
.jpg)
നൈറ്റ് ക്ലാസ്, റെമഡിയൽ, റെമഡിയൽ,നൈറ്റ് ക്ലാസ്...
പി ടി എ കൂടുന്നു, സ്കൂൾ മാനേജ്‌മന്റ് കമ്മിറ്റി ചർച്ചകൾ നടത്തുന്നു, അധ്യാപകരും രക്ഷാകർതൃ സംഘടനകളും രണ്ടു തട്ടിൽ നിന്നു തർക്കിക്കുന്നു ..ഇനി എസ് എസ് എൽ സി പരീക്ഷയുടെ വിജയ ശതമാനം മെച്ചപ്പെടുത്താനുള്ള ചെപ്പടി വിദ്യകൾ ആസൂത്രണം ചെയ്യേണ്ടതുണ്ട്. ജനുവരിമാസം കഴിയുന്നല്ലോ !
അക്കാദമിക് പ്ലാൻ പ്രകാരം പഠനപദ്ധതി പഠിപ്പിച്ചു അവസാനിപ്പിക്കേണ്ടത് ഫെബ്രുവരിയിലാണ്. എന്നാൽ ഡിസംബറിൽ പോർഷൻ തീർക്കാൻ ഓരോ അധ്യാപകരും നിര്ബന്ധിതരാണ്. എന്തെന്നാൽ ഒന്നാം തരം മുതൽ പത്താം തരം വരെ പഠിച്ച ഒരു കുട്ടിയുടെ അക്കാദമിക് മികവ് വിലയിരുത്തപ്പെടുന്ന ആദ്യത്തെ അവസരം ഇതാണ്, അവൻ/അവൾ സെക്കണ്ടറി വിദ്യാഭ്യാസം എന്ന കടമ്പ വിടുന്ന ഈ മുഹൂർത്തത്തിൽ മാത്രമാണ് ആ വിദ്യാർത്ഥിയുടെ ഭാഷാ സ്വാധീനം, സാങ്കേതിക നിപുണി എന്നിവ വിലയിരുത്തപ്പെട്ടുന്നത്. പത്താം ക്ലാസ്സിൽ കുട്ടികളുമായി ഇടപെടുന്ന അധ്യാപകർ നടത്തുന്ന ഇടയ്ക്കുള്ള മൂല്യനിര്‍ണയങ്ങൾ പ്രശ്ങ്ങളുടെ ഒരു പണ്ടോറ ബോക്സ് തുറന്നു വയ്ക്കുന്നുണ്ട് വര്‍ഷം തോറും.
ബുദ്ധിക്കോ, ശരീരവളർച്ചയ്‌ക്കോ ഒരു കുറവും ഇല്ലാത്ത കുട്ടികൾ, അക്ഷരം അറിയില്ല , എത്ര ശ്രമിച്ചാലും വായിക്കാനും അക്ഷരത്തെറ്റില്ലാതെ എഴുതാനോ, അടിസ്ഥാന ഗണിതമോ , സൂത്രവാക്യകങ്ങളോ ഓർമയിൽ സൂക്ഷിക്കാനോ എഴുതാനോ കഴിയാത്ത ഭൂരിഭാഗം കുട്ടികളുണ്ട്. അവരെ പഠിപ്പിച്ചെടുക്കുക , ജയിപ്പിക്കുക എന്ന ഒരേ ഒരു ഉദ്ദേശമാകും സ്കൂളിനും അധ്യാപകർക്കും എന്തിനു തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിനും . അവർ കടയ്ക്കൽ കൊണ്ട് വളം ഇടുകയും വെള്ളം ഒഴിയ്ക്കുകയും ചെയ്തുകൊണ്ടേയിരിക്കും.
എന്നിട്ടു സീനിയർ സെക്കന്ററി ഘട്ടത്തിലേക്ക് അൻഫിനിഷ്ഡ് പ്രോഡക്റ്റ് എന്ന് വിളിക്കാവുന്ന മനുഷ്യ സമ്പത്തിനെ നൽകും . അടുത്ത വർഷവും ഇത് തന്നെ നടക്കും. പൊതു വിദ്യാഭ്യാസ സമരകാഹസ്നാന യജ്ഞത്തിന്റെ ശ്രദ്ധ പതിയേണ്ട ഒരു രംഗമാണിത്. ഇവിടെ സംസാരിക്കുന്നതു വികസിത രാഷ്ട്രങ്ങളോട് കിടപിടിക്കുന്ന എന്ന് പറയപ്പെടുന്ന ഒരു സംസ്ഥാനത്തിന്റെ മനുഷ്യവിഭവ ശേഷിയെ , ഈ സമൂഹത്തിന്റെ ഭാവിയെയൊക്കെ സംബന്ധിച്ചാണ്, തികച്ചും ഗൗരവകരമാണ് , തിരുത്തപ്പെടേണ്ടതാണ് ഈ അവസ്ഥ.
ഉന്നത വിദ്യാഭ്യാസ രംഗങ്ങളില്‍ തിരിച്ചടി നേരിടുന്നതായി കാണുകയും ചര്‍ച്ച ആരംഭിക്കുകയും ചെയ്തിട്ടുണ്ടല്ലോ. ഗവേഷണ വിദ്യാര്‍ഥികളില്‍ ഒരുബേസിക് ലാംഗ്വേജ് ടെസ്റ്റ് നടത്തിയാല്‍ അറിയാം മലയാളത്തിലോ ഇംഗ്ലീഷിലോ അക്ഷര, വ്യാകരണ തിരുത്തൽ ഇല്ലാത്ത ഒരു വരിപോലും ഉണ്ടാവില്ല ആ എഴുത്തിൽ എന്ന്‍ . യു ജി സി ഫെല്ലോഷിപ്പ് ലഭിച്ച കുട്ടികളിൽ പോലും ഈ ഒരു അപര്യാപ്തതയുണ്ടെന്നു ഒരു ഗവേഷണ ഗയിഡ് ആയ എനിക്ക് തെളിവോടെ പറയാൻ സാധിക്കും . ഉന്നത വിദ്യാഭ്യാസ മേഖല ഹൈയർ സെക്കന്ററി വിഭാഗത്തെയും അവർ ഹൈസ്കൂൾ അധ്യാപകരെയും , ഹൈസ്കൂൾ അധ്യാപകർ മിഡിൽ സ്കൂൾ അധ്യാപരെയും അവർ പ്രൈമറി സ്കൂൾ അധ്യാപകരെയും പഴിക്കും . അതായത് പന്ത്രണ്ടും ചില്ല്വാനവും വര്ഷം വിവിധ വിഷയങ്ങൾ പഠിക്കുന്ന കുട്ടി എഡ്യൂക്കേറ്റഡ് ആകുന്നില്ല എന്ന് സാരം.
പൊതു വിദ്യാലയങ്ങളിൽ
ഇവിടെ ഏതു തരം കുട്ടികളാണ് വരുന്നത് ? തികച്ചും സാധാരണക്കാരുടെ മക്കൾ ആണ് ഭൂരിഭാഗം അതോടൊപ്പം പൊതു വിദ്യാലയങ്ങളിൽ , അവിടുത്തെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ ഒക്കെ വിശ്വാസമുള്ള നല്ല വിദ്യാഭ്യാസമുള്ള ഒരു ന്യൂന പക്ഷവും കുട്ടികളെ ഇവിടെ ചേർത്ത് പഠിപ്പിക്കും . പൊതു വിദ്യാലയങ്ങളിലെ അധ്യാപകർ പോലും അവരുടെ മക്കളെ സി ബി എസ് സി / ഐ സി എസ് സി സ്ട്രീമിലേക്കോ അല്ലെങ്കിൽ അണ്‍ എയിഡഡ് വിദ്യാലയങ്ങളിലേക്കോ മുന്തിയ ഫീസ് കൊടുത്തു പഠിപ്പിക്കുന്നത് രഹസ്യമല്ലാത്ത ഒരു വസ്തുതയാണ്. അത് എന്തുകൊണ്ട് എന്നത് പൊതുവായി ഉയർന്നു കേൾക്കുന്ന എന്നാൽ ഉത്തരമില്ലാത്ത ഒരു ചോദ്യവും . പലപ്പോഴും ചോദിയ്ക്കാൻ പോലും ആരും മുതിരാറും ഇല്ല .
കര്‍ഷകന്റെ, മത്സ്യത്തൊഴിലാളിയുടെ , ഓട്ടോ ഡ്രൈവറുടെ ചെറുകിട കച്ചവടക്കാരുടെ ഒക്കെ മക്കളെ പഠിപ്പിക്കുന്നത് യോഗ്യതയുള്ള മികച്ച അധ്യാപകരാണ് . നമ്മുടെ പാഠ്യ പ്രക്രിയ ഒന്ന് ശ്രദ്ധിക്കാം . കുട്ടികളെ പ്രകൃതിയിലേക്ക് കൃഷിയിലേക്കു ഒക്കെ മടക്കിക്കൊണ്ടു പോകുന്ന പരിപാടികൾ. ഈ സാധാരണ കുട്ടികൾക്ക് പ്രകൃതിയും കൃഷിയും മണ്ണും മഴയും ഒന്നും അന്യമല്ല. അത് അന്യവത്കരിക്കപ്പെട്ടതും മറ്റും അൺഎയ്ഡഡ് സി ബി എസ് സി / ഐ സി എസ് സി യിൽ പെട്ട കുട്ടികൾക്കല്ലേ ? പൊതു വിദ്യാലയങ്ങളിൽ ഇവ വേണ്ട എന്നല്ല. എന്നാലും പുസ്തകാധിഷ്ഠിതമായ , മൂല്യ നിർണയത്തിന് വിധേയമാക്കാവുന്ന പഠനം അത്യന്താപേക്ഷിതമാണ്. അതിലെ ചില ഘട്ടങ്ങളിൽ അനുയോജ്യമാവും വിധം കൃഷിയും മഴക്കുഴിയും ഒക്കെ ആകാം. എണ്ണാനും കൂട്ടാനും കുറയ്ക്കാനും ഗുണിക്കാനും ഹരിക്കാനും പഠിക്കുന്നത് അധ്യാപകരിൽ നിന്ന് തന്നെയാവട്ടെ. ശാസ്ത്രവും, സാമൂഹ്യ ശാസ്ത്രവും, രാഷ്ട്രതന്ത്രവും ഒക്കെ ഗുരുമുഖങ്ങളിൽ നിന്ന് പഠിക്കയും വിലയിരുത്തപ്പെടും ചെയ്യട്ടെ .
മൂല്യനിര്‍ണയമില്ലാത്ത വിദ്യാഭ്യാസം കുട്ടികളുടെ മാനസിക വികാസത്തെ പരിപോഷിക്കുന്നില്ല എന്നത് കഴിഞ്ഞ കുറെ വര്‍ഷങ്ങളായി നമ്മൾ അനുഭവിച്ചറിഞ്ഞതല്ലേ. ഒന്നാം ക്ലാസ്സു മുതൽ ഒൻപതാം ക്ലാസ്‌വരെ വെറുതെ കൊയ്തില്ലാതെ വിതയ്ക്കുന്ന കർഷകന്റെ മാനസികാവസ്ഥയിലാണ് ഓരോ അധ്യാപകനും. കുട്ടികളുടെ വിജയത്തിന്റെ പരാജയത്തിന്റെ അറിവിന്റെ ഒക്കെ ഉത്തരവാദിത്വം നിരന്തരമായ മൂല്യ നിർണയം എന്നപേരിൽ നടത്തപ്പെടുന്നതിന്റെ ഫാലസി അധ്യാപകരെ അവരുടെ ഉത്തരവാദിത്തങ്ങളിൽ നിന്ന് വലിയ തോതിൽ അറിഞ്ഞും അറിയാതെയും മാറി നില്ക്കാൻ പ്രേരിപ്പിക്കുന്നു .
പരീക്ഷ മാനസിക സംഘർഷം ഉണ്ടാക്കും എന്ന തെറ്റായ വാദഗതി കുട്ടിയുടെ പല തരം പഠന പ്രക്രിയകളെ തടസ്സപ്പെടുത്തുന്നു . എഞ്ചുവടി, സാമാന്യ തത്വങ്ങൾ ,കവിതകൾ സൂത്ര വാക്യങ്ങൾ ഒക്കെ ഹൃദയത്തിലും ബുദ്ധിയിലും ആവർത്തിച്ചുറപ്പിക്കുന്നതു തെറ്റാണു എന്ന് പഠിപ്പിക്കവഴി തലച്ചോറിന്റെ ശരിയായ ഉപയോഗം സാധിക്കാതെ വരുന്നു .ഇത് ഏറെ ബാധിക്കുക തീരെ പാവപ്പെട്ട ഗൃഹാന്തരീക്ഷത്തിൽ നിന്ന് വരുന്ന കുട്ടികളെയാണ്. പ്രത്യേകിച്ച്, പട്ടിക ജാതി പട്ടിക വർഗ്ഗത്തിൽ പെട്ട കുട്ടികൾ, സിംഗിൾ പാരന്റ് കുടുംബങ്ങളിൽ നിന്ന് വരുന്നവർ, അനാഥാലയങ്ങളിലിൽ നിന്നും വെൽഫെയർ ഹോംസിൽ നിന്നും വരുന്നവർ ഒക്കെ വല്ലാതെ പരിമിതപെട്ടുപോകുന്നുണ്ട്, ഇപ്പോഴത്തെ പഠന പ്രക്രിയയിൽ.
വിദ്യാഭ്യാസം സർവ്വതോൻമുഖമായ വികസനം എന്ന് ആവർത്തിച്ചു പറയുമ്പോൾ എഴുതാനും വായിക്കാനും കണക്കുകൂട്ടാനും വിഷയങ്ങളെ സംഗ്രഹിക്കാനും, ലോജിക്കൽ ആയി ചിന്തിക്കാനും ഒക്കെ നല്ലൊരു പ്രായം വരെ ചിട്ടയായ പരിശീലനം ആവശ്യമുണ്ട്. ഇത് അത്തരം വിദ്യാർത്ഥികൾക്ക് വിദ്യാലയത്തിൽ നിന്നും അധ്യാപകരിൽ നിന്നും മാത്രമേ ലഭിക്കുകയുള്ളൂ. ക്ലാസ്സുമുറിയിലെ ചിട്ടയായ പഠനം, പഠനത്തിന്റെ പരീക്ഷയിലൂടെയുള്ള വിലയിരുത്തൽ , ഒക്കെ അനിവാര്യമാണ്. അവർക്കു വായിക്കാനും പഠിക്കാനും ഉള്ള സാഹചര്യം തുലോം കുറവാണ് ഗൃഹാന്തരീക്ഷത്തിൽ എന്നതും പ്രോത്സാഹനവും വിഭവങ്ങളുടെ ലഭ്യതയും പഠനത്തിന് അനുപേക്ഷണീയമാണ് എന്നതും കണക്കിലെടുക്കേണ്ടിയിരിക്കുന്നു. വ്യക്തിത്വ വികസനം ഒരു കുറുക്കു വഴിയല്ല. അറിവിനും മറ്റു നൈപുണികൾക്കും ഇതിൽ ഒരു പങ്കുണ്ട് എന്ന് സമ്മതിക്കുമല്ലോ.
സ്കൂൾ കാലഘട്ടം കഴിഞ്ഞാൽ ടെക്നിക്കൽ , പ്രൊഫഷണൽ വിദ്യാഭ്യാസ മേഖലയിൽ പോലും ഫിനിഷിങ് സ്കൂൾ എന്ന് പറഞ്ഞു സംസ്ഥാന കേന്ദ്ര സർക്കാരുകൾ ചിലവാക്കുന്ന പണം ഒരു നല്ല ശതമാനം ലാഭിക്കാം .
പരീക്ഷകളുടെ പ്രസക്തി
പരീക്ഷകളെ നമ്മൾ വല്ലാതെ ഡി ഗ്ലാമറൈസ് ചെയ്തിട്ട് ഏറെ നാളായി. കുട്ടികളിൽ മാനസിക സംഘർഷം ഉണ്ടാക്കും എന്നും മറ്റുമുള്ള വാദഗതികൾ ഒക്കെ പറഞ്ഞാണ് ഇത്തരം ഒരു അവസ്ഥാവിശേഷം ഉണ്ടാക്കിയെടുത്തതു. ഇതേ വഴിക്കു പോയ എൻസിഇആർടി , പരീക്ഷയും കാലോചിത വിലയിരുത്തലുകളും ഒക്കെ തിരിച്ചു കൊണ്ടുവന്നു കഴിഞ്ഞു, തുടര്‍ മൂല്യനിര്‍ണയം, പ്രൊജെക്ടുകൾ എന്നിവ ഒരു കൺകെട്ട് വിദ്യ മാത്രമാണ്. അത് കുട്ടികൾ ഗൗരവമായി ചെയ്യുന്നില്ല , അവരെ ചെയ്യിക്കുന്നില്ല, അത് കൃത്യമായി മൂല്യനിർണയത്തിനു വിധേയമാക്കപ്പടുന്നില്ല , അതിൽ നിന്ന് ഉണ്ടാകുന്നതു അറിവ് വർദ്ധിക്കലല്ല പ്രത്യുത , ചുളുവിൽ കിട്ടുന്ന ചില മാർക്കുകളായി മാത്രം അവയെ കാണാൻ കുട്ടികൾ പ്രേരിപ്പിക്കപ്പെടുന്നു.
അൺഎയിഡഡ് മേഖലയിലെ സ്കൂളുകളിൽ അധ്യാപകരുടെ നിലവാരം പൊതു വിദ്യാലയങ്ങളിൽ ഉള്ളവരോട് കിടപിടിക്കത്തക്കതല്ല എന്നിരിക്കിലും കുറച്ചുകൂടെ ചിട്ടയായ ഒരു പഠന രീതി അവിടെ ഉണ്ട്. കൃത്യമായ മൂല്യ നിർണയം , കൃത്യമായ ക്ലാസുകൾ ഒക്കെ നല്ലൊരു പരിധിവരെ അവർ ഉറപ്പാക്കും. അത് അവരുടെ നിലനിൽപ്പിന്റെ കൂടി ഭാഗമാണ്. ഭാരിച്ച ഫീസുണ്ടെങ്കിലും തീരെ ദരിദ്ര സാഹചര്യങ്ങളിൽ ഉള്ളവരെ പോലും ആകർഷിക്കാൻ തക്ക ചാതുര്യം രണ്ടു കുട്ടികളിൽ ഒരാൾക്ക് ഫീ ഇളവ്, ചിലർക്ക് സ്കൂൾ ബസ്സിൽ ഫ്രീ യാത്ര, എന്നിങ്ങനെ പലതും അവിടെ ലഭ്യമാക്കുന്നുണ്ട്. ഇടപെടലുകളും കുറച്ചുകൂടെ ഹൃദ്യമാക്കാനും മനപ്പൂർവ്വമായ ശ്രമം ഉണ്ടാകാറുണ്ട്. എയ്ഡഡ് സ്കൂളുകളിലും ഇടപെടലുകൾ പൊതു വിദ്യാലയങ്ങളെ അപേക്ഷിച്ചു മെച്ചപ്പെടലുകൾ ഉണ്ട്. തിരുവനന്തപുരത്തെ ഏറ്റവും മികച്ച സ്കൂളുകളിൽ ഒന്നായി എണ്ണിപോന്നിരുന്ന കോട്ടൺ ഹിൽ സ്കൂളിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന ഡിവിഷൻ ഫാൾ ഒരു പ്രത്യേക പഠനത്തിന് വിധേയമാക്കെണ്ടതുണ്ട് , ഒപ്പം പരിസരത്തെ അൺഎയിഡഡ് സ്കൂളിന്റെ സർവ്വതോൻമുഖമായ വികസനവും. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഗുണം കൃത്യമായി മുതലാക്കാത്ത ഒരു വിദ്യാലയമാണ് പരാമർശവിധേയമായ വിദ്യാലയം.
കാലം ചെല്ലുംതോറും മനുഷ്യന്റെ ബൌദ്ധിക ശേഷി വർധിക്കുന്നുണ്ട്. അത് കണക്കിലെടുക്കാതെയാണ് പഠനത്തെ സംബന്ധിച്ചുള്ള കരിക്കുലം / പരീക്ഷാ രീതി ചർച്ചകൾ പുരോഗമിക്കുന്നത്. ഒരു പരീക്ഷ കുട്ടിയുടെ വിവിധ ശേഷികൾ മാത്രമല്ല പരിശോധിക്കുക. ആ കുട്ടിയെ പഠിപ്പിച്ച അധ്യാപകന്റെ മികവ് , അറിവ്, സംവേദന ശേഷി, നൈപുണ്യം എന്നിവകൂടെയാണ് . ഇന്ന് അത്തരം ഒരു വിലയിരുത്തൽ നടക്കുന്നത് പത്താം തരത്തിൽ മാത്രമാണ് , ഒന്നാം തരം മുതൽ ഒൻപതാം തരം വരെ പഠിച്ചതും പഠിപ്പിക്കപ്പെട്ടതും വിലയിരുത്തപ്പെടുന്നത് ഇവിടെയാണ്. ഈ വിലയിരുത്തൽ നടക്കുന്നതിനു വളരെ മുൻപ് തന്നെ പ്രത്യകിച്ചും പ്രയത്നമൊന്നും തന്നെയില്ലാതെ ജയം ലഭിച്ചുകൊണ്ടേ ഇരിക്കുന്നതിനാൽ അവസാന പരീക്ഷയ്ക്കായി തയ്യാറാവുന്ന ഒരു വര്‍ഷം അധ്യാപകർക്കും കുട്ടികൾക്കും ഒരുപോലെ സംഘർഷഭരിതമായിരിക്കും. പൊതുവെ ഏതു സാഹചര്യത്തിലും മികവ് പ്രകടിപ്പിക്കുന്ന ഒരു ന്യൂനപക്ഷവും പല തരത്തിലെ പരിമിതികൾ ഉള്ള ഭൂരിപക്ഷവുമാവും അധ്യാപകരുടെ മുന്നിൽ . നിയതമായ ഒരു രീതിയിലൂടെ എല്ലാവരുടെയും ആവശ്യങ്ങൾ മനസിലാക്കി ഒരു അധ്യാപനം നടത്താൻ അവർക്കു.സാധിക്കില്ല. മികവ് എന്നതിലേറെ വിജയ ശതമാനം മെച്ചപ്പെടുത്തുകയോ മറ്റോ ആവും അവരുടെ മുന്നിലുള്ള പ്രാഥമിക ലക്‌ഷ്യം.
എന്നാലോ ഈ ലക്‌ഷ്യം സുസാധ്യമാണ് താനും. അക്ഷരം എഴുതാനും വായിക്കാനുമറിയാത്ത കുട്ടികൾ ഇന്ന് പത്താം ക്ലാസിലിരുന്ന് പഠിക്കുന്നു. മൂല്യ നിർണയത്തിൽ ഒരു വിഷയത്തിന് പത്ത് മാർക്ക് വെച്ച് ഓരോ വിഷയത്തിനും അവരുടെ സ്വന്തം അധ്യാപകർക്ക് നൽകാം(തുടർച്ചയായ മൂല്യനിർണ്ണയ മാർക്ക്(C E Mark)...... നൂറു ശതമാനം വിജയം ആഗ്രഹിക്കുന്ന എല്ലാ സ്കൂളുകളും ആ മാർക്ക് ഒട്ടും കുറയാതെ ഈ കുട്ടികൾക്ക് നൽകുന്നു പിന്നെ ജയിക്കാൻ അഞ്ച് മാർക്ക് മതി ഇന്നത്തെ മൂല്യനിർണ്ണയ രീതി വെച്ച് ക്വസ്റ്റ്യൻ എഴുതി വെച്ചാൽ പോലും പത്ത് മാർക്കും ഈ കുട്ടികൾക്ക് കിട്ടും. വിജയശതമാനം നൂറു ശതമാനം ആക്കാനുള്ള വ്യഗ്രതയിൽ മികച്ച തലച്ചോറുകളെ വേണ്ടവിധം പരിപോഷിപ്പിക്കാതെ എളുപ്പ വഴിയിലൂടെ വിജയിക്കാൻ മാത്രം പരിശീലിപ്പിക്കപ്പെടുന്ന അവർ ജീവിതത്തിന്റെ മറ്റു പരീക്ഷകളിൽ പരാജയപ്പെടാറാണ് പതിവ് .ഗ്രേഡ് മാർക്കും C E മാർക്കും എപ്ലസ് തീരുമാനിക്കാൻ വേണ്ടി ഉപയോഗിക്കപ്പെടുന്നത് മറ്റൊരു അനാരോഗ്യകരമായ രീതിയാണ് .കലോത്സവ മത്സരങ്ങളുടെ പ്രഹസങ്ങൾ പൊതുജന മധ്യത്തിൽ അനാവൃതമാണ്. ഒരു കോഴ്‌സിന് അഡ്മിഷൻ ലഭിക്കുമ്പോൾ അതിനു ഒരു വെയിറ്റേജ് നൽകുന്നത് അഭികാമ്യമാണ്. ആ സാഹചര്യത്തിൽ യോഗ്യതയുള്ള, കഴിവുള്ള കുട്ടികൾ മാത്രം ഇത്തരം മത്സരങ്ങളിൽ പങ്കെടുന്ന അവസ്ഥയുണ്ടായി വരും. JRC, SPC ,NSS, NCC, Scout and guide തുടങ്ങിയ ഇനങ്ങൾക്ക് ഗ്രേസ് മാർക്ക് നൽകുന്നു അത് കുട്ടികളുടെ മാർക്കിനോട് ചേർത്ത് എപ്ലസ് ഇല്ലാത്ത വിഷയങ്ങൾക്ക് എപ്ലസ് നൽകുന്ന സാഹചര്യങ്ങൾ ഒഴിവാക്കി മൂല്യ നിർണയം യുക്തിയുക്തമാക്കുന്നതാവും ഉചിതം
മൂല്യനിർണയം ഇങ്ങനെ ആയാലോ ?
ഒന്ന് മുതൽ ഒൻപതു വരെയും പതിനൊന്നും ക്ലാസ്സിലേക്കുള്ള ഒരു മൂല്യനിര്ണയപദ്ധതി പുനഃക്രമീകരിക്കുന്നതു ഈവിധമായാലോ ? പൊതു വിദ്യാഭ്യാസ സംരക്ഷണ പദ്ധതിപ്രകാരം ഒന്ന് മുതൽ പന്ത്രണ്ടു വരെ കുട്ടികൾ ആർജ്ജിക്കേണ്ട നൈപുണ്യങ്ങൾ , അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കപ്പെട്ടവ നേടി എന്നുറപ്പു വരുത്തണം എന്ന് നിഷ്കർഷിക്കുന്നു എങ്കിലും അതിനു വേണ്ട തയ്യാറെടുപ്പുകൾ ഇതുവരെ നടപ്പായിട്ടില്ല. നിരന്തര മൂല്യനിര്‍ണയം എന്നതിലേറെ, വർഷാന്ത്യത്തിൽ മൂല്യനിർണയത്തെ ക്ലാസ്സു കയറ്റത്തിനുള്ള മാനദണ്ഡമായി കണക്കാക്കേണ്ടിയിരിക്കുന്നു. അതിനുള്ള നയരൂപീകരണവും നിർദേശങ്ങളും അത്യാവശ്യമാണ്.
മൂല്യനിർണയം എന്നാൽ പതിവുപോലെ മാർച്ചു മാസത്തിലല്ല നടത്തേണ്ടത്, ഡിസംബറിലാണ്. അങ്ങനെ ചെയ്യുന്നതിന്റെ സാംഗത്യം ഇപ്രകാരമാണ് . പഠന വിഷയത്തിൽ ഉള്ള ആശയ ദൃഢത , സമാനമായി ആർജിക്കില്ല കുട്ടികൾ. ഭാഷയിലും , കണക്കിലും , സയൻസിലും സാമൂഹ്യ ശാസ്ത്രത്തിലും അവർ നേടിയ അവഗാഹം അളക്കുകയും കുട്ടികളെ അതിനു അനുസരിച്ചു തരം തിരിക്കയും റെമഡിയൽ ക്ലാസുകൾ നൽകുകയും ചെയ്യാൻ അധ്യാപകർക്ക് ഒരു അവസരം ലഭിക്കും. ഇതിനുവേണ്ടി പാഠ്യ പദ്ധിതി പുനഃക്രമീകരിക്കേണ്ടി വരും. കുട്ടികൾക്ക് പരിമിതിയുള്ള വിഷയങ്ങളിൽ മുൻകൂട്ടി തയ്യാറാക്കപ്പെട്ട കൊസ്ട്യൻ ബാങ്കിൽ നിന്നുള്ള ചോദ്യക്കടലാസുകൾ ഉപയോഗിച്ച് വിലയിരുത്തലുകൾ നടത്താവുന്നതാണ്. തീർച്ചയായും ഇത്തരം വിലയിരുത്തലുകൾ മികച്ച ഒരു തലമുറയെ വാർത്തെടുക്കാൻ അധ്യാപകരെ സഹായിക്കുമെന്നതിൽ തർക്കമില്ല. ഇത്തരത്തിൽ ഒന്നാം തരം മുതൽ പഠിച്ചു വരുന്ന കുട്ടികൾ ഹൈസ്കൂൾ, ഹയർ സെക്കന്ററി തലങ്ങളിൽ എത്തുമ്പോൾ അവരെ കാത്തിരിക്കുന്ന അവസ്ഥ ഇന്നത്തെ കുട്ടികളും അധ്യാപകരും അനുഭവിക്കുന്ന തികച്ചും നിരാശാജനകമായ ഒന്നായിരിക്കില്ല തന്നെ .