കാൺപുർ > അണ്ടർ 23 ദേശീയ ഏകദിന ക്രിക്കറ്റ് ലീഗിൽ കേരളം സെമിയിൽ. ക്വാർട്ടറിൽ രാജസ്ഥാനെ കേരളം 18 റണ്ണിന് തോൽപ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത കേരളം എട്ടുവിക്കറ്റ് നഷ്ടപ്പെടുത്തി നിശ്ചിത 50 ഓവറിൽ 246 റണ്ണെടുത്തു. രാജസ്ഥാൻ 48.2 ഓവറിൽ 228 റണ്ണിന് പുറത്തായി. 11ന് ബംഗാളുമായാണ് കേരളത്തിന് സെമി.
84 റണ്ണെടുത്ത ഡാരിൽ എസ് ഫെരാരിയോയുടെയും 42 റണ്ണെടുത്ത ക്യാപ്റ്റൻ സൽമാൻ നിസാറിന്റെയും മികവിലാണ് കേരളം 246 റണ്ണെടുത്തത്. ഓപ്പണർ രാഹുൽ എസ് കുന്നുമ്മൽ 40 റണ്ണെടുത്തു. അവസാന 10 ഓവറിൽ അഞ്ചുവിക്കറ്റ് നഷ്ടമായത് കേരളത്തിന് വൻ സ്കോറിലേക്ക് കുതിക്കുന്നതിൽ തടസ്സമായി. മറുപടിയിൽ ഒന്നാംവിക്കറ്റിൽ രാജസ്ഥാൻ 140 റണ്ണെടുത്തു. എം എൻ സിങ്ങും (60) അഭിജീത് തോമറു(75)മാണ് മികച്ച തുടക്കംനൽകിയത്. പിന്നീട് രാജസ്ഥാൻ തളർന്നു. ഫാബിദ് അഹമ്മദും ഫാനൂസും ചേർന്ന് മധ്യനിരയെയും വാലറ്റത്തെയും എറിഞ്ഞിട്ടു. ഫാബിദ് മൂന്നും ഫാനൂസ് രണ്ടും വിക്കറ്റെടുത്തു.