
ഐക്യരാഷ്‌ട്രസഭാകേന്ദ്രം > പെൺകുട്ടികളുടെ ബാഹ്യലൈംഗികാവയവം ഛേദിക്കുന്ന ദുഷ്‌പ്രവൃത്തിക്ക് (ചേലാകർമം) 2030 ഓടെ ലോകത്തെ 6.8 കോടി പെൺകുട്ടികൾ വിധേയരാകുമെന്ന് ഐക്യരാഷ്‌ട്രസഭയുടെ മുന്നറിയിപ്പ്. മൂന്ന് ഭൂഖണ്ഡത്തിലെ 30 രാജ്യത്തുനിന്നുള്ള സ്ത്രീകളും പെൺകുട്ടികളുമടക്കം 20 കോടി പേർ ചേലാകർമത്തിന് വിധേയരായിട്ടുണ്ടെന്നും യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്റെസ് ചൂണ്ടിക്കാട്ടി. സ്ത്രീലൈംഗികാവയങ്ങൾക്ക് അംഗഭംഗംവരുത്തുന്നതിനെതിരായ ബോധവൽക്കരണത്തിന്റെ ഭാഗമായുള്ള അന്താരാഷ്ട്രദിനാചരണത്തിന്റെ ഭാഗമായി ഇറക്കിയ പ്രസ്താവനയിലാണ് അദ്ദേഹം ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
പ്രതിവർഷം 39 ലക്ഷം പെൺകുട്ടികൾ ചേലാകർമത്തിന് വിധേയരാകുന്നുവെന്നാണ് യുഎൻ ജനസംഖ്യ ഏജൻസി റിപ്പോർട്ട്. ജനസംഖ്യ ഉയരുന്നതിനാൽ ചേലാകർമത്തിനിരയാകുന്ന പെൺകുട്ടികളുടെ എണ്ണം 2030 ഓടെ 46 ലക്ഷമായി ഉയരുമെന്നും ഇതു തടയാൻ മുൻകരുതൽ നടപടി സ്വീകരിക്കണമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 2030 ഓടെ ചേലാകർമമെന്ന ദുഷ്ചെയ്തി ലോകത്തുനിന്ന് തുടച്ചുനീക്കാൻ ഉറച്ച രാഷ്ട്രീയ ഇച്ഛാശക്തിയോടെയുള്ള നിലപാട് രാഷ്ട്രങ്ങൾ സ്വീകരിക്കണമെന്നും യുഎൻ ചൂണ്ടിക്കാട്ടി. ആഫ്രിക്ക, ഏഷ്യ, ഗൾഫ് മേഖല രാഷ്ട്രങ്ങളിലാണ് ആചാരാനുഷ്ഠാനങ്ങളുടേ പേരിൽ ചേലാകർമം കൂടുതലായി നടക്കുന്നത്്.