ്രസ് ചെയ്യുമായിരുന്നു. ആദ്യമായി പോയത് പ്ളാച്ചിമട കൊക്കകോള ഫാക്ടറിയിലായിരുന്നു.
സമരം ആയിരം ദിവസം പിന്നിട്ടപ്പോള്‍ മേധ പട്‌കറൊക്കെ പങ്കെടുത്ത് മനുഷ്യച്ചങ്ങല തീര്‍ത്തിരുന്നു. അന്നാണ് ഞാന്‍ ആദ്യമായി പ്ളാച്ചിമടയില്‍ പോയത്. മേധ പട്കറെ നേരത്തെ ഒരുപാട് വായിച്ചിട്ടുണ്ട്. അവര്‍ അടുത്തെവിടെയോ ഭക്ഷണം കഴിക്കാന്‍ പോകുന്നതിനിടെ ഞാനും അവരുടെ കാറില്‍ കയറി. പിന്നെ ഞങ്ങള്‍ കുറേ സംസാരിച്ചു. അടുത്തുള്ള ഏതോ വീട്ടിലാണ് ഭക്ഷണം അറേഞ്ച് ചെയ്തിരുന്നത്. അന്നവര്‍ ഭക്ഷണം കഴിക്കുമ്പോള്‍ ഭക്ഷണം തരുന്നവര്‍ എന്നെ മാറ്റിയിരുത്തി. അപ്പോള്‍ അവര്‍ എന്നെ ചൂണ്ടിക്കാണിച്ച് അവരുടെയടുത്ത് ഇരുത്താന്‍ പറഞ്ഞു. പാട്ടുപാടുമെന്നാരോ പറഞ്ഞുകൊടുത്തിരുന്നു. അവര്‍ ആവശ്യപ്പെട്ട പ്രകാരം 'ഇനിവരുന്നൊരു തലമുറയ്ക്ക്'... പാടി. സമരത്തിലെ മുഴുവന്‍ ജനങ്ങളും ആ പാട്ട് ഏറ്റുപാടിക്കൊണ്ടാണ് മനുഷ്യച്ചങ്ങല തീര്‍ത്തത്. മ്യൂസിക് സാമൂഹ്യ പ്രശ്നങ്ങള്‍ക്കെതിരെയുള്ള ഒരു വെപ്പണ്‍ ആയി മാറുന്നത് എങ്ങനെയെന്ന്, അന്നാണ് ഞാന്‍ മനസ്സിലാക്കിയത്. അവിടെ നിന്നാണ് സോഷ്യല്‍ ലൈഫുമായി മ്യൂസിക്കിനെ ബന്ധിപ്പിച്ചുകൊണ്ടുള്ള യാത്ര തുടങ്ങുന്നത്. പിന്നെ പലതരം ക്യാമ്പുകളും അറ്റന്റ് ചെയ്തു. അവിടെയൊക്കെ പുതിയ പാട്ടുകള്‍ ഉണ്ടായിക്കൊണ്ടേയിരുന്നു. മ്യൂസിക് ഓഫ് റെസിസ്റ്റന്‍സ് എങ്ങനെയാണ് ഒരു ടൂള്‍ ആയി മാറുന്നത് എന്നും മനസ്സിലാക്കി.
കൊല്‍ക്കത്താ ദിനങ്ങള്‍
2008ലാണ് ഒരുപാട് സ്വപ്ന ങ്ങളുമായി കൊല്‍ക്കത്ത ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഞാന്‍ ജോയിന്റ് ചെയ്യുന്നത്. ദൂരെയുള്ള സ്ഥലം. പിന്നെ പ്രധാനപ്പെട്ട ഒരു ഡിസിഷന്‍ എടുക്കുന്ന സമയമാണല്ലോ. ജോലി കളഞ്ഞിട്ട് പോകുന്നതിന് വലിയ എതിര്‍പ്പായിരുന്നു വീട്ടില്‍. കേരളത്തിലെ സൊസൈറ്റിയില്‍ ജീവിക്കുമ്പോള്‍ ഞാന്‍ മറ്റുള്ളവരുടെ കണ്ണില്‍ ഒരു മിഡില്‍ക്ളാസ് ഹിന്ദു ഫാമിലിയില്‍ നിന്നുള്ള പെണ്‍കുട്ടി, വേണ്ട വിദ്യാഭ്യാസമുണ്ട്, ജോലിയുണ്ട്. അടുത്തത് കല്യാണമാണ്. അതിനപ്പുറത്തേക്കുള്ള സ്വപ്‌നങ്ങള്‍ പ്രത്യേകിച്ച് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടെന്നൊക്കെ പറഞ്ഞാല്‍ ഭ്രാന്താണെന്നേ പറയുള്ളൂ. സുഹൃത്തുക്കള്‍ വഴിയാണ് ഞാന്‍ കോഴ്സിനെക്കുറിച്ച് അറിയുന്നത്.

തിരുവനന്തപുരത്ത് രണ്ടുകൊല്ലത്തോളം വര്‍ക്ക് ചെയ്തപ്പോള്‍ കുറേ നല്ല സുഹൃത്തുക്കളെ കിട്ടി. ഫിലിം ഫെസ്റ്റിവല്‍ സര്‍ക്കിളില്‍ കണ്ടുമുട്ടിയവരാണ് ഏറെയും. പ്രശസ്ത ഡോക്യുമെന്ററി ഫിലിം മേക്കറും പരിസ്ഥിതി പ്രവര്‍ത്തകനുമായ ശരത്തേട്ടനും ഏറെ സ്വാധീനിച്ചിട്ടുണ്ട്. ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിച്ചവരുടെ ഒത്തിരി കഥകള്‍ കേട്ടു. ആ സമയത്തൊക്കെ ഡോക്യൂമെന്ററി കാണാനും അതിന്റെ പവര്‍ മനസ്സിലാക്കാനും തുടങ്ങി. മ്യുസിക്കിന്റെ പവര്‍ അറിഞ്ഞ പോലെ തന്നെ സിനിമകള്‍ എങ്ങനെ സംസാരിക്കുന്നു എന്നറിഞ്ഞുതുടങ്ങി. ഫിക്ഷനെക്കാള്‍ ഡോക്യുമെന്ററികളിലാണ് ഞാന്‍ കുടുതല്‍ ഇന്ററസ്റ്റഡ് ആയത്. അത് കൃത്യമായി പഠിക്കാന്‍ ഒരു സ്ഥാപനമുണ്ടെന്നൊക്കെ അറിഞ്ഞപ്പോഴാണ് സൌണ്ട് ചൂസ് ചെയ്ത് എസ‌്ആര്‍എഫ്ടിഐയില്‍ ചേര്‍ന്നത്.
വേറെ സംസ്ഥാനത്തൊന്നും ഞാനതുവരെ പോയിട്ടില്ല. ഭാഷ ശീലമില്ല. പക്ഷേ ഒരുപാട് പ്രതീക്ഷകളുണ്ട്. പത്ത് സീറ്റുണ്ടെങ്കില്‍ പത്ത് സ്ഥലത്തുനിന്ന് പത്ത് ജീവിതരീതികളുള്ളവരായിരിക്കും. കുറെ ചിന്തകളും സ്വപ്നങ്ങളുമൊക്കെ സെറ്റ് ചെയ്താണ് പോയത്. ശരിക്കും അതുപോലെ തന്നെയായിരുന്നു അവിടത്തെ സാഹചര്യവും. മോറല്‍ പൊലീസിങ് ഒന്നുമില്ലാത്ത ഒരു ക്രിയേറ്റീവ് സ്പേസ് ആയിരുന്നു അവിടം. ഒരുപക്ഷേ, പഠിച്ചിറങ്ങിയവര്‍ പ്രൊഫഷണല്‍സോ ടെക്നീഷ്യരോ ആയില്ലെങ്കില്‍ പോലും കറക്ട് ജന്‍ഡര്‍ ബോധം അവര്‍ക്കുണ്ടാകും എന്നെനിക്ക് തോന്നുന്നു. അവിടെവച്ച് ആണ്‍പെണ്‍ വ്യത്യാസമില്ലാതെ എല്ലാവരെയും ഹ്യൂമണ്‍ ബീയിങ് ആയി കാണാന്‍ തുടങ്ങി. വേറൊരു തരത്തില്‍ ലോകത്തെ കാണാനും സംഗീതത്തെ അറിയാനും പറ്റി. എന്നാല്‍ അവിടത്തെ ഇന്നത്തെ സ്ഥിതി കുറെയേറെ മാറിയിട്ടുണ്ട്.
അവിടത്തെ ഒഫീഷ്യല്‍സ് അല്ലാത്ത സാധാരണ പണിക്കാര്‍ ബംഗാളികള്‍ മാത്രമായിരിക്കും. ബംഗാളി ഭാഷ ഭയങ്കര സ്വീറ്റാണ്, മ്യൂസിക്കലാണ്. എല്ലാ ആള്‍ക്കാരുമായും കമ്യൂണിക്കേറ്റ് ചെയ്യണമെന്നതുകൊണ്ട് അവരുടെ ഭാഷ പഠിക്കാതെ നിവൃത്തിയില്ലെന്നായി. ഇപ്പോഴും അവരൊക്കെയായി നല്ല ബന്ധമുണ്ട്. ഭാഷപഠിച്ചു തുടങ്ങിയതോടെ ടാഗോറിന്റെ ശാന്തിനികേതനിലൊക്കെ പോയിത്തുടങ്ങി. അവിടെ നിന്നാണ് പുസ്തകത്തില്‍ മാത്രം വായിച്ചറിഞ്ഞ ബാവൂള്‍ ഗായകരെ നേരിട്ടുകാണുന്നത്. ട്രെയിനിലും മരത്തിന്റെ ചുവട്ടിലും അങ്ങനെ എല്ലായിടത്തും അവരുണ്ടാകും. അതൊരു പുതിയ ഓപണിങ് ആയിരുന്നു.
ഇന്‍സ്റ്റിറ്റ്യൂട്ടിനകത്തുമാത്രം ഒതുങ്ങി നിന്നൊരാളല്ലാത്തതുകൊണ്ട് എനിക്ക് പുറത്തൊരുപാട് സുഹൃത്തുകളുണ്ടായിരുന്നു. പൊതുവെ എല്ലാവര്‍ക്കും ആഗ്രഹം ഇന്‍സ്റ്റിറ്റ്യൂട്ടിനകത്തുതന്നെ ടൈം സ്പെന്‍ഡ് ചെയ്യാനാണ്. എംഎസ്ഡബ്ള്യൂവില്‍ വര്‍ക്ക്ചെയ്ത് ശീലമുള്ളതുകൊണ്ട് ഞാനവിടത്തെ ക്യൂര്‍ ഫിലിം ഫെസ്റ്റിവലുകളുള്‍പ്പെടെയുള്ള പരിപാടികള്‍ ഓര്‍ഗനൈസ് ചെയ്യുന്നതില്‍ പങ്കാളിയായി. അവിടത്തെ സുഹൃത്തുക്കള്‍ക്ക് ടാഗോര്‍ ഒക്കെ അവരുടെ മുത്തച്ഛനെ പോലെയാണ് രവീന്ദ്രസംഗീതവുമായി ഒരു വീട്ടിലെ എല്ലാവര്‍ക്കും ഓരോരോ കണക്ഷനുകള്‍ ഉണ്ടാകും. അതൊരു അഹങ്കാരമായിട്ടുകൂടിയാണ് അവര്‍ കാണുന്നത്.
മള്‍ട്ടിപ്പിളായ മ്യൂസിക്കിന്റെയും മ്യുസീഷ്യന്‍സിന്റെയും ഒരു ഹബ്ബാണ് കൊല്‍ക്കത്ത. ക്ളാസിക്കല്‍, ഫോക് മ്യൂസിക്കിനൊപ്പം റോക്ക്, ജാസ് പോലെയുള്ള സംഗീതമുള്ള പബ്ബുകളുമുണ്ടാകും. നമ്മള്‍ ഇവിടെ പബ്ബുകളെന്നാല്‍ വിലയിരുത്തുക മദ്യപിക്കാനുള്ള സ്ഥലമായി മാത്രമാണ്. പക്ഷേ അവിടെ മദ്യവും മറ്റുമുണ്ടെങ്കിലും ഒപ്പം അത്രയും ക്വാളിറ്റിയുള്ള സംഗീതവുമുണ്ടാകും. അതായിരുന്നു ശരിക്കും അവിടെനിന്ന് കിട്ടിയ ലഹരി. അവിടത്തെ ഗ്രാമങ്ങളുടെയും നഗരങ്ങളുടെയും സ്വഭാവങ്ങള്‍ ഞാനൊരുപോലെ ആസ്വദിച്ചിട്ടുണ്ട്. അതിന് തരാന്‍ പറ്റുന്ന പ്രത്യേക എനര്‍ജിയുണ്ട്.
നമുക്ക് ഇത്തരത്തിലുള്ള കള്‍ച്ചര്‍ കുറവാണ്. സംഗീതം കൂട്ടായി അനുഭവിക്കുന്ന സാഹചര്യം നമുക്കില്ലെന്നുതന്നെ പറയാം. ഞാനോര്‍ക്കുന്നത് കഴിഞ്ഞതിനു മുമ്പത്തെ ന്യൂഇയറിന് ഫോര്‍ട്ട്കൊച്ചിയില്‍ പോയപ്പോള്‍ ഉണ്ടായ അനുഭവമാണ്. അവിടത്തെ ഒരു ഗ്രൌണ്ടില്‍ ഡിജെ പ്ളേ ചെയ്യുന്നു. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഫാമിലിയുമൊക്കെയായി 5000, 6000 പേര്‍ അവിടെ ഒരേതാളത്തില്‍ നിന്ന് തുള്ളുകയാണ്. പൊലീസുകാരില്ല. ആരും ആരെയും ഉപദ്രവിക്കുന്നുമില്ല. എല്ലാവരും അവരവരുടെ ലോകത്തിരുന്ന് ഫുള്‍ എനര്‍ജിയില്‍ ഡാന്‍സ് ചെയ്യുന്നു. ഇത്രേം ആള്‍ക്കാരുടെ പവര്‍സോഴ്സ് ആ മ്യുസിഷ്യന്‍ തന്നെയാണ്. ഒരു മനുഷ്യന്‍ കുറേ ദിവസം അടുപ്പിച്ച് ജോലിചെയ്താല്‍ മാനസികമായോ ശാരീരികമായോ സംഘര്‍ഷാവസ്ഥയിലെത്താന്‍ സാധ്യതയുണ്ട്. അതെല്ലാംകൂടി നെഗറ്റിവിറ്റിയായി മാറി നമ്മുടെ ഉള്ളില്‍ കയറും. ഇത്തരം സംഗീതപരിപാടികള്‍ നിരന്തരം ഉണ്ടാകുകയാണെങ്കില്‍ ആ നെഗറ്റീവ് എനര്‍ജി മുഴുവന്‍ ഔട്ട്സോഴ്സ് ചെയ്യപ്പെടും എന്ന കാര്യത്തില്‍ സംശയമില്ല. അതുകൊണ്ട് ആളുകള്‍ക്ക് എക്സ്പ്രസ് ചെയ്യാന്‍ പറ്റുന്ന തരം സ്പേസുകള്‍ ഉണ്ടായേ തീരൂ. ആണായാലും പെണ്ണായാലും അവരുടെ ശരീരത്തിലെ എനര്‍ജി റിലീസ് ചെയ്യുക എന്നത് വളരെ ഇംപോര്‍ട്ടന്റാണ്. അന്നവിടെ കണ്ടതു പോലെ ഒരു പ്രോഗ്രാം മാസത്തില്‍ എല്ലായിടത്തും സംഘടിപ്പിച്ചാല്‍ ഇവിടെ വയലന്‍സിനൊന്നും ഒരു സ്ഥാനവുമുണ്ടാവില്ലെന്ന് ഞാന്‍ കൂട്ടുകാരോട് പറയാറുണ്ട്.

കൊല്‍ക്കത്തയില്‍ സംഗീതത്തിന്റെ പല വഴികളിലൂടെ സഞ്ചരിക്കാനും പലരെയും പരിചയപ്പെടാനും പറ്റിയിട്ടുണ്ട്. മദര്‍ ജെയിന്‍ ബാന്‍ഡ് വഴി രവിശങ്കറിന്റെ തബല പ്ളെയറായ തന്‍മയി ബോസിനെ പരിചയപ്പെട്ടു. ഇന്റര്‍നാഷണല്‍ പ്ളെയര്‍ ആയിരുന്ന അദ്ദേഹത്തിന് കൊല്‍ക്കത്തയില്‍ ഒരു ഹോം ബാന്‍ഡ് ഗ്രൂപ്പുണ്ട്. അന്ന് അവരുടെ കൂടെ പോയിരിക്കാറുണ്ട്. ഇവിടത്തെ ഫോക്കും അവിടത്തെ ഫോക്കും ഒക്കെ വച്ച് കുറെ വേദികളില്‍ ഒരുപാട് പരീക്ഷണ ങ്ങള്‍ ചെയ്യാന്‍ പറ്റി. അവിടെ വച്ച് കനിഷ്ക സര്‍ക്കാര്‍ എന്ന വേറൊരു മ്യുസീഷ്യ നെ പരിചയപ്പെട്ടു. ഞങ്ങള്‍ രണ്ടുപേരും പിന്നീട് ഒരുമിച്ച് ഒരുപാട് വര്‍ക്കുകള്‍ ചെയ്തു. ഓരോ മ്യൂസിക് സ്പേസില്‍നിന്നും ഓരോരുത്തരെ പരിചയപ്പെടുകയായിരുന്നു. പിന്നെ കുറേ ആഫ്രോ ക്യൂബന്‍ കലാകാരന്മാരെ പരിചയപ്പെട്ടു. ഇന്ത്യന്‍ പെര്‍ക്കഷന്‍സ് പഠിക്കാനായിട്ട് പല രാജ്യങ്ങളില്‍നിന്ന് അവിടെ ആളുകള്‍ വരും. അവര്‍ കൊല്‍ക്കത്തയിലെ മ്യുസീഷ്യന്‍മാരുമായി ചേര്‍ന്ന് പരിപാടികള്‍ അവതരിപ്പിക്കും. അങ്ങനെയുള്ള കുറേ ഫോറിന്‍ മ്യൂസീഷ്യന്‍മാരെയും പരിചയപ്പെടാനാനും അവരോടൊപ്പം പെര്‍ഫോംചെയ്യാനും പറ്റി.
മ്യുസിക് ബാന്‍ഡിനൊക്കെ കൊല്‍ക്കത്തയിലെ പല സ്പേസിലും വേദി കിട്ടുക വലിയ അംഗീകാരമായിട്ടാണ് കാണുന്നത്. ചെറിയ ആള്‍ക്കൂട്ടമൊക്കെയുള്ള സ്പേസ് ആയിരിക്കും. അത്തരം പരിപാടികളിലൊക്കെ കാഴ്ചക്കാരിയായിരുന്ന ഞാന്‍ പിന്നീട് ഇത്തരം പല വേദികളിലും പെര്‍ഫോം ചെയ്തു. ഇന്ത്യയിലെ പല പല മ്യൂസിക് ഫോംസും കൊല്‍ക്കത്തയില്‍ നിന്നാണ് അറിയാന്‍ സാധിച്ചത്. അത് പല തരത്തില്‍ കണ്ണു തുറപ്പിച്ചു എന്നതാണ് സത്യം. അവിടത്തെ മ്യുസീഷ്യന്മാര്‍ സംഗീതം കേള്‍ക്കാന്‍ ഗൈഡ് ചെയ്യുമായിരുന്നു. സുഹൃത്തുക്കളും പുതിയ മ്യൂസിക് വരുമ്പോള്‍ സജസ്റ്റ് ചെയ്യും. അവരുടെ മ്യൂസിക് ഫോംസിന്റെ കലക്ഷസ് എക്സ്ചേഞ്ച് ചെയ്യും. അതൊക്കെ കേള്‍ക്കുമ്പോഴാണ് ലോകത്തിലുള്ള അതിന്റെ അന്തമില്ലാത്ത വൈവിധ്യങ്ങളെക്കുറിച്ചും തിരിച്ചറിയുന്നത്.
സിനിമയും സംഗീതവും
മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലായി ഇരുപതോളം പാട്ടുകളാണ് സിനിമയില്‍ പാടിയിട്ടുള്ളത്. ഉറുമിയാണ് പ്ളേബാക്ക് സിങ്ങര്‍ എന്ന നിലയില്‍ തുടങ്ങുന്ന ചിത്രം. ക്യാമറാമാന്‍ സന്തോഷ് ശിവന്‍ വഴിയാണ് വരുന്നത്. ഉറുമിയിലെ അപ്പാ, ചലനം ചലനം, പുള്ളുവ പാട്ട് എന്നിവയാണ് പാടിയത്. ആ സിനിമയില്‍ എന്റെ ശബ്ദം ഉടനീളമുണ്ടായിരുന്നു. അതിന്റെ മ്യൂസിക് റിസര്‍ച്ച് വര്‍ക്കുമായും ഞാന്‍ ബന്ധപ്പെട്ടു. ലെനിന്‍ രാജേന്ദ്രന്റെ മകരമഞ്ഞില്‍ ആണ് ആദ്യമായി ലൊക്കേഷന്‍ സൌണ്ട് റെക്കോഡിസ്റ്റായി വര്‍ക്ക്ചെയ്തത്. പിന്നീട് കോര്‍പറേറ്റ് മൂവിസും ഡോക്യുമെന്ററികളിലും പരസ്യങ്ങളിലുമൊക്കെ സൌണ്ടില്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്. ഉറുമി, ചാപ്പാകുരിശ്, ബാച്ച്ലര്‍ പാര്‍ട്ടി, ഫ്രൈഡേ, സൌണ്ട് തോമ, വെളുത്ത രാത്രികള്‍, റാസ്പുട്ടിന്‍, ഡയല്‍, ഉട്ടോപ്യയിലെ രാജാവ്, ഉറുമിയുടെ തമിഴ് പതിപ്പില്‍, സിലോണ്‍(തമിഴ്), ഖുബ്സൂരത് (ഹിന്ദി-സ്നേഹ ഖന്‍വാര്‍ക്കറിന്റെ സംഗീതത്തില്‍ സുനീതി ചൌഹാനുമായി ചേര്‍ന്ന്).
ഉറുമിയില്‍ ഞാന്‍ പാടിയതിലേറെയും ഫോക് ടച്ചുള്ള ഗാനങ്ങളാണ്. ചാപ്പാകുരിശിലേത് തികച്ചും വേറിട്ട ഒന്നാണ്. റെക്സ് വിജയന്‍ സംഗീതം പകര്‍ന്ന പാട്ട്് എംടിവി റൂട്സിലൊക്കെ വന്നിട്ടുണ്ട്. ബാച്ച്ലര്‍ പാര്‍ട്ടിയിലെ കപ്പപ്പുഴുക്ക്... പാട്ട് നരകത്തില്‍ നടക്കുന്ന ആഘോഷങ്ങളുടെ പാട്ടായിരുന്നു. കുട്ടപ്പന്‍ മാഷുമായി ചേര്‍ന്നുള്ള ആ പാട്ട് വളരെ ആസ്വദിച്ചാണ് ചെയ്തത്. ഭാഷയറിയാത്ത പലരും ഈ രണ്ടു ഗാനങ്ങളും എന്‍ജോയ് ചെയ്യുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. സിനിമാപാട്ട് സെലക്ട് ചെയ്യുന്നത് ആദ്യമൊന്നും അറിയില്ലായിരുന്നു. ഇപ്പോള്‍ പാട്ടിന്റെ ട്യൂണും ലിറിക്സുമൊക്കെ ഇഷ്ടപ്പെടുന്നവയാണ് പാടുന്നത്. അതൊരിക്കലും എഴുതുന്നയാളെയോ ഈണംചെയ്യുന്നയാളെയോ വിമര്‍ശിക്കാനല്ല. എന്റെ മനസ്സിനെ കണ്‍വിന്‍സ് ചെയ്യിക്കാനാണത്. ഞാന്‍ ജീവിക്കുമ്പോള്‍ അഡ്രസ് ചെയ്യുന്ന കാര്യങ്ങള്‍ക്ക് വിരുദ്ധമായ ഒരുപാട്ട് പാടുന്നത് ഞാനെന്നോട് തന്നെ ചെയ്യുന്ന അനീതിയാണ്. ആ തരത്തില്‍ ചിലപ്പോള്‍ പാട്ടുകള്‍ ശ്രദ്ധിക്കാറുണ്ട്. അടുപ്പമുള്ളവരോട് അതേപ്പറ്റി പറയാറുമുണ്ട്. ലിറിക്സ് മാറ്റാന്‍ പറ്റുമോന്നൊക്കെ ചോദിച്ചിട്ടുണ്ട്. ഒട്ടും കര്‍ക്കശമായിട്ടല്ല. എന്നാലും എന്നെക്കൊണ്ട് പറ്റുന്ന രീതിയില്‍ പരമാവധി നീതി പുലര്‍ത്താന്‍ ശ്രമിക്കാറുണ്ട്.

മലയാളത്തില്‍ പാടാന്‍ ഒരുപാട് അവസരങ്ങള്‍ വന്നിട്ടുണ്ടെങ്കിലും ഭൂരിഭാഗം ചാന്‍സുകളും നഷ്ടപ്പെട്ടത് പ്രതിഫലം ചോദിച്ചതിന്റെ പേരിലാണ്. നമ്മുടെ സിനിമയില്‍ സംഗീതവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക്്് പ്രതിഫലം കൊടുക്കാന്‍ പലര്‍ക്കും മടിയാണ്. അത് അത്യാവശ്യം നല്ല ബജറ്റുള്ള പ്രൊഡക‌്ഷനാണെങ്കില്‍ പോലും. മറ്റൊരു പ്രവണത, ഇത്തരത്തില്‍ നമ്മള്‍ മാറി നില്‍ക്കുകയോ തഴയപ്പെടുകയോ ചെയ്യുന്ന സ്പേസിലേക്ക് ചിലരെങ്കിലും സൌജന്യമായി വര്‍ക്ക് ചെയ്യാന്‍ എത്തുന്നവരുമുണ്ട്. അത്, അതേ മേഖലയില്‍ വര്‍ക്ക് ചെയ്യുന്നവരോട് കാണിക്കുന്ന ഏറ്റവും വലിയ അനീതിയായിട്ട് തോന്നിയിട്ടുണ്ട്. ചെറിയ ബജറ്റുള്ള നല്ല ഉദ്ദേശ്യമുള്ള സിനിമകളേയോ മറ്റു പ്രെഡക്ഷനുകളേയോ സഹായിക്കേണ്ട എന്നല്ല ഈ പറഞ്ഞതിന്റെ അര്‍ഥം. ഒരാളുടെ ഹാര്‍ഡ്കോര്‍ ഫാന്‍ എന്നൊക്കെ പറയാന്‍ വലിയ ബുദ്ധിമുട്ടാണ്. ഞാന്‍ ഒപ്പം വര്‍ക്ക് ചെയ്തിട്ടുള്ള മിക്ക സംഗീത സംവിധായകരും എന്റെ സുഹൃത്തുക്കളാണ്. ഏറ്റവും ഒടുവില്‍ വര്‍ക്ക് ചെയ്തത് ഔസേപ്പച്ചന്‍ സാറിന്റെ കൂടെയാണ്.
സംഗീത യാത്രകള്‍
സിനിമാപാട്ടുകള്‍ കേള്‍ക്കുന്നത് കംപാരറ്റീവ്ലി വളരെ കുറവാണ്. കേരളത്തില്‍ 270 ഓളം രേഖപ്പെടുത്തിയ പെര്‍ഫോമിങ് ആര്‍ട് ഫോമുകളുണ്ട്. അതിനൊക്കെ അതിന്റേതായ സംഗീതവും. കണക്കില്‍പ്പെടാത്തത് എത്രയോ ബാക്കി. എനിക്കതെല്ലാം പഠിക്കുന്നത് കൌതുകമാണ്. സംഗീത യാത്രകള്‍ തുടങ്ങിയത് കൊല്‍ക്കത്താ കാലത്തുതന്നെയാണ്. ഈയടുത്ത് ഡല്‍ഹി, പഞ്ചാബ് യാത്രയില്‍ ഒരുപാടു കാലം മനസ്സില്‍ കൊണ്ടുനടന്ന നിസാമുദ്ദീന്‍ ദര്‍ഗയില്‍ പോയി. ഖവാലിയൊക്കെ കേട്ടു. പിന്നീട് പഞ്ചാബിലെ സംഗീതാസ്വാദകരായ സുഹൃത്തുക്കള്‍ വഴി മലോര്‍കോട്ല എന്ന ഗ്രാമത്തില്‍ പോയി താമസിച്ചു. അവിടത്തെ സ്കൂള്‍ കുട്ടികള്‍വരെ നമ്മള്‍ 'വൌ' എന്നു പറയുന്ന തരത്തിലുള്ള പെര്‍ഫോമന്‍സാണ് കാഴ്ചവെക്കുന്നത്. അവിടത്തെ സൂഫി, ഹിന്ദുസ്ഥാനി, ഖവാലി അങ്ങനെ എന്ത് മ്യൂസിക് ആണേലും അതിന്റെ ആത്മാവ് വേറെതന്നെയാണ്. വീണ്ടും അവിടെപോയി അവരെ കാണും എന്ന് തീരുമാനിച്ചാണ് തിരിച്ചുപോന്നത്. കാലം കഴിയുന്തോറും പുതിയ പുതിയ പാഠങ്ങളാണ് മുന്നില്‍... അതുകൊണ്ട് പഠനം നിര്‍ത്താനോ ഇതാണ് നല്ലതെന്ന് പറയാനോ അതിനൊരു ഫുള്‍സ്റ്റോപ്പ് ഇടാനോ എനിക്ക് പറ്റുന്നില്ല. സംഗീതവും യാത്രയും തന്നെയാണ് എന്നും കൂടെ കൂട്ടാനാഗ്രഹിക്കുന്നത്.
22 ഫീമെയില്‍ സുബൈദ
കുട്ടിക്കാലത്ത് കുറച്ചുകാലം ഡാന്‍സ് പഠിച്ചതൊഴിച്ചാല്‍ അഭിനയത്തിലെ പരിചയം എംഎസ്ഡബ്ള്യുവില്‍ ഒന്നോരണ്ടോ തെരുവുനാടകങ്ങള്‍ ചെയ്തതാണ്. അതുകഴിഞ്ഞ് ആഷിഖ് അബുവിന്റെ 22 ഫീമെയില്‍ കോട്ടയം എന്ന ചിത്രത്തിലൂടെ സിനിമയില്‍ വരുന്നത്. സുബൈദ എന്ന കഥാപാത്രത്തെയാണ് അതില്‍ അവതരിപ്പിച്ചത്. ഒരു സുഹൃദ്വലയത്തിനുള്ളില്‍ നിന്ന് വളരെ കംഫര്‍ട്ടബിള്‍ ആയി അഭിനയിക്കാനായി. അന്നെനിക്ക് കഥാപാത്രത്തെക്കുറിച്ച് വലിയ ക്ളാരിറ്റിയുമില്ലായിരുന്നു. പക്ഷേ കൂടെയുള്ളത് എല്ലാവരും അത്രയും അറിയുന്ന ആള്‍ക്കാരായിരുന്നു. കൊല്‍ക്കത്തയില്‍ ആയിരുന്നതുകൊണ്ട് അഭിനയത്തിന്റെ ഫീഡ്ബാക്കിന്റെ രസമൊന്നും ആ സമയത്ത് ഞാനറിഞ്ഞിട്ടില്ല. കഥാപാത്രത്തിന് എന്റെ രൂപവുമായിട്ടൊക്കെ നല്ല വ്യത്യാസമുണ്ടായിരുന്നതുകൊണ്ട് പലരും വിചാരിച്ചിരുന്നത് തമിഴ്നാട്ടില്‍നിന്ന് വന്ന ആക്ട്രസാണെന്നാണ്. ഇപ്പോഴും സുബൈദ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് ഞാനാണെന്ന് തിരിച്ചറിയാത്ത ആള്‍ക്കാരുണ്ട്. തിരിച്ചറിയുന്നവര്‍ അത്ഭുതപ്പെടാറുമുണ്ട്. അതിനുശേഷം ഇടുക്കി ഗോള്‍ഡിലെ ഒരുകുഞ്ഞുവേഷവും ഉട്ടോപ്യയിലെ രാജാവിലെ പാട്ടുസീനുംചെയ്തു. പരീത് പണ്ടാരിയില്‍ മുഴുനീള റോളാണ്. അഭിനയത്തില്‍ കുറച്ച് ചലഞ്ചിങ് ആയിട്ടുള്ള എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹമുണ്ട്.

കരുതലിന്റെ കാലം
കേരളത്തിലും ഇന്ത്യയിലും ജീവിക്കുന്ന സ്ത്രീ എന്ന നിലയില്‍ എനിക്ക് വലിയ കണ്‍സേണ്‍ ഉണ്ട്. വളരെ അരക്ഷിതമായ അവസ്ഥയിലൂടെയാണ് രാജ്യത്തെ രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങള്‍ കടന്നുപോയ്ക്കൊണ്ടിരിക്കുന്നത്. എല്ലാവര്‍ക്കും ഭയമാണ്. പരസ്പരം ഭയക്കുന്ന ഭീകരാവസ്ഥ. എന്റെ അമ്മയ്ക്ക് തുടക്കകാലം മുതല്‍ എന്റെ ആശയങ്ങളോടും രീതികളോടും വലിയ ആശങ്കയായിരുന്നു. ഇപ്പോള്‍ കുറേയൊക്കെ അത് മാറിയെങ്കിലും ദിനംപ്രതി കാണുന്ന വാര്‍ത്തകളും മറ്റും അമ്മയെ ആകുലപ്പെടുത്തുന്നുണ്ട്.
വാക്കുകള്‍പോലും സൂക്ഷിച്ച് ഉപയോഗിക്കേണ്ട കാലമാണ് നമ്മുടേത്. അസഹിഷ്ണുതയുടെ പൊള്ളുന്ന കാലം. ഇത്തരം സാഹചര്യങ്ങളില്‍ സാംസ്കാരിക സദസ്സുകളൊക്കെ ബദലായി മാറുന്ന തുരുത്തുകളാണ്. അത്തരം വേദികള്‍ ശക്തിപ്പെടേണ്ടതുണ്ട്. രാജ്യത്ത് നടക്കുന്ന പല കാര്യങ്ങളേയും വിമര്‍ശിക്കാനും അവയെക്കുറിച്ചൊക്കെ അഭിപ്രായം പറയാനും നമുക്ക് കഴിയുന്നത് നമ്മള്‍ കേരളത്തിന്റെ സുരക്ഷിതത്വത്തില്‍ ആയതിനാലാണ്. മറ്റ് ഏതെങ്കിലും സംസ്ഥാനങ്ങളില്‍ നിന്നാണ് ഇത്തരം അഭിപ്രായങ്ങളും മറ്റുമൊക്കെ പറയുന്നതെങ്കില്‍ ഞാനിപ്പോള്‍ ഒരുപക്ഷേ ജീവിച്ചിരിക്കണം എന്നുപോലുമില്ല. അതുപോലൊരു സാഹചര്യമാണ് നിലവിലുള്ളത്. തൊട്ടടുത്തുള്ള ആളെ ബോധ്യപ്പെടുത്തി ജീവിക്കണം എന്ന അവസ്ഥ ഉണ്ട് ഇന്നെല്ലാവര്‍ക്കും. പ്രൈവസി മാറ്റേഴ്സ് എന്ന ടി എം കൃഷ്ണയുടെ വെളിപ്പെടുത്തല്‍ കൃത്യമായ പൊളിറ്റിക്കല്‍ സ്റ്റാന്‍ഡ് ആണ്. വിശ്വസിക്കുന്ന പ്രത്യയശാസ്ത്രത്തില്‍നിന്ന് കൃത്യമായ വിമര്‍ശനമുണ്ടായാല്‍ മാത്രമേ അതിന് വളര്‍ച്ചയുണ്ടാവുകയുള്ളൂ എന്ന് ഞാന്‍ വിശ്വസിക്കുന്നു. നമ്മള്‍ കേള്‍ക്കാതെ പോകുന്ന ശബ്ദങ്ങള്‍, നിലവിളികള്‍പോലും എത്രയുണ്ടെന്ന് ഇപ്പോള്‍ പറയാനാവില്ല. അത് നമുക്കടുത്തെത്തുന്നതിന് മുമ്പുതന്നെ അടിച്ചമര്‍ത്തപ്പെട്ടിട്ടുണ്ടാവും.
സമൂഹത്തിലെ അനീതിക്കും അരക്ഷിതാവസ്ഥക്കുമെതിരെ കലാകാരന്മാര് അല്ലെങ്കില്‍ ലൈംലൈറ്റില്‍ നില്‍ക്കുന്നവര്‍ പറഞ്ഞാല്‍ അത് കേള്‍ക്കാന്‍ ഫോളോവേഴ്സ് ഉണ്ടാവും. അത് ചെയ്യുക എന്നുള്ളത് നമ്മുടെ റെസ്പോണ്‍സിബിലിറ്റി ആണ്. പക്ഷേ അപ്പോഴും അത് വേറൊരു തരത്തില്‍ വ്യക്തിപരവുമാണ്. അതുകൊണ്ട് തന്നെ ആരെയും നിര്‍ബന്ധിക്കാനും പറ്റില്ല. അതൊരു ബോധ്യത്തിന്റെയും ഉത്തരവാദിത്തത്തിന്റെയും പ്രശ്നമാണ്. അതേസമയം നമ്മള്‍ ഒരു വിഷയം ഉന്നയിക്കുമ്പോള്‍ അതിനൊരു വെല്ലുവിളിയുടെയോ പരിഹാസത്തിന്റേയോ ടോണ്‍ ഉണ്ടാകുന്നതിലും നല്ലത്, ആള്‍ക്കൂട്ടത്തില്‍ ഒരാളുടെ ശബ്ദമായി അതിനെ അടയാളപ്പെടുത്താന്‍ കഴിഞ്ഞാല്‍, കൂടുതല്‍ സ്വീകാര്യത കിട്ടുമെന്ന് തന്നെയാണ് എന്റെ വിശ്വാസം...
കൃത്യമായിട്ടുള്ള ഒരു രാഷ്ട്രീയസ്റ്റാന്‍ഡ് പലര്‍ക്കും ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല. തങ്ങള്‍ക്ക് സൌകര്യം കിട്ടുന്ന സ്ഥലത്തേക്ക് ഓടിപ്പോകാന്‍ തയ്യാറായിനില്‍ക്കുകയാണ് അവര്‍. ശബ്ദമുള്ളവരും സമൂഹത്തില്‍ സ്വാധീനമുള്ളവരും അനീതിക്കെതിരെ മിണ്ടാതെ നില്‍ക്കുന്ന ഒരു കാലം ഭയാനകമാണ്. അപകടകരമാണ്. കേരളത്തില്‍ കൃത്യമായ രാഷ്ട്രീയവിദ്യാഭ്യാസമില്ലാത്തതിന്റെ അഭാവമാണ് ഇപ്പോള്‍ കാണുന്നത്. മുമ്പ് ചെയ്തുകൊണ്ടിരുന്ന ഒരു കാര്യവും ഇപ്പോള്‍ ചെയ്യുന്നില്ല. ഇന്ന് നമുക്ക് എവിടെനിന്നാണ് പ്രത്യയശാസ്ത്രങ്ങളെ കുറിച്ച് പഠിക്കാന്‍ പറ്റുക? അതൊന്നും എന്താണെന്നറിയാതെ ന്യൂസ് പേപ്പറുകള്‍ വായിച്ച് അങ്ങോട്ടുമിങ്ങോട്ടും ഓടുകയാണ് നമ്മള്‍. എന്താണ് ജനാധിപത്യം എന്നത് ജനങ്ങളിലേക്കെത്തിക്കേണ്ടത് രാഷ്ട്രീയപാര്‍ടികളുടെ ഉത്തരവാദിത്തമാണ്. അത് ചെയ്തില്ലെങ്കില്‍ ജനാധിപത്യം പരാജയപ്പെടുന്ന അവസ്ഥയാണുണ്ടാവുക. പണ്ടൊക്കെ നാട്ടുമ്പുറങ്ങളില്‍പോലും രാഷ്ട്രീയ പാര്‍ടികള്‍ ചെറിയ ചെറിയ യോഗങ്ങള്‍ സംഘടിപ്പിച്ച് നാടിനെക്കുറിച്ചും ആഗോള സംഭവങ്ങളെക്കുറിച്ചുമൊക്കെ പ്രസംഗിക്കുമായിരുന്നു. അവരവരുടെ കാഴ്ചപ്പാടിലും രാഷ്ട്രീയ നിലപാടിലുമൊക്കെയായിരുന്നെങ്കിലും അതില്‍ നിന്നൊക്കെ കിട്ടിയിരുന്ന ചില വലിയ പാഠങ്ങളുണ്ട്. ഇന്ന് അതൊന്നും ഇല്ല എന്നത് വലിയ ആശയദാരിദ്യ്രം തന്നെയാണ് സമൂഹത്തില്‍ ഉണ്ടാക്കുന്നത്.
മോഡി സ്വയം രാജ്യമാകുമ്പോള്‍
മോഡി എന്ന വ്യക്തി രാജ്യത്തിന്റെ ബിംബമായി സ്വയം അവരോധിക്കുകയാണ്. വലിയ രാഷ്ട്രീയ ബോധവും കാഴ്ചപ്പാടുമൊന്നുമില്ലാത്തവര്‍ പോലും ഏത് സമുദായത്തിലാണെങ്കില്‍ ഇന്ന പാര്‍ടിയില്‍ ചേരണമെന്ന് നിര്‍ബന്ധിതരാകുന്നു. അത് ഇപ്പോള്‍ ഓട്ടോമാറ്റിക്കലി സെറ്റായിക്കൊണ്ടിരിക്കുകയാണ്. ബീയിങ് എ ഹിന്ദു ഇന്നതായിരിക്കണം, ബീയിങ് എ മുസ്ളിം ഇന്നതായിരിക്കണം എന്ന കാഴ്ചപ്പാട് വലിയ അപകടമാണ്. വളരെ ബ്ളൈന്‍ഡ് ആയിട്ടാണ് അത്തരം കാര്യങ്ങള്‍ തലയിലെടുത്ത് വെക്കുന്നത്. ഏത് പാര്‍ടിയില്‍ ആണെങ്കിലും നമ്മളെന്തിന് അതില്‍ വിശ്വസിക്കുന്നു എന്നത് സ്വയം കണ്‍വിന്‍സിങ് ആകണം. വികസനത്തിന്റെ പേരില്‍ ഭയങ്കര തെറ്റിദ്ധാരണകളാണ് നാട്ടില്‍ നിലനില്‍ക്കുന്നത്. ഡീമോണിറ്റൈസേഷന്‍ ഒക്കെ അതിന്റെ ഭാഗമാണ്. അതിന്റെ ശരിയായ കാര്യങ്ങള്‍ വളരെ വൈകിയാണ് ആളുകള്‍ തിരിച്ചറിഞ്ഞത്. അതാദ്യം നടപ്പാക്കിയപ്പോള്‍ എന്തോ വലിയ സംഭവമാണ്, ഇന്ത്യയെ അതേതൊക്കെയോ ഹൈറ്റില്‍ കൊണ്ടെത്തിക്കും എന്നൊക്കെ തലതല്ലിക്കരഞ്ഞ് പിന്നാലെ പോയവരുണ്ട്. ഇപ്പോഴാണ് പലരും തിരിച്ചറിവിലേക്കെത്തിയത്. ഇത്തരം പേടികളെയും അരക്ഷിതാവസ്ഥയെയും തരണംചെയ്യാന്‍ നമ്മുടെ കലാ-സാംസ്കാരിക മേഖലകളെ സമ്പന്നമാക്കേണ്ടതുണ്ട്.

കേരളം സദാചാരം പറയുമ്പോള്‍
നമ്മുടെ സമൂഹത്തിന്റെ സദാചാരബോധത്തെ അളക്കാന്‍ ഞാനാളല്ല. ഇവിടെ ചര്‍ച്ചചെയ്യുന്ന സ്ത്രീ-പുരുഷ വിഷയങ്ങള്‍ പലപ്പോഴും വഴിതെറ്റുന്നുണ്ടോ എന്ന് സംശയം തോന്നാറുണ്ട്. ഞാന്‍ മനുഷ്യരില്‍ വിശ്വസിക്കുന്നു. അതില്‍ ആണും പെണ്ണും മൂന്നാം ലിംഗവുമൊക്കെയുണ്ട്. പക്ഷേ ഞാന്‍ വിശ്വസിക്കുന്നതാവണമെന്നില്ല ഭൂരിഭാഗവും വരുന്ന സമൂഹം വിശ്വസിക്കുന്നത്. യഥാര്‍ഥത്തില്‍ പുരുഷകേന്ദ്രീകൃത സമൂഹത്തിലാണ് നാം ജീവിക്കുന്നത്. കാലാകാലങ്ങളായി അതങ്ങനെ തന്നെയാണ് നടക്കുന്നത്. അതുകൊണ്ടാണ് ഇവിടെ ഇത്രയും സദാചാര പ്രശ്നങ്ങള്‍ ഉണ്ടാകുന്നത്. രണ്ടോ മൂന്നാ കൊല്ലങ്ങള്‍ക്കിടയില്‍ മോറല്‍ പൊലീസിങ്ങും വര്‍ധിച്ചു. ആണും പെണ്ണും ഒരുമിച്ചിരുന്നാല്‍ അപ്പോള്‍ പ്രശ്നം. അതിനെ ഒറ്റതരത്തില്‍ ഇന്റര്‍പ്രെറ്റ് ചെയ്യാന്‍ മാത്രമേ പലര്‍ക്കും കഴിയുന്നൂള്ളൂ. ലിംഗസമത്വവും നീതിയും ഇല്ലാതാക്കുന്ന തരത്തിലാണ് അവരുടെ ഇടപെടലുകള്‍. തെറ്റായിട്ടുള്ള സദാചാരബോധം സൃഷ്ടിക്കുന്ന തരത്തിലാണ് ഇപ്പോള്‍ കാര്യങ്ങള്‍ പോയിക്കൊണ്ടിരിക്കുന്നത്. വളരെ വൃത്തികെട്ട നിലയിലുള്ള ജന്‍ഡര്‍ അവയര്‍നെസ് ആണ് ആള്‍ക്കാരുടെ തലയില്‍ കേറിക്കൊണ്ടിരിക്കുന്നത്. അത്തരം വൃത്തികെട്ട മോറല്‍ പൊലീസിങ്ങില്‍ എനിക്ക് കടുത്ത അമര്‍ഷം തോന്നിയിട്ടുണ്ട്. അതേക്കുറിച്ച് സെന്‍സിബിള്‍ ആയ രീതിയില്‍ ആലോചിച്ച് കാര്യങ്ങള്‍ ചെയ്യാന്‍ എല്ലാ സംഘടനകള്‍ക്കും പറ്റും. പക്ഷേ അതാരും ചെയ്യുന്നില്ല. പുതിയ തലമുറയെ എങ്കിലും കൃത്യമായി കാര്യങ്ങള്‍ പഠിപ്പിക്കാന്‍ കഴിയണം. ആരോഗ്യകരമായ സൌഹൃദങ്ങളാണ് വേണ്ടത്.
സമരങ്ങളുടെ പാട്ട്
എല്ലാ സമരങ്ങളെയും അനുകൂലിക്കുന്ന ആളല്ല ഞാന്‍. വളരെ കൃത്യമായിട്ടുള്ള, കണ്‍വിന്‍സ് ചെയ്തിട്ടുള്ള വിഷയങ്ങളെ സംബന്ധിക്കുന്ന സമരങ്ങളെ മാത്രമാണ് ഞാന്‍ അഡ്രസ് ചെയ്തിട്ടുള്ളത്. എന്നെ ഇപ്പോള്‍ പലരും തിരിച്ചറിയുന്നത് നില്‍പ്പുസമരത്തില്‍ 'ഇനി വരുന്നൊരു തലമുറയ്ക്ക്...' പാടിയ ആളായിട്ടാണ്. ഞാന്‍ വയനാട്ടില്‍ പഠിക്കാന്‍ പോകുന്നതിന് മുമ്പത്തെ വര്‍ഷമാണ് മുത്തങ്ങ സമരം തുടങ്ങിയത്. കേരളത്തില്‍ 1950കളില്‍ ഇ എം എസ് സര്‍ക്കാരാണ് ഭൂപരിഷ്കരണ ബില്‍ പ്രൊപ്പോസല്‍ ആദ്യംകൊണ്ടുവരുന്നത്. പിന്നത്തെ സര്‍ക്കാര്‍ അത് നടപ്പാക്കി. പക്ഷേ കര്‍ഷകനുപകരം പാട്ടക്കാരന് ലാഭം കിട്ടിയിരുന്ന അന്നത്തെ വ്യവസ്ഥയിലെ ന്യൂനതകള്‍ ഇന്നുവരെ പരിഹരിച്ചിട്ടില്ല. ഇടതുപക്ഷ സര്‍ക്കാരാണ് അന്ന് ഇത്രയും ഫോര്‍വേഡ് ആയിട്ടുള്ള ഒരു ഐഡിയ കൊണ്ടുവന്നത്. ഇന്നും ഇടതുപക്ഷ സര്‍ക്കാരാണ്. അതുകൊണ്ട് തന്നെ ഈ സര്‍ക്കാരിന് അതിലെ ന്യൂനതകള്‍ പരിഹരിക്കാന്‍ കഴിയും എന്ന് ഞാന്‍ ഉറച്ചുവിശ്വസിക്കുന്നു. എല്ലാ ഭൂസമരങ്ങളും അതുവഴി തീര്‍ക്കാവുന്നതാണ്. വലിയ പ്രതീക്ഷ തരുന്ന ഒരു സര്‍ക്കാരില്‍നിന്ന് ഇതൊക്കെ പ്രതീക്ഷിക്കാം എന്നുതന്നെയാണ് എന്റെ വിശ്വാസം.
ചരിത്രം പരിശോധിച്ചാല്‍ സമരമുഖങ്ങളിലെ സംഗീതത്തെ നമുക്ക് അവഗണിക്കാന്‍ കഴിയില്ല. കേരളത്തില്‍ പ്രത്യേകിച്ചും. പ്രതിരോധത്തിന്റെ സംഗീതം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ എക്കാലവും ഉണ്ടായിട്ടുണ്ട്. നമ്മുടെ മേദിനി ചേച്ചിയൊക്കെ അതിന്റെ ഭാഗമാണ്. ആലാപനം കൊണ്ട് ഈ പ്രായത്തിലും നമ്മളെ ആവേശം കൊള്ളിക്കാന്‍ ചേച്ചിക്കു കഴിയുന്നു. അവരുടെ പാട്ടുകള്‍ ഞാന്‍ പാടാന്‍ ശ്രമിക്കാറുണ്ട്. അവരുടെയടുത്തുപോയി പാട്ടുകള്‍ പഠിക്കണമെന്നും കരുതാറുണ്ട്. നമ്മുടെ സ്വകാര്യ അഹങ്കാരം എന്നുപറയുമ്പോലെ സ്വകാര്യ ഇഷ്ടമുണ്ട് എനിക്ക് മേദിനി ചേച്ചിയോട്; ബഹുമാനവും.
ഹാഷ്‌ടാഗില്‍ തീരുന്ന സമരബോധം
സമരങ്ങളെയും നിയമങ്ങളെയും മറ്റും ദുരുപയോഗിക്കുന്ന ഒരു വിഭാഗം ആള്‍ക്കാര്‍ നമുക്കിടയിലുണ്ട്്. അത് കാണുമ്പോള്‍ എനിക്ക് വളരെ അത്ഭുതവും ഇറിറ്റേഷനുമൊക്കെ തോന്നാറുണ്ട്. പല തരത്തിലുള്ള ലാഭത്തിനും ശ്രദ്ധപിടിച്ചുപറ്റാനുമൊക്കെ വേണ്ടിയിട്ട് വളരെ ജനുവിന്‍ ആയിട്ടുള്ള ഒരു കാര്യത്തെ ഇന്റര്‍പ്രെറ്റ് ചെയ്ത് വേറൊരു രീതിയിലാക്കി മാറ്റും. അത്തരം സമരങ്ങളില്‍ പെടാതിരിക്കാന്‍ ഞാന്‍ ശ്രദ്ധിക്കാറുണ്ട്. അങ്ങനെ നടന്നിട്ടുണ്ടെങ്കില്‍ അതിനെക്കുറിച്ചറിയാന്‍ കൃത്യമായ അന്വേഷണങ്ങള്‍ വേണം. ക്യാമ്പയിനിങ്ങിന് വേണ്ടി വെറുതെ ഒരു ക്യാമ്പയിന്‍ തുടങ്ങരുത്. സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ക്യാമ്പയിന്‍ കൊണ്ട് ഇരിക്കാന്‍ പറ്റാത്ത സ്ഥിതിയാണ്. അതേ സമയം നാട്ടിലെ ചില സിറ്റ്വേഷനുകള്‍ വച്ച് അത് വളരെ അത്യാവശ്യവുമാണ്. പക്ഷേ ക്യാമ്പയിനുകള്‍ എവിടെ എത്തുന്നു എന്ന് പലരും അന്വേഷിക്കാറില്ല. പലതിനും ചെറിയ കാലത്തേക്കുള്ള തുടര്‍ച്ച പോലുമുണ്ടാകാറില്ല. വെറുതെ ഒരു പോസ്റ്റ് ഇടുന്നതില്‍ ഒതുങ്ങുകയാണോ അത് എന്നെനിക്ക് സംശയമുണ്ട്. അവരൊരു പോസ്റ്റ് ഇട്ടു. ഞാനും അതിട്ട് ഹാഷ്ടാഗ് ചെയ്താല്‍ എന്റെ ഉത്തരവാദിത്തം അവിടെ തീര്‍ന്നു എന്നായി. അതിനപ്പുറത്തേക്ക് നമ്മുടെ ജീവിതത്തില്‍ എന്തുചെയ്യാന്‍ പറ്റും എന്ന ചിന്തയേ ഇല്ല.

മാധ്യമങ്ങളില്‍ വരുന്ന കാര്യത്തിലേക്കാളുപരി നമ്മുടെ വീട്ടില്‍ നിന്നാണ് അത് തുടങ്ങേണ്ടത്. നമുക്ക് ചുറ്റുമുള്ളവരെല്ലാം മനുഷ്യരാണ്. എവിടെ അനീതി കണ്ടാലും നമുക്കതില്‍ ഇടപെടാന്‍ പറ്റണം. എനിക്ക,് ഞാന്‍ സംസാരിക്കുന്നേയുള്ളൂ, അതിന് വേണ്ടി ഞാന്‍ ഒന്നും ചെയ്തിട്ടില്ല എന്ന് തോന്നിയാല്‍ അത്തരം കാര്യങ്ങളെകുറിച്ച് എഫ്ബിയില്‍ പോസ്റ്റ് ഇടാറില്ല. വലിയ കാര്യങ്ങളൊന്നും ചെയ്തിട്ടില്ലെങ്കിലും ചെറുതെങ്കിലും ചെയ്തെന്ന് നമ്മള്‍ ഉറപ്പുവരുത്തണം. ഫാഷനുവേണ്ടിയോ അറ്റന്‍ഷന്‍ നേടാന്‍വേണ്ടിയോ ആകരുത് അത്. മനസ്സില്‍ നെറി ഉണ്ടെങ്കില്‍ ഒരു പ്രഖ്യാപനങ്ങളുമില്ലാതെ നമുക്ക് കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കും. മിണ്ടാതിരുന്ന് ചെയ്യാന്‍ പറ്റുന്നതും വിളിച്ചുപറഞ്ഞ് ചെയ്യേണ്ട കാര്യങ്ങളും ചെയ്യണം. സ്വകാര്യതയിലിരുന്നുള്ള പോസ്റ്റുകളല്ല ഇടപെടലുകളാണ് വേണ്ടത്.
രസ മ്യൂസിക് ബാന്‍ഡ്
രസ 2016 ഒക്ടോബര്‍ 11ന് പേഗന്‍ ഫെസ്റ്റിലാണ് ലോഞ്ച് ചെയ്തത്. കുറേ വര്‍ഷത്തെ സ്വപ്നങ്ങളാണ് ആ ഗ്രൂപ്പിലൂടെ ഫോം ചെയ്യാന്‍ ശ്രമിക്കുന്നത്. സംഗീതാന്വേഷണത്തിന്റെ ഭാഗമായി പലതരം പരീക്ഷണങ്ങളാണ് അതില്‍ നടത്തുന്നത്. തോറ്റം, തെയ്യം, നാഗപ്പാട്ട് തുടങ്ങി കേരളത്തിലെ മ്യൂസിക് ഫോംസിന് ഗ്ളോബലി ശ്രദ്ധ കിട്ടുന്ന തരത്തിലുള്ള പഠനങ്ങളും അതേസമയം ഏറ്റവും പുതിയ കാലത്തോട് സംവദിക്കുന്ന തരത്തിലുമാണ് അവതരിപ്പിക്കുന്നത്. യുഎഇയിലും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും പതിനൊന്ന് വേദികളില്‍ പരിപാടി അവതരിപ്പിച്ചു. ഇപ്പോഴും ഒരുപാട് സ്വപ്നങ്ങള്‍ ഉണ്ട്.
പഴയ ഭാഷയുടെ ഭംഗിയും മറ്റും പുതിയ തലമുറയില്‍പ്പെട്ടവര്‍ക്ക് മനസസ്സിലാക്കാന്‍ സാധിക്കണമെന്നില്ല. അത് പുതിയ രീതിയിലാണ് അവതരിപ്പിക്കുന്നത്. അതില്‍ യോജിപ്പുകളും വിയോജിപ്പുകളും ഉണ്ടാകാം. എന്നാലും ശ്രമിച്ചുകൊണ്ടേയിരിക്കും. പഠിക്കാന്‍ പറ്റുന്നത് മാക്സിമം പഠിച്ച് അത് പാട്ടില്‍ ഉപയോഗിച്ച് നമ്മുടേതായ ഒരു ശൈലി ഉണ്ടാക്കാന്‍ ശ്രമിക്കുകയാണ്. അന്വേഷണ ത്തിന്റെ ഭാഗം തന്നെയാണ് രസയും. നമ്മള്‍ നേരത്തെ സംസാരിച്ച മാനവികതയും സമത്വവും ഒക്കെയാണ് വേറൊരര്‍ഥത്തില്‍ ഞങ്ങളുടെ ബാന്റ് മുന്നോട്ടുവെക്കുന്നത്.
കാളി നാടകം
സജിത മഠത്തില്‍ എഴുതി ചന്ദ്രദാസ് സംവിധാനം ചെയ്ത നാടകമാണ് കാളി. കൂളി എന്ന കഥാപാത്രത്തെയാണ് ഞാനവതരിപ്പിച്ചത്. മൂന്ന് മാസമാണ് കാളി നാടകത്തിന് വേണ്ടി വര്‍ക്ക്ചെയ്തത്. നല്ല എക്സ്പീരിയന്‍സായിരുന്നു. അതില്‍ നെഗറ്റീവും പൊസിറ്റീവ്സും ഉണ്ടായിരുന്നു. വളരെ കൃത്യമായ കുറേ അറിവുകള്‍ അതില്‍നിന്ന് കിട്ടി. അതിന്റെ പ്രൊഡക്ഷനില്‍ വര്‍ക്ക് ചെയ്യാന്‍ പറ്റി. അസം, ത്രിപുര, മേഘാലയ, സിക്കിം എന്നിവിടങ്ങളില്‍ പോയി. പത്തോളം വേദികളില്‍ ഞാനുമുണ്ടായിരുന്നു. മ്യൂസികില്‍ പാരീസ് ചന്ദ്രന്റെ (ചന്ദ്രന്‍ വെയ്യാട്ടുമ്മേല്‍) കൂടെ വര്‍ക്ക്ചെയ്യാന്‍ പറ്റിയതാണ് ആ നാടകത്തിലെ ഏറ്റവും വലിയ അനുഭവം. അത്രയും ഡെഡിക്കേറ്റഡ് ആയ മ്യുസീഷ്യനെ അധികം കണ്ടിട്ടില്ല. ഒരു വണ്ടര്‍ഫുള്‍ ഹ്യൂമണ്‍ബീയിങ്. ഒരുപാട് ഇന്‍സ്ട്രുമെന്റുകള്‍ വായിക്കും. അത് റെക്കോഡ് ചെയ്യും അതൊക്കെയാണ് പുള്ളിയുടെ ഹോബി. പോളീഷ്ചെയ്ത് പോളീഷ്ചെയ്ത് കൊണ്ടുപോകുന്ന പെര്‍ഫെക്ട് റെക്കോഡുകളാണ് ഇന്നത്തെ കാലത്തെ മ്യൂസിക്കിന്റെ സുഖവും സുഖക്കേടും. ചന്ദ്രേട്ടനൊക്കെ അതിനു വിപരീതമായി വേറൊരു ലവലില്‍ മ്യൂസിക്കിനെ കൈകാര്യം ചെയ്യുന്ന ആളാണ്. ആ മനുഷ്യനൊപ്പം വര്‍ക്കുചെയ്യാന്‍ പറ്റി എന്നതാണ് ആ നാടകം എനിക്കു തന്ന ഏറ്റവും വലിയ സൌഭാഗ്യം.
സ്വപ്‌നം സംഗീതസാന്ദ്രം
സ്വപ്നങ്ങള്‍ തുടങ്ങിയിട്ടേയുള്ളൂ. രസ അതില്‍ ആദ്യത്തേതുമാത്രം. മ്യൂസിക്കില്‍ ഞാന്‍ എക്സൈറ്റഡ് ആണ്. ജീവിതത്തിന്റെ മെയിന്‍ തൂണും അതുതന്നെ. ലോകത്തിലെ വിവിധ മ്യുസീഷ്യന്‍മാരുടെ കൂടെയുള്ള വര്‍ക്കുകളും പല സംഗീത ശാഖകളെ കുറിച്ചുള്ള പഠനങ്ങളും അത്തരത്തിലുള്ള ഓഡിയോ വീഡിയോ പ്രൊഡക്ഷന്‍സും ഒക്കെ ചേരുന്നതാണ് എന്റെ സംഗീത സ്വപ്നം. എല്ലാ സിറ്റ്വേഷന്‍സും തരണംചെയ്യാന്‍ സഹായിച്ച വെപ്പണ്‍ ആണ് മ്യൂസിക് എന്ന് ഞാന്‍ പറയുന്നതും അഹങ്കാരത്തോടെ തന്നെ. ലിവ് ആന്‍ഡ് ലെറ്റ് ലീവ് അതാണ് ജീവിതത്തിന്റെ പ്രത്യയശാസ്ത്രം.
കുടുംബം
പാറശാലയാണ് സ്വദേശമെങ്കിലും കുറേ വര്‍ഷങ്ങളായി എറണാകുളത്ത് അമ്മയോടൊപ്പമാണ്് താമസം. അമ്മ ഗീതയും അച്ഛന്‍ സതീഷും ഹെല്‍ത്ത് സര്‍വീസിലെ ഉദ്യോഗസ്ഥരായിരുന്നു. 2000-ല്‍ ഒരു വാഹനാപകടത്തില്‍ അച്ഛന്‍ മരണപ്പെട്ടു. സഹോദരി രേണു സതീഷ് അബുദാബിയില്‍ കുടുംബസമേതം താമസിക്കുന്നു .
(ദേശാഭിമാനി വാരികയില്‍ നിന്നും)